ചാത്തന്നൂർ: മൈലക്കാട് ഫ്ലൈ ഓവർ നിർമ്മാണത്തിനായി കോൺക്രീറ്റ് ചെയ്ത രണ്ട് ഗർഡറുകൾ തകർന്നു. കഴിഞ്ഞ ദിവസം ദൃശ്യങ്ങൾ സഹിതം പുറത്തുവന്നതിന് പുറമേ മറ്റൊരു ഗർഡറും കേബിളുകൾ ഉള്ളിൽ കടത്തിയുള്ള ബലപരിശോധനയിൽ തകർന്നു. ഇതോടെ മൈലക്കാട് ഫ്ലൈ ഓവറിന്റെ പൂർത്തീകരണം രണ്ട് മാസമെങ്കിലും നീളും.
കഴിഞ്ഞ തിങ്കളാഴ്ച ബലപരിശോധന നടക്കുന്നതിനിടെ ഒരു ഗർഡർ മദ്ധ്യഭാഗം കൊണ്ട് പൊട്ടിത്തകരുന്നതിന്റെ ദൃശ്യമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. അതിന് പുറമേ രണ്ടാമതൊരു ഗർഡറിന്റെ മദ്ധ്യഭാഗത്ത് വലിയ വിള്ളൽ വീണു. നേരത്തെയുണ്ടായിരുന്ന ഉയരപ്പാത തകർന്നതോടെ നാല് സ്പാനുകൾ കൂടി അധികമുള്ള ഫ്ലൈ ഓവറാണ് മൈലക്കാട് നിർമ്മാണത്തിലുള്ളത്. ആകെ 32 ഗർഡറുകളാണ് വേണ്ടത്. അതിൽ 18 എണ്ണം ഇതുവരെ സ്ഥാപിച്ചു. സ്ഥാപിക്കുന്നതിന് മുന്നോടിയായുള്ള ബല പരിശോധനയിലാണ് രണ്ടെണ്ണം തകർന്നത്. അതിന് പകരം രണ്ടെണ്ണം പുതുതായി നിർമ്മിക്കണം. കോൺക്രീറ്റ് കഴിഞ്ഞ് 28 ദിസവസത്തിന് ശേഷമേ സ്ഥാപിക്കാനാകൂ. ഇതുവരെ പുതിയ ഗർഡർ നിർമ്മാണത്തിനുള്ള ശ്രമം തുടങ്ങിയിട്ടില്ല. ഒക്ടോബറിൽ മൈലക്കാട് ഫ്ലൈ ഓവർ പൂർത്തിയാകുമെന്നായിരുന്നു നേരത്തെയുള്ള പ്രതീക്ഷ.
നേരത്തെയുള്ള ഉയരപ്പാത തകർന്നതിന്റെ ഭാഗമായുള്ള കടുത്ത നടപടികളിൽ നിന്ന് ഒഴിവാക്കാൻ കരാർ കമ്പനി സ്വന്തം ചെലവിലാണ് മൈലക്കാട് ഫ്ലൈ ഓവർ നിർമ്മിക്കുന്നത്. ഗർഡറുകൾ തമ്മിൽ കോൺക്രീറ്റ് ചെയ്ത് ബന്ധിപ്പിക്കൽ (ക്രോസ് ബ്രേസിംഗ്), ഗർഡറുകളും തൂണുകളും ചേരുന്ന ഭാഗം ബലപ്പെടുത്തൽ തുടങ്ങിയ പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്.
വിദഗ്ദ്ധ സംഘത്തിന്റെ പരിശോധന
ഗർഡറുകൾ തകർന്നതിനെ തുടർന്ന് എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന തുടങ്ങി. തൂണുകളും ഗർഡറുകളും തമ്മിൽ ബന്ധിപ്പിക്കുന്ന ബെയറിംഗ് ശരിയാണോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. കൂടുതൽ പരിശോധനയ്ക്കായി വിദഗ്ദ്ധരുടെ സംഘം എത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |