SignIn
Kerala Kaumudi Online
Monday, 28 September 2026 4.55 AM IST

ജില്ലയിലും ഫംഗസ് രോഗം: മഞ്ഞളും ഇഞ്ചിയും നെല്ലും കരിയുന്നു

nelpadam

എഴുകോൺ: ജില്ലയിൽ കാർഷിക വിളകളെ ബാധിച്ച ഫംഗസ് രോഗം കർഷകരെ പ്രതിസന്ധിയിലാക്കി. മഞ്ഞൾ, ഇഞ്ചി, നെല്ല് വിളകളിലാണ് രോഗബാധ കൂടുതൽ. കാർഷിക വിജ്ഞാന കേന്ദ്രം പ്രതിവിധികൾ നിർദേശിക്കുന്നുണ്ടെങ്കിലും രോഗം പൂർണമായി നിയന്ത്രിക്കാൻ കഴിയാത്തത് കർഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ വർഷം ജില്ലയിലെ ഇഞ്ചി കർഷകർക്കാണ് വൻ നഷ്ടം നേരിട്ടത്. മഞ്ഞളിനും സ്ഥിതി സമാനമായിരുന്നു. ഇത്തവണ രോഗബാധ താരതമ്യേന കുറവാണെങ്കിലും വിളനഷ്ടം പൂർണമായി ഒഴിവാക്കാൻ കഴിഞ്ഞിട്ടില്ല. ഇല കരിച്ചിൽ, ഇലപ്പുള്ളി, മൂട് ചീയൽ എന്നിവയാണ് പ്രധാനമായും കാണുന്നത്. വിത്ത് പരിപാലനത്തിലെ വീഴ്ചയും കാലാവസ്ഥാ വ്യതിയാനവുമാണ് പ്രധാന കാരണമെന്ന് കൃഷി വിജ്ഞാന കേന്ദ്രം അധികൃതർ പറയുന്നു.

സാധാരണ ഏപ്രിൽ-മേയ് മാസങ്ങളിലാണ് കൃഷി ആരംഭിക്കുന്നത്. രണ്ട് മൺസൂൺ കാലാവസ്ഥയാണ് ഈ വിളകൾക്ക് ലഭിക്കുന്നത്. ഇടവിട്ടുള്ള മഴ, വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥ, മൂടിക്കെട്ടിയ അന്തരീക്ഷം എന്നിവ ഫംഗസ് വളർച്ചയ്ക്ക് അനുകൂലമാണ്.

നെല്ലിലെ ഫംഗസ് ബാധ കരീപ്ര ഉൾപ്പെടെയുള്ള പാടശേഖരങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വലിയ തോതിൽ നെൽകൃഷി ചെയ്യുന്ന തലവൂർക്കോണം സ്വദേശികളായ ശിവപ്രസാദ്, ചന്ദ്രശേഖരൻ പിള്ള എന്നിവരുടെ പാടശേഖരങ്ങളിൽ രോഗബാധ രൂക്ഷമാണ്. 30-ലധികം വിത്തിനങ്ങളാണ് ശിവപ്രസാദ് കൃഷി ചെയ്യുന്നത്.

പ്രതിരോധമാണ് പ്രധാനം

 ഇഞ്ചിയിലെ കിഴങ്ങുചീയലിന് കാരണം ഫൈറ്റോഫ്‌ത്തോറ, പൈത്തിയം ഫംഗസുകൾ

 മഞ്ഞളിലെ ഇലപ്പുള്ളിക്ക് പൈറിക്കുലേറിയ, ഫൈലോസ്റ്റിക്റ്റ ഫംഗസുകളാണ് കാരണം

 പൈത്തിയം അഫാനിഡെർമാറ്റം എന്ന കുമിളും പുതുതായി കണ്ടെത്തിയ പൈത്തിയം ഡെലിയൻസി (ജലപൂപ്പൽ) ഫംഗസും ഇഞ്ചി-മഞ്ഞൾ കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്

 രോഗം വരാതിരിക്കാൻ നടീൽ സമയം മുതൽ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങണം

 പലപ്പോഴും രോഗം വന്നശേഷമാണ് പരിഹാരം തേടുന്നത്

രോഗബാധ പഠിക്കാൻ ജില്ലയിൽ വിവിധ ബ്ലോക്കുകളിലായി പത്തിടത്ത് ഇഞ്ചിയുടെ പ്രദർശന കൃഷി ഒരുക്കിയിട്ടുണ്ട്. ആതിര, വരദ ഇനങ്ങളാണ് കൃഷി ചെയ്തിരിക്കുന്നത്. മഞ്ഞൾ കർഷകർ കൂടുതലായി പ്രതിഭ, മാരൻ ഇനങ്ങളാണ് ഉപയോഗിക്കുന്നത്.

കൃഷി വിജ്ഞാന കേന്ദ്രം അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL