
പൊൻകുന്നം: നല്ല മിനുസമുള്ള റോഡാണ്. പിന്നെ കണ്ട ഭാവമില്ല. മരണ വേഗതയാണ്. ആപത്ത് സംഭവിച്ച ശേഷമാകും കെണി തിരിച്ചറിയുക. അപ്പോൾ എല്ലാം അവസാനിച്ചിട്ടുണ്ടാവും! പൊൻകുന്നം-പാലാ റോഡിൽ നിത്യേനയുണ്ടാകുന്ന അപകടങ്ങൾ കണ്ട് നാട്ടുകാരുടെ മനസ് മടുത്തെന്ന് പറയാം. എത്രയെത്ര മരണങ്ങൾ. ജീവശവമായി കഴിയുന്ന ഒരുപിടി ജന്മങ്ങൾ....
റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയ്ക്കൊപ്പം വാഹനങ്ങളുടെ അമിതവേഗത കൂടിയാകുമ്പോൾ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പൊൻകുന്നം പാലാ റോഡ് യാത്രക്കാർക്ക് എന്നെന്നും പേടിസ്വപ്നമാണ്. ഇന്നലെ രാവിലെ രോഗിയുമായി വന്ന ആംബുലൻസ് അട്ടിക്കൽ ജംഗ്ഷന് സമീപം വീടിനള്ളിലേക്ക് ഇടിച്ചുകയറിയതാണ് ഒടുവിലത്തെ സംഭവം. വീടിനുളളിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടെങ്കിലും ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. കഴിഞ്ഞയാഴ്ച വഞ്ചിമല കവലയിൽ രോഗിയെ ഇറക്കിയതിനുശേഷം മടങ്ങുകയായിരുന്ന ആംബുലൻസ് റോഡിൽ തെന്നിറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റിരുന്നു. അന്നുതന്നെ പൊൻകുന്നം കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം നിറുത്തിയിട്ടിരുന്ന കാറിൽ പിക്കപ് വാനിടിച്ചും അപകടം സംഭവിച്ചു.
അലൈൻമെന്റിൽ അപാകതകളേറെ
പാത അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച ശേഷമാണ് അപകടങ്ങളേറെയും. റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത സംബന്ധിച്ചും പരാതികളുണ്ട്. വളവുകളും ഇറക്കങ്ങളും നിലനിർത്തി തന്നെയാണ് പാത പുനർനിർമ്മിച്ചതെന്നും അലൈൻമെന്റിൽ അപാകതയുണ്ടെന്നുമായിരുന്നു പ്രധാന ആരോപണം. വേഗതാ നിയന്ത്രണത്തിനുള്ള സംവിധാനം ഒരിടത്തുമില്ല. രക്ഷാപ്രവർത്തനം നടത്താൻ വഴിവിളക്കുകളുടെ സഹായവുമില്ല. പി.പി.റോഡിൽ നാനൂറിലേറെ സോളാർ വഴിവിളക്കുകൾ പ്രവർത്തനരഹിതമാണ്. വിളക്കുകൾ തെളിക്കുന്ന കാര്യത്തിൽ കെ.എസ്.ടി.പിയും പൊതുമരാമത്ത് വകുപ്പും തമ്മിൽ തർക്കമുണ്ട്.
ശബരിമല സീസൺ കാലത്ത് പാതയിൽ തീർത്ഥാടകരുടെ വൻതിരക്ക്
ആവശ്യത്തിന് ദിശാസൂചക ബോർഡുകളും മുന്നറിയിപ്പ് ബോർഡുകളുമില്ല.
പലയിടങ്ങളിലും സീബ്രാലൈനുകൾ മാഞ്ഞുപോയ നിലയിൽ
ചപ്പുചവറുകൾ നിറഞ്ഞു
ഓടകളിൽ ചപ്പുചവറുകൾ നിറഞ്ഞ അവസ്ഥയുണ്ട്. മഴ പെയ്താൽ റോഡ് നിറഞ്ഞാണ് വെള്ളം ഒഴുകുന്നത്. റോഡിനിരുവശവും കാട് വളർന്നു. ഡ്രൈവർമാരുടെ കണ്ണുമറയ്ക്കുന്നവിധം ചിലയിടങ്ങളിൽ കാടും മരച്ചില്ലകളും റോഡിലേക്ക് ചാഞ്ഞുനിൽക്കുന്നതും ഭീഷണിയാണ്.
അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച ശേഷം: 60 ലേറെ മരണം
2023ൽ മാത്രം: 8 മരണം
ആകെ ദൂരം: 21 കിലോമീറ്റർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |