പാലാ കാൻസർ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി
പാലാ: ജില്ലയിലെ പാവപ്പെട്ട കാൻസർ രോഗികൾക്ക് മികച്ച ചികിത്സ ലഭിക്കാൻ വഴിയൊരുങ്ങി. പാലാ കെ.എം മാണി മെമ്മോറിയൽ ജനറൽ ഹോസ്പിറ്റലിൽ പുതുതായി സ്ഥാപിക്കുന്ന കാൻസർ ആശുപത്രിയുടെ റേഡിയേഷൻ ഒങ്കോളജി ബ്ലോക്കിന്റെ നിർമ്മാണത്തിനായി ജോസ് കെ. മാണി എം.പിയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 2.45 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചു. കേരള ഹെൽത്ത് റിസേർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല.
ജില്ലാ പഞ്ചായത്ത്, നാഷനൽ ഹെൽത്ത് മിഷൻ, പാലാ നഗരസഭ എന്നിവർ സംയുക്തമായി ചേർന്ന് ടെലികോബൾട്ട് യൂണിറ്റ് വാങ്ങാൻ തുക ഡെപ്പോസിറ്റ് ചെയ്‌തെങ്കിലും മെച്ചപ്പെട്ടെ കെട്ടിട സൗകര്യമില്ലാത്തതിനാൽ യൂണിറ്റ് സ്ഥാപിക്കാനായില്ല. ഇത് രോഗികലെ വലച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് റേഡിയേഷൻ ഒങ്കോളജി ബ്ലോക്ക് നിർമ്മിക്കുവാൻ എം.പി ഫണ്ടിൽ നിന്നും 2.45 കോടി രൂപ അനുവദിച്ചത്.
നിർമ്മാണം പൂർത്തിയാകുന്നതോടെ ജില്ലയിലെ ഗവൺമെന്റ് ജനറൽ ആശുപത്രികളിൽ കാൻസർ റേഡിയേഷൻ സൗകര്യമുള്ള ആദ്യഹോസ്പിറ്റലായി പാലാ മാറും.സംസ്ഥാനത്ത് തന്നെ ആരോഗ്യവകുപ്പിന് കീഴിൽ എറണാകുളം ജനറൽ ആശുപത്രിയിലും വയനാട് നല്ലൂർനാട് ട്രൈബൽ സ്‌പെഷ്യാലിറ്റിയിലും മാത്രമാണ് റേഡിയേഷൻ സൗകര്യമുള്ളത്.
3 ജില്ലകളിലെ രോഗികൾക്ക് ആശ്രയമാകും
കോട്ടയം, ഇടുക്കി, എറണാകുളം എന്നീ മൂന്ന് ജില്ലകളിലുള്ള നിർദ്ധന രോഗികൾക്ക് ഉയർന്ന നിലവാരത്തിലുള്ള കാൻസർ ചികിത്സ നൽകുവാൻ ഇതോടെ പാലാ ഹോസ്പിറ്റലിന് കഴിയും. കൊബാൾട്ട് ടെലിതെറാപ്പി യൂണിറ്റ്, റേഡിയേഷൻ തെറാപ്പി പ്ലാനിംഗ് റൂം, മൗൾഡ് റൂം, ഔട്ട് പേഷ്യന്റ് കാത്തിരിപ്പ് കേന്ദ്രം തുടങ്ങിയവ കൂടാതെ റേഡിയോ തെറാപ്പി സിമുലേറ്റർ, ബ്രാക്കി തെറാപ്പി യൂണിറ്റ്, ബ്രാക്കി തെറാപ്പി മൈനർ ഓപ്പറേഷൻ തീയറ്റർ തുടങ്ങിയ സൗകര്യങ്ങൾ കൂടി ഭാവിയിൽ ഉൾക്കൊള്ളുന്ന വിധത്തിലാവും കെട്ടിട നിർമ്മാണം പൂർത്തിയാക്കുകയെന്ന് ജോസ് കെ.മാണി പറഞ്ഞു. ആകെ 6.18 കോടി രൂപയുടെ ധനസഹായം ലഭിച്ച പദ്ധതിയാണ്. കെട്ടിട നിർമ്മാണം പൂർത്തിയാകുന്നതോടെ കേന്ദ്ര ആറ്റോമിക് എനർജി വിഭാഗം ആധുനിക റേഡിയേഷൻ സംവിധാനം ഒരുക്കുന്നതിനായി അനുവദിച്ച 5 കോടി രൂപയുടെ ഗ്രാന്റ് കൂടി ലഭ്യമാകുമെന്നും ജോസ് കെ. മാണി പറഞ്ഞു. സംസ്ഥാനത്ത് തന്നെ ഒരൊറ്റ പ്രോജക്ടിനായി എം.പി ഫണ്ടിൽ നിന്നും രണ്ടു കോടിയിലധികം ചെലവഴിക്കുന്നതും ആദ്യമാണ്.
നേരത്തേ കണ്ടെത്തിയാൽ ഭേദമാക്കാം
രോഗ നിർണയം ആദ്യ ഘട്ടത്തിൽ നടത്തിയാൽ വിവിധയിനം കാൻസറുകൾ ചികിത്സിച്ചു മാറ്റാവുന്നതേയുള്ളു. വിദഗദ്ധ പഠനങ്ങൾ അനുസരിച്ച് ഒരോ വർഷവും കേരളത്തിൽ 35,000 ത്തോളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |