
കോട്ടയം: വീട്ടിലെ വണ്ടിയുമെടുത്ത് മക്കൾ റോഡിലിറങ്ങിയപ്പോൾ പണികിട്ടിയതിലേറെയും മാതാപിതാക്കൾക്ക്. കഴിഞ്ഞ രണ്ടര വർഷത്തിനിടെ കുട്ടിഡ്രൈവർമാരെ പൊക്കിയ പൊലീസ് കേസെടുത്തത് 632 പേർക്കെതിരെ. മോട്ടോർ വാഹനവകുപ്പിന്റെ കേസ് ഇതിലും കൂടുതലാണ്.
പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ കേസെടുക്കുക ഉടമകൾക്കെതിരെയാണ്. അതിൽ അച്ഛൻമാരും അമ്മമാരും ബന്ധുക്കളും ഉൾപ്പെടും. സംഭവങ്ങളിൽ അന്വേഷണം പൂർത്തിയായ ശേഷം ശിക്ഷാനടപടി സ്വീകരിക്കുമെന്നാണ് അധികൃതർ പറയുന്നത്. പിടിക്കപ്പെട്ടവർ ഉപയോഗിക്കുന്നതിൽ ഏറെയും വീട്ടിലെ സ്‌കൂട്ടറുകളാണ്. കുട്ടി ഡ്രൈവർമാർ നിരവധി അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്.
മൂന്നു മാസം തടവും; 25,000 രൂപ പിഴയും
കുട്ടികൾക്ക് വാഹനം കൊടുത്താൽ മൂന്ന് മാസം വരെ തടവും അല്ലെങ്കിൽ 25,000 രൂപ പിഴയുമാണ് ശിക്ഷ. നിയമത്തെക്കുറിച്ചും ശിക്ഷാ നടപടിയെക്കുറിച്ചും അറിവുണ്ടെങ്കിലും ശരിയായ പരിശീലനമോ അനുഭവപരിചയമോ ഇല്ലാതെ ഒട്ടേറെ കുട്ടി ഡ്രൈവർമാരാണ് വാഹനമോടിക്കുന്നത്. മറ്റ് വാഹന യാത്രക്കാർ, കാൽനടയാത്രക്കാർ തുടങ്ങിയവർക്കും ബുദ്ധിമുട്ടാകുന്നത് സംബന്ധിച്ചും പൊലീസിൽ പരാതികൾ ലഭിക്കുന്നുണ്ട്.
പ്രതികളിലേറെയും അമ്മമാർ
കുട്ടി ഡ്രൈവർമാർ വാഹനം ഓടിച്ചതിന് കേസെടുത്തതിന്റെ പകുതിയോളം പേർ സ്ത്രീകളാണ്. ഇത്തരം കേസുകളിൽ ഏറെപ്പേരുടേയും ഭർത്താക്കൻമാർ വിദേശത്താണ്.
കൂടുതലും സ്കൂട്ടറുകൾ
പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചതിനു കേസെടുത്തതിൽ ജില്ലയിൽ 40 എണ്ണം കാറുകളും മറ്റു വാഹനങ്ങളും ഓടിച്ചവരാണ്. കോട്ടയത്തും ചങ്ങനാശേരിയിലും ഉൾപ്പെടെ പ്രായപൂർത്തിയാകാത്തവർ ഓടിച്ച വാഹനം ഇടിച്ച് അപകടമുണ്ടായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |