
കോട്ടയം: നിർദ്ദിഷ്ട ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനറിപ്പോർട്ട് പരിശോധിച്ച് വിദഗ്ദ്ധസമിതി തയാറാക്കിയ റിപ്പോർട്ട് ഈ മാസം സർക്കാരിന് സമർപ്പിച്ചേക്കും. സാമൂഹിക നീതി വകുപ്പ് മുൻ അഡീഷണൽ ഡയറക്ടർ പ്രതാപൻ ചെയർമാനായ ഒമ്പതംഗ സമിതി ഏരുമേലി, മണിമല പഞ്ചായത്തുകളിലെ ചെറുവള്ളിഎസ്റ്റേറ്റ്, ഒഴുക്കനാട്, ചാരുവേലി മേഖലയിലുള്ള പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച് ജനങ്ങളിൽ നിന്നു തെളിവെടുപ്പ് നടത്തി. 2263 ഏക്കർ വരുന്ന ചെറുവള്ളി എസ്റ്റേറ്റിന് പുറമേ ഏറ്റെടുക്കുന്ന 307ഏക്കർ സ്വകാര്യഭൂമിയും സമിതി സന്ദർശിച്ചു. പഞ്ചപരാശക്തി ക്ഷേത്രം, പൂവൻ പാരമല ക്ഷേത്രം ഹിദായത്തുൽ ഇസ്ലാം ജുമാമസ്ജിത്, ഏക്യുമെനിക്കൽ ചർച്ച് ഉൾപ്പെടെ ഏഴ് ആരാധനാലയങ്ങളും ഒരു സ്കൂളും അഞ്ച് കച്ചവടസ്ഥാപനങ്ങളും നീക്കം ചെയ്യണമെന്നായിരുന്നു സാമൂഹിക പഠനറിപ്പോർട്ട്.സാമൂഹികാഘാത പഠനറിപ്പോർട്ട് ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു വിദഗ്ദ്ധസമിതിയുടെ തെളിവെടുപ്പ്. പദ്ധതി ബാധിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 2013ലെ കേന്ദ്ര നിയമപ്രകാരം പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും ശുപാർശ ചെയ്തിരുന്നു.
ഒഴിപ്പിക്കണം, 352 കുടുംബങ്ങളെ
ആരാധനാലയങ്ങളും സ്കൂളും പൊളിച്ചുമാറ്റുമ്പോൾ പകരം സ്ഥലം കണ്ടെത്തി പുനർനിർമ്മിക്കുന്നതിനാവശ്യമായ സ്ഥലങ്ങളിലും പരിശോധന നടത്തി.
ചെറുവള്ളി എസ്റ്റേറ്റ് ലയങ്ങളിൽ 238 കുടുംബങ്ങൾ ഉൾപ്പെടെ 352 കുടുംബങ്ങളെ ഒഴിപ്പിക്കണം. തൊഴിലും പുനരധിവാസവും സംബന്ധിച്ച് പ്രത്യേക പാക്കേജ് വേണമെന്നാണ് ആവശ്യം
പ്രദേശവാസികളുടെ ആവശ്യം
1ജനവാസ മേഖലകൾ ഒഴിവാക്കണം
2 നഷ്ടപരിഹാരവും ജോലിയും ഉറപ്പാക്കണം
ആരാധനാലയങ്ങൾ സംരക്ഷിക്കണം
യാഥാർത്യമാകാം 2030ൽ
വിദഗ്ദ്ധസമിതി റിപ്പോർട്ട് സർക്കാർ അംഗീകരിച്ചാൽ സ്ഥലമെടുപ്പ് നടപടികൾ ആരംഭിക്കും. കാലതാമസം ഒഴിവാക്കാൻ സ്ഥലത്തിന്റെ മതിപ്പുവില സർക്കാർ കോടതിയിൽ കെട്ടിവെയ്ക്കും. ശബരിമല വിമാനത്താവളത്തോട് കേന്ദ്ര സർക്കാരിന് ഏറെ താത്പര്യമുള്ളതിനാൽ പരിസ്ഥിതി വ്യോമ മന്ത്രാലയങ്ങളുടെയും മറ്റും അനുമതി തേടി 2030നുള്ളിൽ വിമാനത്താവളം യാഥാർത്യമാകാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |