
പത്തനംതിട്ട: ശബരിമല വിമാനത്താവളം കൊടുമണ്ണിൽ നിർമ്മിക്കാൻ കേന്ദ്ര സർക്കാരിന്റെ പൂർണസമ്മതം. സാദ്ധ്യത - സാങ്കേതിക പഠനത്തിനായി എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യയുടെയും ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷന്റെയും സംഘം അടുത്തമാസം കൊടുമണ്ണിലെത്തും. കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹൻ നായിഡുവിന് ബി.ജെ.പി നൽകിയ നിവേദനത്തിലാണ് നടപടി.
റൺവേയ്‌ക്കുള്ള സ്ഥലം, വിമാനങ്ങളുടെ സുരക്ഷിത യാത്ര, വ്യോമപാത, സമീപ വിമാനത്താവളങ്ങളുമായുള്ള ദൂരം തുടങ്ങിയവയാണ് പരിശോധിക്കുന്നത്. പദ്ധതി ചർച്ചയ്‌ക്കായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം അടുത്തയാഴ്ച രാംമോഹൻ നായിഡുവിനെ കാണും. കൊടുമൺ
വിമാനത്താവളത്തിനായി ഡോ. വർഗീസ് പേരയിൽ ചെയർമാനായ ആക്ഷൻ കമ്മിറ്റി സംസ്ഥാന സർക്കാരിന് നിവേദനം നൽകിയിരുന്നു.
ആശയക്കുഴപ്പത്തിൽ കോൺഗ്രസ്
കൊടുമൺ വിമാനത്താവള പദ്ധതിയിൽ കോൺഗ്രസിൽ ആശയക്കുഴപ്പമുണ്ട്. ആറൻമുള വിമാനത്താവള പദ്ധതിക്കായി ആന്റോ ആന്റണി എം.പിയുടെ നേതൃത്വത്തിൽ കോൺഗ്രസ് രംഗത്തുണ്ടായിരുന്നു. ആറൻമുള പദ്ധതിയെ എതിർത്ത ബി.ജെ.പിക്കും സി.പി.എമ്മിനും കൊടുമണ്ണിലേതിനോട് എതിർപ്പില്ല. ആറൻമുളയോട് മുഖം തിരിച്ചവർ അനുകൂലിക്കുന്ന പദ്ധതിയെ പിന്തുണയ്ക്കണോ എന്നതാണ് കോൺഗ്രസിലെ ആശയക്കുഴപ്പം. ആറൻമുളയിലില്ലാത്തത് കൊടുമണ്ണിലും വേണ്ടെന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ നിലപാട്.
കൊടുമണ്ണിൽ വിമാനത്താവളം വേണമെന്നാവശ്യപ്പെട്ട് അടൂർ എം.എൽ.എ സി.വി. ശാന്തകുമാർ മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകിയിരുന്നു. പരിഗണിക്കാമെന്നായിരുന്നു മറുപടി. പക്ഷേ യു.ഡി.എഫിൽ ചർച്ച ചെയ്തിട്ടില്ല.
'കൊടുമൺ വിമാനത്താവള പദ്ധതിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകുമെന്നാണ് പ്രതീക്ഷ''.
- സി.വി. ശാന്തകുമാർ എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |