SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.29 AM IST

തീയതി പ്രഖ്യാപിച്ചിട്ടും ജില്ലയിൽ യു.ഡി.എഫ് ലിസ്റ്റായില്ല ജില്ലയിൽ മത്സരചിത്രം പാതിതെളിഞ്ഞു

കോട്ടയം:വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും യു.ഡി.എഫ് സ്ഥാനാർത്ഥി ലിസ്റ്റാകാതെ വന്നതോടെ കോട്ടയത്ത് പല മണ്ഡലങ്ങളിലും പൂർണചിത്രം തെളിഞ്ഞില്ല. കോട്ടയം, കടുത്തുരുത്തി, പുതുപ്പള്ളി, പാലാ മണ്ഡലങ്ങളിൽ യു.ഡി.എഫ് സിറ്റിംഗ് എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ചാണ്ടി ഉമ്മൻ, മാണി സി.കാപ്പൻ എന്നിവർ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് കാത്തുനിൽക്കാതെ പ്രചാരണം ആരംഭിച്ചു. ജില്ലയിലെ മറ്റ് അഞ്ച് മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ ആരെന്നത് സംബന്ധിച്ച് മുന്നണിയിൽ ചർച്ച തുടരുകയാണ്.

കേരളാ കോൺഗ്രസ് എം പാലായിൽ ജോസ് കെ.മാണി, കാഞ്ഞിരപ്പള്ളിയിൽ ഡോ.എൻ.ജയരാജ്, ചങ്ങനാശേരിയിൽ ജോബ് മൈക്കിൾ, പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചപ്പോൾ വനിതാ പ്രതിനിധിയായി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി കടുത്തുരുത്തിയിൽ മോൻസ് ജോസഫിനെതിരെ മത്സരിക്കും.

എൻ.ഡി.എയിൽ ബി.ജെ.പി സ്ഥാനാർത്ഥികളായി. എന്നാൽ ബി.ഡി.ജെ.എസ് ലിസ്റ്റായില്ല. കേന്ദ്രമന്ത്രി ജോർജ് കുര്യൻ മത്സരിക്കുന്നതിലൂടെ കാഞ്ഞിരപ്പള്ളി ശ്രദ്ധേയമാവുകയാണ്. പൂഞ്ഞാറിൽ പി.സി ജോർജും പാലായിൽ മകൻ ഷോൺ ജോർജും ബി.ജെപി സ്ഥാനാർത്ഥികളായി രംഗത്തെത്തിയതോടെ ഇരുമണ്ഡലങ്ങളും ശക്തമായ ത്രികോണമത്സരത്തിന് വേദിയായി.

തർക്കം നീളുന്നു, പ്രഖ്യാപനവും

കോൺഗ്രസും കേരളാകോൺഗ്രസുമായുള്ള തർക്കം പരിഹാരിക്കാത്തതാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ലിസ്റ്റ് വൈകാൻ കാരണം.ഏറ്റുമാനൂർ സീറ്റിൽ കോൺഗ്രസ് പിടിമുറുക്കിയതോടെ കോൺഗ്രസിന്റെ കൈവശമുള്ള കാഞ്ഞിരപ്പള്ളി,പൂഞ്ഞാർ സീറ്റുകൾ പകരം വേണമെന്ന് ജോസഫ് ഗ്രൂപ്പ് ആവശ്യപ്പെട്ടതോടെ തീരുമാനം നീളുകയാണ്.

ഏറ്റുമാനൂരിനായി കോൺഗ്രസിൽ പിടിവലി

ജോസഫ് വിഭാഗത്തിൽ നിന്ന് കോൺഗ്രസ് ഏറ്റെടുക്കുന്ന ഏറ്റുമാനൂർ സീറ്റിനായി കോൺഗ്രസിൽ നേതാക്കളുടെ പിടിവലിയായി. ഈഴവ സമുദായത്തിൽപ്പെട്ട ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, വൈസ് പ്രസിഡന്റ് ജി.ഗോപകുമാർ എന്നിവരുടെ പേരുകളാണ് ഏറ്റുമാനൂരിൽ ആദ്യം മുതൽ ഉയർന്നത്. ജോസഫ് വാഴയ്ക്കനായി ഐ ഗ്രൂപ്പ് രംഗത്തെത്തിയതോടെയാണ് തർക്കം രൂക്ഷമായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL