SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

പുതുമുഖങ്ങളിൽ വിശ്വാസം  അർപ്പിച്ച്  മുന്നണികൾ

ele

കോട്ടയം : പതിവ് പേരുകൾക്ക് പകരം പുതുമുഖങ്ങൾക്കും കൂടുതൽ അവസരം നൽകി മൂന്ന് മുന്നണികളും. സിറ്റിംഗ് സീറ്റിൽ ഒഴികെ ജില്ലയിൽ കൂടുതൽ പേരും കന്നിയങ്കക്കാരാണ്. മൂന്ന് മുന്നണികളിലായി 12 പേർ നിയമസഭ തിരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾ. ആകെയുള്ള ഒമ്പതു സീറ്റുകളിൽ യു.ഡി.എഫിൽ അഞ്ചും, എൻ.ഡി.എയിൽ നാലും, എൽ.ഡി.എഫിൽ മൂന്നു പേരും. വൈക്കത്ത് ബിനിമോൻ, പൂഞ്ഞാറിൽ സജി ജോസഫ്, ഏറ്റുമാനൂരിൽ നാട്ടകം സുരേഷ്, കാഞ്ഞിരപ്പള്ളിയിൽ റോണി കെ.ബേബി, ചങ്ങനാശേരിയിൽ വിനു ജോബ് എന്നിവരാണ് ജില്ലയിലെ കന്നിയങ്കക്കാരായ യു.ഡി.എഫുകാർ. എൽ.ഡി.എഫിൽ കടുത്തുരുത്തിയിൽ നിർമല ജിമ്മിയും, വൈക്കത്ത് പി. പ്രദീപും, പുതുപ്പള്ളിയിൽ കെ.എം. രാധാകൃഷ്ണനും നിയമസഭയിലേക്ക് ആദ്യം. എൻ.ഡി.എയിൽ പാലായിൽ ഷോൺ ജോർജ്, കോട്ടയത്ത് പി. അനിൽകുമാർ, ഏറ്റുമാനൂരിൽ ആതിര ഡി.നായർ, കടുത്തുരുത്തിയിൽ സുരേഷ് ഇട്ടിക്കുന്നേൽ എന്നിവരും ഇതാദ്യം. മുതിർന്നവരെ വെട്ടാനും ജാതി മത, സമവാക്യങ്ങൾ പാലിക്കാനുമാണ് ഇക്കുറി കന്നിക്കാർക്ക് കൂടുതൽ അവസരം ലഭിച്ചത്.

12-ാം അങ്കത്തിന് ജോർജ്
മൂന്നു പരാജയം ഉൾപ്പെടെ പത്തു തവണ പൂഞ്ഞാറിൽ നിന്ന് മത്സരിച്ച പി.സി. ജോർജാണ് കൂട്ടത്തിൽ സീനിയർ, ജോർജ് 12-ാം തവണയാണ് മത്സരിക്കുന്നത്. തിരുവഞ്ചൂരിന് ഒമ്പതാം മത്സരം, ഏഴ് തവണ ജയിച്ചു. ഒരു തവണ പരാജയപ്പെട്ടു. അടൂരിൽ നിന്ന് കോട്ടയത്ത് എത്തിയതിന് ശേഷം പരാജയം അറിഞ്ഞിട്ടില്ല. ആറു തവണ മത്സരിച്ച് ഒരിക്കൽ മാത്രം പരാജയപ്പെട്ട മോൻസ് ജോസഫിന്റേത് ഏഴാം മത്സരമാണ്. വി.എൻ. വാസവൻ അഞ്ചുതവണ മത്സരിച്ചപ്പോൾ മൂന്നു തവണ തോറ്റു. വൈക്കത്ത് കെ.അജിതിന്റെ മൂന്നാം മത്സരമാണ്. പാലായിൽ മാണി സി. കാപ്പൻ അഞ്ചുതവണ മത്സരിച്ചപ്പോൾ രണ്ടുതവണ വിജയിച്ചു. ജോസ് കെ.മാണിയ്ക്കും, സെബാസ്റ്റ്യൻ കുളത്തുങ്കലിനും, ചാണ്ടി ഉമ്മനും, കെ.അനിൽകുമാറിനും, രണ്ടാം മത്സരമാണ്. ഡോ. എൻ.ജയരാജ് അഞ്ചാം തവണയും, ജോബ് മൈക്കിൾ മൂന്നാം തവണയും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL