SignIn
Kerala Kaumudi Online
Friday, 26 June 2026 11.43 PM IST

വിരമിച്ചതിന് ശേഷം എം.എ മലയാളം റഗുലർ കോഴ്സിന് ചേർന്നു, സെന്റ് തോമസിലേക്ക് സിന്ധു  ടീച്ചറെത്തും, വിദ്യാർത്ഥിയായി 

sindhu

പാലാ : കഴിഞ്ഞ മാസം സ്‌കൂൾ അദ്ധ്യാപികയായി വിരമിച്ച സിന്ധു ടീച്ചർ 30 ന് പാലാ സെന്റ് തോമസ് കോളേജിലേക്ക് എത്തും, വിദ്യാർത്ഥിയായി. കൊച്ചുമക്കളാകാൻ പ്രായമുള്ള കുട്ടികളോടൊപ്പം എം.എ മലയാളം (റഗുലർ) ക്ലാസിൽ ഒരേ ബഞ്ചിലിരുന്ന് പഠിക്കും. മേലുകാവ് കോളേജിൽ തന്റെ അദ്ധ്യാപകനായിരുന്ന പ്രൊഫ. ഡോ. രാജു ഡി. കൃഷ്ണപുരത്തിനൊപ്പം ഇന്നലെ കോളേജിലെത്തി പ്രിൻസിപ്പൾ പ്രൊഫ. ടോജി തോമസിനെ നേരിൽക്കണ്ട് അഡ്മിഷനെടുത്തു. അദ്ധ്യാപന ജോലി ആരംഭിച്ച എലിക്കുളം സ്‌കൂൾ മുതൽ റിട്ടയർ ചെയ്ത ചിറക്കടവ് സെന്റ് എഫ്രേംസ് യു.പി സ്‌കൂൾ വരെ നീണ്ട 28 വർഷത്തെ സർവീസിനിടയിൽ വിവിധ സ്‌കൂളുകളിൽ സിന്ധു സേവനമനുഷ്ഠിച്ചു. സംസ്‌കൃതത്തിൽ ബിരുദവും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നിന്ന് ബി.എഡും, എം.എഡും നേടിയിട്ടും നോവലിസ്റ്റും കവയത്രിയുമായ സിന്ധു സജീവിന് ഒരാഗ്രഹം ബാക്കിയുണ്ടായിരുന്നു, എം.എ മലയാളം പഠിക്കണം. പക്ഷേ ജീവിത തിരക്കിനിടയിൽ സാധിച്ചില്ല. ഒടുവിൽ റിട്ടയർമെന്റിന് ശേഷം ചാരംമൂടിക്കിടന്ന ആഗ്രഹം വീണ്ടും ഊതിക്കത്തിച്ചു. മക്കളും, ബന്ധുക്കളും പൂർണപിന്തുണ നൽകി.

ഭാഷാസ്‌നേഹം കൈമുതൽ

സ്‌കൂൾ പഠനകാലം മുതൽ അക്ഷരശ്ലോകം, കാവ്യകേളി, പുരാണപാരായണം എന്നിവയിൽ സമ്മാനങ്ങൾ നേടിയിട്ടുള്ള സിന്ധു മുണ്ടക്കയം സ്‌കൂളിൽ ജോലി ചെയ്യുന്ന അവസരത്തിൽ ഇടുക്കി ജില്ലാ യുവജനോത്സവങ്ങളിൽ സ്‌കൂളിന് കിരീടം നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. മൂന്ന് കവിതാ സമാഹാരങ്ങളും ഒരു നോവലും മൂന്ന് കുട്ടികളുടെ കവിതാ സമാഹാരങ്ങളും രചിച്ചിട്ടുണ്ട്. ആകാശവാണിയിലും ദൂരദർശനിലും കാവ്യകേളിയും അക്ഷരശ്ലോകവും കവിതകളും അവതരിപ്പിച്ചു. മുരിക്കുംപുഴ വെട്ടത്തുതോട്ടത്തിൽ പരേതനായ സജീവ് ശിവരാമനാണ് ഭർത്താവ്. കടനാടാണ് ജന്മദേശം. മക്കൾ : സ്വാതി, സൗപർണ്ണിക.

''റിട്ടയർമെന്റ് എന്നാൽ ജീവതത്തിൽ നിന്നുള്ള എക്‌സിറ്റല്ല. ആത്മവിശ്വാസവും കൈമോശം വരാത്ത സ്വപ്നങ്ങളുമുണ്ടെങ്കിൽ നമുക്ക് എത്തിപിടിക്കാൻ കഴിയാത്ത നേട്ടങ്ങളൊന്നുമില്ല. അതിജീവിക്കാൻ കഴിയാത്ത തടസങ്ങളും മുന്നിലില്ല.

-സിന്ധു സജീവ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL