കോട്ടയം: ബാറുകളിൽ നിന്ന് പണം പിരിച്ചതിന്റെ പേരിൽ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ കൂട്ടനടപടിയുണ്ടായതിന് പിന്നാലെ കൂടുതൽ ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ. ഉദ്യോഗസ്ഥരിൽ ചിലരുടെ ചിട്ടിപ്പണം മുതൽ വീടിന്റെ വായ്പ വരെ ബാറുകാരാണ് അടയ്ക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്. നേരിട്ട് വാങ്ങാതെ ഇടനിലക്കാരെ ഉപയോഗിച്ച് പണം കൈപ്പറ്റുന്ന ഉദ്യോഗസ്ഥരാണ് ഏറെയും. ജില്ലയിലെ പല ബാറുകളും സമയക്രമം പാലിക്കാതെയാണ് പ്രവർത്തിക്കുന്നത്. പുലർച്ചേയും അർദ്ധരാത്രിയും ഗേറ്റിന് മുന്നിലെ സെക്യൂരിറ്റിവഴിയാണ് വില്പന. നേരം വൈകും തോറും കുപ്പിയുടെ വിലയും കൂടും. ഇതെല്ലാം ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണെന്നും വ്യക്തമാകുന്നു. ഇതിന് ചില രാഷ്ട്രീയ നേതാക്കളുടെ പിൻബലവുമുണ്ട്. അതേസമയം നടപടി നേരിട്ട ഉദ്യോഗസ്ഥരിൽ പലരും നേരിട്ട് പണം വാങ്ങുകയായിരുന്നു.
മക്കളുടെ ഫീസും ബാറുകാരുടെ തലയിൽ
ചില ഉദ്യോഗസ്ഥരുടെ മക്കളുടെ സ്‌കൂൾ ഫീസ് വരെ അടയ്ക്കുന്നതും ബാറുകാരാണ്. ചിലർ കൈക്കൂലി സ്വന്തം അക്കൗണ്ടിലേയ്ക്കും ബിനാമി അക്കൗണ്ടുകളിലേയ്ക്കും വാങ്ങും. മറ്റു ചിലർ പണം കൈകൊണ്ട് തൊടില്ല. പകരം വായ്പ അടയ്ക്കാൻ നിർദേശിക്കും. വാഹനത്തിന് പെട്രോളും പലചലരക്ക് കടയിലെ പറ്റുപടിയക്കം ബാറുകാർ അടയ്ക്കുന്നുണ്ട്. കൂടാതെ കൈക്കൂലിയായി വീട് പണിക്കുള്ള കട്ടയും സിമന്റും കമ്പിയും വാങ്ങുന്നവരുമുണ്ട്. ബാറുകളുടെ വിഹിതം നേരിട്ട് വാങ്ങാതെ മാസാമാസം ഇത്തരം ചെലവുകളിൽ വകകൊള്ളിക്കും.
ഇത് നാണക്കേട്
കിട്ടുന്ന ശമ്പളം കൊണ്ട് മാന്യമായി ജീവിക്കുന്ന ചുരുക്കം ഉദ്യോഗസ്ഥർ കൂടിയുണ്ട്. അവർക്ക് കൂടി നാണക്കേടാവുകയാണ് കൈക്കൂലികൊണ്ട് തടിച്ചു വീർക്കുന്ന മറുവിഭാഗം.
ബാറുടമകളിലും ഭിന്നത
ബാറുടമകൾ തമ്മിലുള്ള ശീതസമരമാണ് ഡെപ്യൂട്ടി കമ്മിഷണറുടെ തൊപ്പി തെറിക്കും വിധമുള്ള പരാതിയിലേയ്ക്ക് എത്തിയത്. സാധാരണ ബാറുകാർ കൈക്കൂലി നൽകുന്ന വിവരങ്ങൾ മറച്ചുവയ്ക്കുകയാണ് ചെയ്യുന്നത്. ഇവർക്കിടയിൽ ഭിന്നതയുണ്ടായതോടെയാണ് മന്ത്രി ലിജുവിന് പരാതി ലഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |