കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഒമ്പതു സീറ്റും നേടിയതിന്റെ അമിതആത്മവിശ്വാസത്തോടെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനെ നേരിട്ട യു.ഡി.എഫ് ക്യാമ്പിന് എൽ.ഡി.എഫ് മുന്നേറ്റം കനത്ത ആഘാതമായി. ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിൽ ഇടതു സ്ഥാനാർത്ഥി മഞ്ജു സുജിത്ത് മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയത് അക്ഷരാർത്ഥത്തിൽ യു.ഡി.എഫിനെ ഞെട്ടിച്ചു. മൂന്ന് സിറ്റിംഗ് സീറ്റുകളും നിലനിറുത്താമെന്ന കണക്കുകൂട്ടലാണ് ഇതോടെ പൊലിഞ്ഞത്. പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം വാർഡിലെ യു.ഡി.എഫ് പരാജയവും അപ്രതീക്ഷിതമായിരുന്നു. മീനടം പഞ്ചായത്തിലെ ചീരംകുളം വാർഡ് മാത്രമാണ് യു.ഡി.എഫിന് നിലനിറുത്താൻ കഴിഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയത്തോടെ പ്രതിരോധത്തിലായ എൽ.ഡി.എഫിന് ഉപതിരഞ്ഞെടുപ്പ് ഫലം വലിയ ഊർജ്ജമാകും. തൃക്കൊടിത്താനം ഡിവിഷനിൽ നിന്നു ജയിച്ച വിനു ജോബ് ചങ്ങനാശേരി എം.എൽ.എയായതും കുമ്പന്താനം, ചീരംകുളം വാർഡുകളിലെ യു.ഡി.എഫ് അംഗങ്ങളായ ബാബുമാത്യൂ, പ്രസാദ് നാരായണൻ എന്നിവർ മരിച്ചതോടെയുമാണ് ഉപതിരഞ്ഞടുപ്പ് വേണ്ടിവന്നത്. സഹതാപതരംഗം പ്രതീക്ഷിച്ച് ഇരുവരുടെയും ഭാര്യമാരെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥികളാക്കിയത്.
മുൻ ജില്ലാ പഞ്ചായത്തംഗം കൂടിയായ ഇടതു സ്ഥാനാർത്ഥി മഞ്ചു സുജിത്ത് വോട്ടർമാർക്കിടയിൽ സുപരിചിതയായതാണ് തൃക്കൊടിത്താനത്തെ പരാജയ കാരണമായെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ.
ഇത് മധുരപ്രതികാരം
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 800ൽ താഴെ വോട്ടുകൾക്കാണ് തൃക്കൊടിത്താനത്ത് വിനു ജോബിനോട് മഞ്ജു സുജിത്ത് പരാജയപ്പെട്ടത്. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിലെ വിജയ് ജോസിനെതിരെയുള്ള മഞ്ജുവിന്റെ വിജയം മധുരപ്രതികാരമായി. 2140 വോട്ടുകളാണ് ഭൂരിപക്ഷം. യു.ഡി.എഫ് പ്രചാരണത്തിന് നേതൃത്വം നൽകിയ വിനു ജോബ് എം.എൽ.എയ്ക്കും വ്യക്തിപരമായി വലിയ തിരിച്ചടിയാണ്.
ചാണ്ടി ഉമ്മൻ വൻ ഭൂരിപക്ഷം നേടിയ പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടി പഞ്ചായത്ത് പത്താം വാർഡിലെ ജയം സി.പി.എമ്മിന് തിരിച്ചുവരവിന്റെ വിജയമായി. അതേസമയം കോൺഗ്രസിന്റെ ശക്തികേന്ദ്രമായ മീനടം ഒന്നാം വാർഡിൽ 162 വോട്ടിന്റെ ഭൂരിപക്ഷം മാത്രം നേടാനേ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രീത പ്രസാദിനു കഴിഞ്ഞുള്ളൂ.
നാലുമാസം പിന്നിട്ട യു.ഡി.എഫ് ഭരണത്തെ ജനങ്ങൾ വെറുത്തുകഴിഞ്ഞു. എൽ.ഡി.എഫിന് വലിയ ആവേശമാണ് ഉപതിരഞ്ഞെടുപ്പിലെ വിജയം നൽകുന്നത്.
ടി.ആർ.രഘുനാഥൻ (സി.പി.എം ജില്ലാ സെക്രട്ടറി )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |