കോട്ടയം: മൊരിഞ്ഞ വട, എരിവുള്ള ബജി... പക്ഷേ ഇവയെല്ലാം പാകംചെയ്യുന്ന എണ്ണ കരിയോയിൽ പോലെയും. വഴിയോരങ്ങളിലെ ബജിക്കടകളിൽ ഇന്നലെ പരിശോധനക്കിറങ്ങിയ ഭക്ഷ്യസുരക്ഷാ സ്ക്വാഡ് ഞെട്ടി. കരിയോയിൽ പോലെയുള്ള എണ്ണയിൽ കടികൾ കുളിച്ചുകിടക്കുന്നു. മാരക രോഗങ്ങൾക്ക് കാരണമാകുന്ന എണ്ണ പിടിച്ചെടുത്ത് നശിപ്പിച്ചു. ഇതോടെ ബജിക്കടകൾ ഉയർത്തുന്ന രോഗ സാദ്ധ്യത വീണ്ടും ചർച്ചയാകുകയാണ്.
എണ്ണയുടെ പുനരുപയോഗവും വിലക്കുറവിന്റെ പേരിൽ നിലവാരമില്ലാത്ത എണ്ണ ഉപയോഗിക്കുന്നതുമെല്ലാം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഉച്ചയ്ക്ക് ശേഷം ജില്ലയുടെ പാതയോരങ്ങൾ ബജിക്കടകളാൽ സമ്പന്നമാണ്. വലിപ്പച്ചെറുപ്പമില്ലാതെ ആളുകൾ ചായയ്ക്കൊപ്പം ബജിക്കടകളെ ആശ്രയിക്കുമ്പോഴാണ് നിലവാരമില്ലാത്ത എണ്ണയുടെ ഉപയോഗം. മുളക് ബജി, മുട്ടബജി, കായ ബജി, ഉഴുന്നുവട, പഴംപൊരി തുടങ്ങിയ എണ്ണക്കടികൾക്കാണ് ആരാധകർ. ഉച്ചയ്ക്ക് തുടങ്ങുന്ന തിരക്ക് വൈകിട്ട് വരെ നീളും. വിദ്യാർത്ഥികളുടേയും യുവാക്കളുടേയും നിരയാണ്. ചിലർ പാതയോരം കൈയേറുമ്പോൾ മറ്റ് ചിലർ വാടക കെട്ടിടങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. അന്യസംസ്ഥാനക്കാരും കച്ചവടക്കാരിലുണ്ട്.
ക്രിമിനലുകളും
ക്രിമനൽ കേസിൽപ്പെട്ടവരടക്കം പാചകക്കാരുടെ റോളിലാണ്. വൃത്തിയും എണ്ണയുടെ ഗുണനിലവാരവുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. എത്രമൂടിയിട്ടാലും എണ്ണയിലും കടിയിലുമടക്കം പൊടിവീഴും. ഇത് കൂടാതെയാണ് മോശം എണ്ണയിൽ നിന്നുള്ള ആരോഗ്യപ്രശ്നങ്ങൾ.
നല്ലത് എവിടെയുമില്ല
കെ.കെ.റോഡിൽ മണർകാട് മുതൽ ഇങ്ങോട്ടുള്ള പരിശോധനയിൽ കണ്ടതെല്ലാം സമാന അവസ്ഥയിൽ. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈൽ സ്ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ജീവിത ശൈലീ രോഗത്തിന്റെ പിടിയിൽ
നാൽപ്പത് വയസിന് താഴെയുള്ള ജില്ലക്കാരിൽ 45 ശതമാനം പേരും ജീവിത ശൈലീരോഗത്തിന്റെ പിടിയിലെന്നാണ് ആരോഗ്യ വകുപ്പന്റെ കണ്ടെത്തൽ. പ്രധാന വില്ലൻ കൊളസ്ട്രോളാണ്. മാർക്കറ്റിംഗ് മേഖലയിൽ ജോലി ചെയ്യുന്നവർ, സ്വകാര്യ മേഖലയിലെ ജീവനക്കാരുമാണ് ഇതിൽ കൂടുതലും. പതിവായി ബജികൾ കഴിക്കുന്നത് ശീലമാക്കിയവരാണ് ഇവരിലേറെയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |