SignIn
Kerala Kaumudi Online
Monday, 26 October 2026 7.34 AM IST

ചുറ്റുവട്ടം: നാഗമ്പടം സ്റ്റേഡിയത്തിന് തിരുനക്കര സ്റ്റാൻഡിന്റെ അവസ്ഥയാകരുത്

രണ്ടു മഴപെയ്താൽ നീന്തൽ മത്സരം നടത്താൻ പാകത്തിലാകുന്ന നാഗമ്പടം നെഹ്റുസ്റ്റേഡിയം പൊളിച്ചു അത്യാധുനിക സ്റ്റേഡിയം നിർമ്മിക്കുമെന്ന് നഗരസഭ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇക്കാരണം പറഞ്ഞു അവിടുള്ള കടമുറികളുടെ ലൈസൻസ് പുതുക്കി നൽകിയിട്ടില്ല. ജില്ലാ സ്കൂൾ കായികമത്സരം സിന്തറ്റിക് സ്റ്റേഡിയത്തിലാണ് നടത്തേണ്ടത്. കോട്ടയത്ത് അതില്ലാത്തതിനാൽ സംസ്ഥാനതല കായിക മത്സരങ്ങൾ കോട്ടയത്ത് നടക്കാറില്ല. അത്യാധുനിക സ്റ്റേഡിയം വരുന്നത് വല്യകാര്യമാണെങ്കിലും തിരുനക്കര ബസ് സ്റ്റാൻഡ് പൊളിച്ചു വർഷങ്ങളായിട്ടും പുതിയ ഷോപ്പിംഗ് കോംപ്ലക്സിന്റെ ആലോചനായോഗം പോലും നടത്താത്ത അവസ്ഥ നാഗമ്പടം സ്റ്റേഡിയത്തിനും ഉണ്ടാകുമോ എന്നാണ് ചുറ്റുവട്ടത്തിന്റെ സംശയം.

തിരുനക്കര സ്റ്റാൻഡിലെ കടമുറികൾ പൊളിച്ചുമാറ്റിയതിന് പകരം താത്ക്കാലിക കടമുറികൾ നൽകാമെന്ന ഉറപ്പ് ഇനിയും പാലിച്ചിട്ടില്ല. കച്ചവടക്കാർ ഹൈക്കോടതിയിൽ പോയതോടെയാണ് താത്ക്കാലിക കടമുറി നിർമ്മിക്കാൻ നടപടിയാരംഭിച്ചത്. പൂർത്തിയായെങ്കിലും സാങ്കേതികകാരണങ്ങൾ പറഞ്ഞ് ഒരെണ്ണം പോലും തുറക്കാൻ നഗരസഭ അനുമതിയായിട്ടില്ല. നാഗമ്പടത്തെ സ്റ്റേഡിയവും പൊളിച്ചുമാറ്റുമ്പോൾ ഗ്യാലറിക്ക് ചുറ്റുമുള്ള കടമുറികൾക്ക് പകരം സ്റ്റേഡിയം പൂർത്തിയാക്കി കടമുറികൾ എന്നു തുറക്കുമെന്ന് പറയാൻ ബന്ധപ്പെട്ടവർക്ക് കഴിയുന്നില്ല.

സംസ്ഥാന ദേശീയതലത്തിലുള്ള മത്സരങ്ങൾക്കും രഞ്ജി ട്രോഫിയുമൊക്കെ നാഗമ്പടം സ്റ്റേഡിയം വേദിയായിട്ടുണ്ട്. താഴ്ന്ന സ്ഥലത്തുള്ള സ്റ്റേഡിയം സ്ഥിരം വെള്ളക്കെട്ടിലാണ്. ചുറ്റുപാടും ഉയർന്നതോടെ സ്റ്റേഡിയത്തിലേക്കെത്തുന്ന വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാതായി. യാതൊരു പ്ലാനിംഗുമില്ലാതെ കാലാകാലങ്ങളായി നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളാണ് സ്റ്റേഡിയത്തിന് ശാപമായത്.

പുതിയ സ്റ്റേഡിയം നാഗമ്പടം ഓവർ ബ്രിഡ്ജ് റോഡിനൊപ്പം മണ്ണിട്ടുയർത്തി നിർമ്മിച്ചാലേ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകൂ. നിലവിലുള്ളത് പൊളിച്ചിട്ട് തട്ടിക്കൂട്ട് സ്റ്റേഡിയം നിർമ്മിച്ചിട്ട് കാര്യമില്ല. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയമാണ് നിർമ്മിക്കേണ്ടത്. അതും വൈകാതെ പൂർത്തിയാക്കണം. കേന്ദ്രസർക്കാരിന്റെ സഹായവും ലഭിക്കും. കോട്ടയത്ത് നിന്നുള്ള ജനപ്രതിനിധികളും ഇതിനു മുൻകൈയെടുക്കണം.

മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത്ചിങ്ങവനത്ത് സ്പോർട്സ് കോംപ്ലക്സിന് കല്ലിട്ടതാണ്. പത്തുവർഷം ഇടതു ഭരണത്തിൽ ഒന്നും നടന്നില്ല. യു.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിലെത്തിയതോടെ ചിങ്ങവനം സ്പോർട്സ് കോംപ്ലക്സിന് വീണ്ടും പ്രതീക്ഷയുടെ ചിറകുമുളച്ചിരിക്കുകയാണ്. അന്താരാഷ്ട്രാ നിലവാരമുള്ള രണ്ടു സ്റ്റേഡിയങ്ങൾ വന്നാൽ ദേശീയ തലത്തിലുള്ള കായികമത്സരകേന്ദ്രമായി കോട്ടയം മാറും. ഇതൊക്കെ സ്വപ്ന പദ്ധതിയായി ഇട്ടുതല്ലാതെ യാഥാർത്ഥ്യമാക്കണമെന്നാണ് ചുറ്റുവട്ടത്തിന് പറയാനുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, NAGAMPADAM STADIUM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL