SignIn
Kerala Kaumudi Online
Thursday, 11 June 2026 4.33 AM IST

മുത്തങ്ങ ദേശീയപാതയിൽ കുട്ടിയാനക്കാഴ്ച

11
മുത്തങ്ങ-ബന്ദിപ്പൂർ ദേശീയപാതയിലെ കുട്ടിയാനക്കാഴ്ച

സുൽത്താൻ ബത്തേരി: വയനാട് മുത്തങ്ങ ദേശീയപാതയോര യാത്രയിൽ സഞ്ചാരികൾക്ക് കൗതുകക്കാഴ്ചയായി മാറുകയാണ് കുട്ടിയാനകൾ. മുത്തങ്ങ-ബന്ദിപ്പൂർ വനമേഖലയോട് ചേർന്നുള്ള 766 ദേശീയപാതയിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമ്മയാനകൾക്കൊപ്പം കളിച്ചുല്ലസിക്കുന്ന കുട്ടിയാനക്കകൂട്ടം സ്ഥിരം കാഴ്ചയാകുന്നത്.

ദേശീയപാതയോരത്ത് കാട്ടാനക്കൂട്ടത്തോടൊപ്പം എത്തുന്ന കുട്ടിയാനകൾ യാത്രാക്കാരുടെയും വിനോദസഞ്ചാരികളുടെയും മനംമയക്കി കഴിഞ്ഞു. തള്ളയാനകളുടെ കാലുകൾക്കിടയിലൂടെ ഓടിനടക്കുന്നതും, തുമ്പിക്കൈ വീശി കുറുമ്പുകാട്ടുന്നതുമായ ദൃശ്യങ്ങൾ യാത്രികർക്ക് വേറിട്ടൊരു അനുഭവമാണ്. മുത്തങ്ങ ചെക്ക് പോസ്റ്റിൽ നിന്നും ബന്ദിപ്പൂർ നാഷണൽ പാർക്ക് അതിർത്തിവരെ ഏകദേശം 6.5 കീലോമീറ്റർ ദൂരം മാത്രമാണുള്ളത്. എങ്കിലും ഈ യാത്ര സ‌‌ഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.

വേനൽ മഴ ലഭിച്ചതോടെ കാട്ടിൽ പച്ചപ്പ് ഉയർന്നതും ജലാശയങ്ങളിൽ വെള്ളം നിറഞ്ഞതുമാണ് വന്യമൃഗങ്ങളെ റോഡരികിലേക്ക് എത്തിക്കുന്നത്.
ആനക്കൂട്ടം സഞ്ചരിക്കുമ്പോൾ കുട്ടിയാനകൾക്ക് പ്രത്യേക സുരക്ഷയൊരുക്കിയാണ് കൂടെ കൂട്ടുന്നത്. ഏതെങ്കിലും തരത്തിലുള്ള അപകട സൂചന ഉണ്ടായാൽ മുതിർന്ന ആനകൾ കുട്ടിയാനയെ നടുവിലാക്കി ചുറ്റും കാവൽ നിൽക്കും. ആനക്കൂട്ടത്തോടൊപ്പം മാനും, പീലി വിടർത്തിയ മയിലും, കുരങ്ങും, കാട്ടുപോത്തുമെല്ലാം വയനാടിൻെറ സ്ഥിരം കൗതുകക്കാഴ്ചയായി മാറിക്കഴിഞ്ഞു.

വേണം, അതീവ ജാഗ്രത
റോഡരികിൽ കുട്ടിയാനകൾ ഉൾപ്പെടെയുള്ള കാട്ടാനക്കൂട്ടത്തെ കാണുമ്പോൾ യാത്രികർ അതീവ ജാഗ്രത പുലർത്തണം.കുട്ടിയാനകൾ ഒപ്പമുള്ളപ്പോൾ തള്ളയാനകൾ കൂടുതൽ അക്രമകാരികളാകാൻ സാധ്യതയുണ്ട്. ദേശീയപാതയിൽ വനമേഖലയോട് ചേർന്ന ഭാഗങ്ങളിൽ യാതൊരു കാരണവശാലും വാഹനങ്ങൾ നിർത്താനോ, പുറത്തിറങ്ങി ചിത്രങ്ങൾ പകർത്താനോ പാടുള്ളതല്ല.
ആനകളെ ഫോക്കസ് ചെയ്ത് ഫ്ളാഷ് ലൈറ്റുകൾ ഉപയോഗിക്കുന്നതും, ഹോൺ മുഴക്കി ശബ്ദമുണ്ടാക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL