SignIn
Kerala Kaumudi Online
Monday, 15 June 2026 2.51 AM IST

പഠിക്കാം, പാമ്പിനെക്കുറിച്ച് 'സർപ്പപാഠം' കൂടുതൽ വിദ്യാലയങ്ങളിലേക്ക്

wwwe-
പഠിക്കാം, പാമ്പിനെക്കുറിച്ച്

കോഴിക്കോട്: പാമ്പുകടിയേറ്റാൽ എന്തു ചെയ്യണം എന്നുതുടങ്ങി പാമ്പുകളെക്കുറിച്ചറിയാൻ ആരംഭിച്ച 'സർപ്പപാഠം' പദ്ധതി കൂടുതൽ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കാൻ വനംവകുപ്പ്. കഴിഞ്ഞ അദ്ധ്യയന വർഷം ആരംഭിച്ച പദ്ധതിയിലൂടെ ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളിലേക്ക് സന്ദേശമെത്തിച്ചു. ഇത്തവണ മൂന്ന് ലക്ഷത്തോളം കുട്ടികൾക്ക് ബോധവത്കരണം നൽകാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച 100 സർപ്പ എഡ്യുക്കേറ്റർമാരുണ്ട്. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നേരിട്ടോ ഓൺലൈനായോ കുറഞ്ഞത് ഒരു ക്ലാസെങ്കിലും സംഘടിപ്പിക്കാനാണ് ശ്രമം. വനംവകുപ്പിന്റെ സർപ (സ്നേക്ക് അവെയർനെസ് റെസ്ക്യു ആൻഡ് പ്രൊട്ടക്‌ഷൻ ആപ്) വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഇനം തിരിച്ചറിയൽ, കടിയേറ്റാൽ സ്വീകരിക്കേണ്ട പ്രാഥമിക നടപടികൾ, പാമ്പ് വരാതിരിക്കാൻ ചെയ്യേണ്ടത്, കണ്ടാൽ രക്ഷപ്പെടുന്നതടക്കമുള്ള വിഷയങ്ങളിലാണ് കോളേജ്, സ്കൂൾ വിദ്യാർത്ഥികൾക്ക് ബോധവത്കരണം നൽകുന്നത്. കുടുംബശ്രീകളിലും റസിഡൻസ് അസോസിയേഷനുകളിലും ക്ലാസുകൾ നടത്തുന്നുണ്ട്. സ്‌കൂളുകളിൽ പാമ്പുകളുടെ സാന്നിദ്ധ്യം കണ്ടെത്തുന്നതിനും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രവേശനോത്സവത്തോടനുബന്ധിച്ച് പരിശോധനകൾ നടത്തിയിരുന്നു.

സിലബസിൽ ഇനിയുമെത്തിയില്ല

പാമ്പുകളെക്കുറിച്ചുള്ള പാഠഭാഗം സംസ്ഥാനത്തെ 9, 11 ക്ളാസുകളിലെ സിലബസിൽ ഉൾപ്പെടുത്താൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല. ആവശ്യമായ പഠനഭാഗങ്ങൾ തയ്യാറാക്കി നൽകാൻ വനംവകുപ്പ് സന്നദ്ധമായിട്ടുണ്ട്. പാമ്പുകളെ സുരക്ഷിതമായി കെെകാര്യം ചെയ്യാൻ അദ്ധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകാൻ വനംവകുപ്പ് തീരുമാനിച്ചിരുന്നതും നടപ്പായില്ല. സാഹചര്യം അനുകൂലമായാൽ ഈ വർഷം പരിശീലന പരിപാടികൾ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

''പാമ്പുകളെക്കുറിച്ചുള്ള ശാസ്ത്രീയ അറിവ് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. വിഷയത്തിൽ മതിയായ അറിവില്ലാത്തവർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത ക്ലാസുകൾ നടത്തുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്''-

-മുഹമ്മദ് അൻവർ,

അസി. ഫോറസ്റ്റ് കൺസർവേറ്റർ,

സർപ്പ സ്റ്റേറ്റ് കോഓർഡിനേറ്റർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL