കൽപ്പറ്റ: ജോലിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആറു ദിവസമായി വയനാട് കളക്ടറേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിവന്ന ഗോത്രബന്ധു (മെന്റർ) അദ്ധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി. സമരപ്പന്തലിൽ വെച്ച് ആരോഗ്യനില വഷളായതിനെ തുടർന്ന് അമ്പിളി ബാബു, സന്ധ്യ, സുനിത, ഷീബ തുടങ്ങിയവരെയാണ് ആശുപത്രിയിലാക്കിയത്.
അദ്ധ്യാപകരുടെ സമരം ശക്തമായതോടെ സർക്കാർ തലത്തിൽ അടിയന്തര ഇടപെടലുണ്ടായിട്ടുണ്ട്. മെന്റർ അദ്ധ്യാപകരുടെ പ്രതിനിധികളുമായി ഇന്ന് വൈകീട്ട് 4 മണിക്ക് പട്ടികവർഗക്ഷേമ മന്ത്രി കെ.എ തുളസിയുടെ സാന്നിദ്ധ്യത്തിൽ പ്രത്യേക യോഗം ചേരും. ചർച്ചയിൽ അദ്ധ്യാപകർ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിൽ അനുകൂലമായ തീരുമാനമുണ്ടായേക്കാം എന്നാണ് സൂചന. ചർച്ച പരാജയപ്പെട്ടാൽ സമരം കൂടുതൽ ശക്തമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുമെന്നും സമരസമിതി നേതാക്കൾ വ്യക്തമാക്കി.
പിരിച്ചുവിട്ടത് 376 അദ്ധ്യാപകരെ
ആദിവാസി വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും പഠന പിന്തുണ നൽകുന്നതിനുമായി എൽ.ഡി.എഫ് സർക്കാർ ഗോത്രബന്ധു പദ്ധതി പ്രകാരം നിയമിച്ച 376 അദ്ധ്യാപകരെയാണ് നിലവിലെ സർക്കാർ പിരിച്ചുവിട്ടത്. വയനാട്ടിൽ മാത്രം യോഗ്യതയുള്ള 241 ഗോത്ര അദ്ധ്യാപകർക്ക് ജോലി നഷ്ടമായി.
എട്ട് വർഷമായി മെന്റർ അദ്ധ്യാപികയായി ജോലി നോക്കുന്നു. ഈ ജോലി ഇല്ലെങ്കിൽ എട്ടു മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞുമായി കൂലിപ്പണിക്കിറങ്ങേണ്ടിവരും. പെട്ടെന്നുള്ള ഈ പിരിച്ചുവിടൽ സങ്കടകരമാണ്.
-സുനിത, മാണ്ടാട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |