@മലയോരമേഖലയിലെ ഒരു ഡസനോളം പഞ്ചായത്തുകളിൽ അട്ടശല്യം
കോഴിക്കോട്: മഴ കനത്തതോടെ അട്ടശല്യത്തെ തുടർന്ന് ദുരിതത്തിലായി മലയോര കർഷകർ. വന്യമൃഗ ശല്യത്തിനും കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള കാർഷിക നഷ്ടത്തിനും പുറമെയാണിത്. കാട്ടുപന്നിയും മാനുമൊക്കെ നാട്ടിലിറങ്ങുമ്പോൾ അവയുടെ ദേഹത്ത് പറ്റിപ്പിടിച്ചാണ് അട്ടകൾ പറമ്പുകളിലും കൃഷിസ്ഥലങ്ങളിലുമെത്തുന്നത്. പിന്നീടിവ പെറ്റു പെരുകുന്നു.
അട്ടശല്യത്തെ തുടർന്ന് പറമ്പുകളും മറ്റും വൃത്തിയാക്കി കൃഷിയിറക്കാൻ തൊഴിലാളികളെ കിട്ടുന്നില്ല. അട്ടകടിച്ച് അലർജിയുണ്ടാകുന്നതാണ് കാരണം. ഇത് തൊഴിലാളി ക്ഷാമവും രൂക്ഷമാക്കി. കൃഷി ചെയ്യാനാവാതെ സാമ്പത്തികമായി തകർന്ന കർഷകന് കാടുപിടിച്ച പറമ്പുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കാൻ പോലുമാവുന്നില്ല. കൃഷിയിറക്കിയ പറമ്പുകളിൽ കൃത്യമായ വളപ്രയോഗം നടത്താനുമാവുന്നില്ല.
പ്രതിരോധ മാർഗങ്ങളെക്കുറിച്ചോ ശാസ്ത്രീയമായ പരിഹാരങ്ങളെക്കുറിച്ചോ ആർക്കുമറിയുന്നില്ലെന്നാണ് കർഷകർ പറയുന്നത്. വേനൽക്കാലത്ത് വരൾച്ചയും വന്യമൃഗ ശല്യവും കൊണ്ട് പൊറുതിമുട്ടിയ കർഷകരുടെ തലയിൽ ഇടിത്തീ പോലെയാണ് മഴക്കാലത്തെ അട്ടകളുടെ ആക്രമണം. അട്ട പെരുകാനുള്ള കാരണം കൃഷിവകുപ്പ് കണ്ടെത്തി പരിഹരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കർഷകർക്ക് താങ്ങാനാവുന്ന, ഫലപ്രദമായ പ്രതിരോധ മാർഗവും ലഭ്യമാക്കണം.
പന്നികൾ നാട്ടിലെത്തുന്നത് തടയണം
കാട്ടുപന്നി പോലുള്ളവ നാട്ടിലിറങ്ങുന്നത് നിയന്ത്രിക്കുകയാണ് പരിഹാരം. ഇതിന് വനം വകുപ്പ് നടപടിയെടുക്കണം. ഏക്കർ കണക്കിന് പറമ്പും കൃഷിസ്ഥലവുമാണ് അട്ടശല്യത്തെ തുടർന്ന് ഉപയോഗിക്കാതെ കിടക്കുന്നത്. കൃഷി ഉപജീവനമാക്കിയ മലയോര കർഷകർ ഇതോടെ വെട്ടിലായി. 10 വർഷം മുൻപ് കക്കയംഡാം പരിസരത്ത് മാത്രമായിരുന്നു അട്ടശല്യമുണ്ടായിരുന്നത്. ഇപ്പോൾ കക്കയം അങ്ങാടിയിൽ വരെ അട്ടയെത്തി.
അട്ടശല്യമുള്ള ചില പഞ്ചായത്തുകൾ
വാണിമേൽ, നരിപ്പറ്റ, കാവിലുംപാറ, മരുതോങ്കര, ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, പനങ്ങാട്, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി...
അട്ടകളെ നശിപ്പിക്കാനുള്ള മരുന്ന് കൃഷിഭവനുകളിലൂടെ കർഷകർക്ക് വിതരണം ചെയ്യണം. വന്യമൃഗങ്ങളെപ്പോലെ തന്നെ ഇവയും ഭീഷണിയാണ്.
-അലക്സ് ഒഴുകയിൽ
ചെയർമാൻ, കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |