കോഴിക്കോട് : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ രാസലഹരിയുമായി റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ ജുവനൈൽ ജസ്റ്റിസ് ആക്ട് ചുമത്തി റിമാൻഡ് ചെയ്തു. കോഴിക്കോട് താമരശേരി രാരോത്ത് ചുടലമുക്ക് പൊങ്കലത്ത് ചാലിൽ ഹിജാസ് അഹമ്മദാണ് (27) എറണാകുളം റെയിൽവേ പൊലീസിന്റെ പിടിയിലായത്. സൗത്ത് റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് വ്യാഴാഴ്ച രാത്രി 11നാണ് 0.260 മില്ലിഗ്രാം എം.ഡി.എം.എയുമായി യുവാവിനെ കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ മൊബൈൽഫോണിൽ എം.ഡി.എം.എയുടെയും കഞ്ചാവിന്റെയും വിവിധതരത്തിലുള്ള ചിത്രങ്ങൾ സേവ് ചെയ്തിരുന്നു. സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് വിദ്യാർത്ഥികളെ ചിത്രങ്ങൾ കാട്ടി ലഹരിയിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടതായി ഇയാൾ സമ്മതിച്ചത്.
തുടർന്നാണ് എൻ.ഡി.പി.എസ് ആക്ടിന് പുറമെ, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. 12 മോഷണക്കേസുകളിൽ പ്രതിയാണെങ്കിലും ആദ്യമായാണ് ലഹരിയുമായി പിടിയിലാകുന്നത്. പ്ലാറ്റ്ഫോമിൽ നിന്ന് കസ്റ്റഡിയിലെടുക്കുമ്പോൾ യാത്രാടിക്കറ്റ് കൈവശം ഉണ്ടായിരുന്നില്ല. എസ്.ഐ എ.നിസാറുദ്ദീന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |