
കോഴിക്കോട്: കടബാദ്ധ്യതയും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും മൂലം വിപണിയിൽ തളർന്ന് പോയ കുടുംബശ്രീ ചെറുകിട സംരംഭങ്ങൾക്ക് പുനർജീവൻ നൽകാൻ ‘പുനർജ്വാല’ പ്രവർത്തനം നിലച്ച സംരംഭങ്ങളെ തിരിച്ചറിഞ്ഞ് ആവശ്യമായ പിന്തുണ നൽകി വീണ്ടും സജീവമാക്കുന്നതിനൊപ്പം നിലവിൽ പ്രവർത്തിക്കുന്ന സംരംഭങ്ങളുടെ സ്ഥിരത ഉറപ്പാക്കുകയുമാണ് ‘പുനർജ്വാല’ കാമ്പെയിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജില്ലയിലെ കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികളിൽ (സി.ഡി.എസ്) പ്രവർത്തിക്കുന്ന സൂക്ഷ്മസംരംഭങ്ങളുടെ സമഗ്ര വിലയിരുത്തൽ ആരംഭിച്ചു. ജില്ലയിൽ വിവിധ ഘട്ടങ്ങളിലായി ആയിരക്കണക്കിന് കുടുംബശ്രീ സംരംഭങ്ങളാണ് പാതിവഴിയിൽ നിലച്ചത്. നിലവിൽ 8200 സംരംഭങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളതിൽ 200 സംരംഭങ്ങൾ നിലച്ച സ്ഥിതിയാണ്.
പുനർജ്വാല
ഓരോ സി.ഡി.എസ് തലത്തിലും കുടുംബശ്രീ മിഷനിലെ സൂക്ഷ്മസംരംഭ കൺസൾട്ടന്റുമാർ വിവിധ ഗ്രൂപ്പുകളിൽ ചർച്ചകൾ സംഘടിപ്പിച്ച് സംരംഭകരുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കും.സംരംഭത്തിന്റെ നിലവിലെ പ്രവർത്തനാവസ്ഥ, വരുമാനം, വിപണനരീതി, സാമ്പത്തിക സുസ്ഥിരത, തൊഴിൽസൃഷ്ടി, വളർച്ചാസാധ്യത, നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്നിവ വിലയിരുത്തും. ഓരോ സംരംഭത്തിന്റെയും വിപണിസാധ്യത സംബന്ധിച്ച പഠനം നടത്തും. തുടർന്ന് സംരംഭങ്ങളെ വിവിധ വിഭാഗങ്ങളായി തിരിച്ച് ആവശ്യാനുസരണം സാമ്പത്തിക സഹായം, സാങ്കേതിക പിന്തുണ, ബ്രാൻഡിംഗ്, പാക്കേജിംഗ്, വിപണനസഹായം, പ്രൊഫഷണൽ സേവനങ്ങൾ എന്നിവ ലഭ്യമാക്കും. പ്രാദേശികമായി സാദ്ധ്യതയുള്ള പുതിയ സംരംഭങ്ങൾ കണ്ടെത്തി വനിതകൾക്ക് പരിശീലനം, സാമ്പത്തിക സഹായം എന്നിവ നൽകും. ആദ്യഘട്ടത്തിൽ ബ്ലോക്ക് തലത്തിലും തുടർന്ന് ജില്ലാ തലത്തിലേക്കും വ്യാപിപ്പിക്കും. മികച്ച പ്രകടനം നടത്തുന്ന സംരംഭങ്ങളെ ക്ലസ്റ്റർ വികസനം, യൂണിറ്റ് വിപുലീകരണം, ബ്രാൻഡ് ശൃംഖല രൂപീകരണം, മൂല്യവർധിത ഉല്‍പ്പാദനം എന്നിവയിലൂടെ ഹയർ ഓർഡർ സംരംഭങ്ങളാക്കും. കുടുംബശ്രീയുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹായധന പദ്ധതികൾ, സബ്‌സിഡികൾ, ബാങ്ക് വായ്പകൾ എന്നിവ ഏകോപിപ്പിച്ച് സംരംഭവികസനത്തിന് വഴിയൊരുക്കാനും ‘പുനർജ്വാല’ ലക്ഷ്യമിടുന്നു.
ഉൾപ്പെടുന്നവ
അമൃതം ന്യൂട്രിമിക്‌സ്, കഫേ കുടുംബശ്രീ, സാനിറ്ററി നാപ്കിൻ യൂണിറ്റുകൾ, അപ്പാരൽ പാർക്കുകൾ, ഇ-സേവാ കേന്ദ്രങ്ങൾ, ഹരിതകർമസേന, വനിതാ കൺസ്ട്രക്‌ഷൻ ഗ്രൂപ്പുകൾ, ജനകീയ ഹോട്ടലുകൾ, സാന്ത്വനം യൂണിറ്റുകൾ, ഐടി യൂണിറ്റുകൾ.
''ഒക്ടോബർ അവസാനത്തോടെ കാമ്പെയിൻ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്''-എം.കെ ശ്രീഹരി, കുടുബശ്രീ ജില്ലാ പോഗ്രാം മാനേജർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |