മാനന്തവാടി: ഓപ്പറേഷൻ തിയേറ്ററിലുണ്ടായിരുന്ന ചോർച്ചയെ തുടർന്ന് വയനാട് ഗവ. മെഡിക്കൽ കോളേജിൽ തിമിര ശസ്ത്രക്രിയ മുടങ്ങി. ഇരിട്ടി സ്വദേശിയായ വമ്പേരി കുമാരി (73)യുടെ ശസ്ത്രക്രിയയാണ് മുടങ്ങിയത്. മാസങ്ങൾക്കുമുമ്പേ തിമിര ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് കുമാരി വയനാട് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. ഒന്നര മാസം മുമ്പ് ശസ്ത്രക്രിയയ്ക്ക് എത്തിയിരുന്നെങ്കിലും മഴമൂലം മടക്കി അയച്ചു. പിന്നീട് എത്തിയപ്പോൾ വെള്ളിയാഴ്ചയാണ് ശസ്ത്രക്രിയയ്ക്കുള്ള തീയതി നൽകിയത്. ഇതിനാലാണ് കുമാരി രാവിലെ മകളോടൊപ്പം ആശുപത്രിയിലെത്തിയത്. വാളാടുള്ള മകൾ സുലേഖയുടെ വീട്ടിൽ താമസിച്ചാണ് കുമാരി ശസ്ത്രക്രിയ നടത്താനായി ഒരുങ്ങിയത്. ശസ്ത്രക്രിയയ്ക്കായി വെള്ളിയാഴ്ച രാവിലെ 8.30ഓടെയാണ് കുമാരി ആശുപത്രിയിലെത്തിയത്. 9.15നാണ് ശസ്ത്രക്രിയയ്ക്കായി സമയം നൽകി. ശസ്ത്രക്രിയയ്ക്കു മുന്നോടിയായി കണ്ണിൽ മരുന്നൊഴിക്കുകയും ഓപ്പറേഷനുള്ള വസ്ത്രം ധരിപ്പിക്കുകയും ചെയ്തിരുന്നു . അതിനിടയ്ക്കാണ് തിയേറ്ററിൽ വെള്ളമായതിനാൽ ശസ്ത്രക്രിയ നടത്താൻ കഴിയില്ലെന്ന് ഇവരെ അറിയിക്കുന്നത്. വിവരമറിഞ്ഞതിനെ തുടർന്ന് സ്ഥലത്തെത്തിയ സി.പി.എം നേതാക്കളായ കെ.ടി. വിനു, എ.കെ. റൈഷാദ് എന്നിവർ കുമാരിയുമായി ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിലെത്തി പ്രതിഷേധിച്ചു. സൂപ്രണ്ട് ഡോ. സി.കെ. ജീവൻലാലുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ തിയേറ്റർ പ്രവർത്തന സജ്ജമാക്കുന്ന മുറയ്ക്ക് വേഗത്തിൽ കുമാരിക്ക് ശസ്ത്രക്രിയയ്ക്കുള്ള തീയതി നൽകാമെന്നറിയിച്ചു. പ്രതിഷേധം കണക്കിലെടുത്ത് മാനന്തവാടി എസ്.ഐ. കെ.എൻ. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. അറ്റകുറ്റപണികൾക്കായി തിയേറ്റർ രണ്ടാഴ്ചത്തേക്ക് അടച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |