കോഴിക്കോട്: പാർക്കിംഗിന് ഇടമില്ലാതെ നഗരത്തിലെത്തുന്ന വാഹന ഉടമകൾ വലയുമ്പോൾ വാണിജ്യ സ്ഥാപനങ്ങളുടെ പാർക്കിംഗ് സ്ഥലങ്ങൾ കച്ചവടത്തിനായി ഉപയോഗിക്കുന്നുവെന്ന് ആക്ഷേപം. കെട്ടിട നിർമ്മാണാനുമതിക്കായി അപേക്ഷിക്കുമ്പോൾ പാർക്കിംഗ് സൗകര്യമുണ്ടെന്ന് കാണിക്കുമെങ്കിലും നിർമ്മാണത്തിന് ശേഷമാണ് ഇത് വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. നഗരത്തിലെ പ്രമുഖ സ്ഥാപനങ്ങൾ വരെ പാർക്കിംഗ് സ്ഥലം ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് വിവരം. ഇതോടെ വാണിജ്യ സ്ഥാപനങ്ങളിലെത്തുന്നവർക്ക് പോലും റോഡിൽ, കിട്ടുന്ന സ്ഥലത്ത് പാർക്ക് ചെയ്യേണ്ടിവരുന്നു. നഗരത്തിലെ കുരുക്ക് കൂടാൻ ഇതും കാണമാകുന്നുണ്ട്. ഇതു സംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷനും പരാതി ലഭിച്ചിട്ടുണ്ട്. കോഴിക്കോട് നഗരത്തിലെ വാഹനപാർക്കിംഗ് കാരണം സഞ്ചാര സ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നുവെന്ന പരാതിയിലാണ് ഉത്തരവ്. കെട്ടിടങ്ങൾക്ക് പ്ലാൻ അനുവദിക്കുമ്പോൾ മതിയായ പാർക്കിംഗ് സൗകര്യങ്ങൾ അനുവദിക്കണമെന്നും പരാതിക്കാരനായ ജെ.വി. ജോസ് ആവശ്യപ്പെട്ടു. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ കോർപ്പറേഷനോടും മറ്റും ആവശ്യപ്പെട്ടു. കോഴിക്കോട് മുൻസിപ്പൽ കോർപ്പറേഷൻ സെക്രട്ടറിക്കാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. അനുവദിച്ചിട്ടുള്ള പാർക്കിംഗ് സൗകര്യങ്ങൾ യഥാർത്ഥ ആവശ്യത്തിന് തന്നെ നിലനിർത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. കെട്ടിട ഉടമകൾ പാർക്കിംഗ് സ്ഥലങ്ങൾ അനധികൃതമായി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാൻ പരിശോധനയും തുടർനടപടികളും കോർപ്പറേഷൻ സ്വീകരിക്കണമെന്ന് ഉത്തരവിൽ പറഞ്ഞു.
വന്നില്ല പാർക്കിംഗ് പ്ളാസകൾ
പാർക്കിംഗ് പ്രശ്നം പരിഹരിക്കാൻ പ്ളാസകൾ തുടങ്ങാൻ കോർപ്പറേഷൻ തീരുമാനിച്ചെങ്കിലും നടന്നിട്ടില്ല. പദ്ധതി പ്രകാരം മിഠായിത്തെരുവിന് സമീപം ബഹുനില പാർക്കിംഗ് പ്ലാസ നിർമ്മിക്കാൻ ആലോചിച്ചിരുന്നു. ഇതിനായി ഇവിടുത്തെ കെട്ടിടം പൊളിച്ചെങ്കിലും സർക്കാർ അനുമതി ലഭിച്ചില്ല. നഗരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമില്ലെന്നും ഉള്ളിടത്ത് പാർക്ക് ചെയ്താലുടൻ പിഴയടയ്ക്കണമെന്നും കാണിച്ച് മനുഷ്യാവകാശ കമ്മിഷനും പരാതി കിട്ടിയിരുന്നു. റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലെ പാർക്കിംഗ് പ്ളാസ ഒരു കെട്ടിടം മാത്രമായി അവശേഷിച്ചു. വൈക്കം മുഹമ്മദ് ബഷീർ റോഡ്, ടൗൺഹാൾ റോഡ് എന്നിവിടങ്ങളിൽ പാർക്കിംഗ് അനുവദിച്ചിട്ടില്ല.
പാർക്കിംഗിന് ഇടമില്ലാത്ത പ്രധാന സ്ഥലങ്ങൾ
വെെക്കം മുഹമ്മദ് ബഷീർ റോഡ്, ടൗൺഹാൾ റോഡ്, മുതലക്കുളം, അരയിടത്തു പാലം, വെസ്റ്റ് ഹിൽ വരെയുള്ള കണ്ണൂർ റോഡ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |