SignIn
Kerala Kaumudi Online
Monday, 28 September 2026 4.55 AM IST

കാരുണ്യമുള്ള ദൈവമായിരുന്നു രമേശൻ പാലേരി: എം മുകുന്ദൻ

img
യു.എൽ.സി.സിയിൽ രമേശൻ പാലേരിയുടെ ഛായാചിത്രം എം മുകുന്ദൻ അനാച്ഛാദനം ചെയ്തപ്പോൾ

വടകര:കാരുണ്യമുള്ള ദൈവമായിരുന്നു ഊരാളുങ്കൽ ലേബർ സൊസൈറ്റി ചെയർമാനായിരുന്ന രമേശൻ പാലേരിയെന്ന് സാഹിത്യകാരൻ എം മുകുന്ദൻ പറഞ്ഞു. സൊസൈറ്റി ആസ്ഥാനത്ത് അദ്ദേഹത്തിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തിന്റെ ലോകത്ത് ജയിക്കാൻ വേണ്ടി മനുഷ്യൻ എന്തും ചെയ്യും. ലോകത്തു വിജയിച്ചിട്ടുള്ള എല്ലാ വലിയ സ്ഥാപനങ്ങളും മനുഷ്യരെ തിരസ്ക്കരിച്ചാണ് വളർന്നത്. എന്നാൽ ഊരാളുങ്കൽ സൊസൈറ്റി ഒരിക്കലും മനുഷ്യരെ മറന്നില്ല. ശക്തനായിരുന്നപ്പോഴും ഏറ്റവും താഴെയുള്ള മനുഷ്യരെപ്പോലും രമേശൻ സ്നേഹിച്ചിരുന്നു, കാരുണ്യത്തോടെ നോക്കിയിരുന്നു. യന്ത്രങ്ങളും മനുഷ്യരും ശത്രുക്കളല്ല, ഒന്നിച്ചുനിന്നു മുന്നോട്ടുപോകേണ്ടവയാണ് എന്നു മനസിലാക്കി പ്രവർത്തിക്കാനുള്ള ഉൾക്കാഴ്ച ഉണ്ടായിരുന്നയാളാണ് രമേശൻ. അദ്ദേഹം ഏറ്റവും ആധുനികമായ യന്ത്രങ്ങൾ കൊണ്ടുവന്ന് സഹവർത്തിത്വത്തോടെ പ്രവർത്തിപ്പിച്ചുവെന്നും മുകുന്ദൻ ചൂണ്ടിക്കാട്ടി. സങ്കല്പിക്കാനാവാത്ത ഉയരങ്ങളിലേക്കു സൊസൈറ്റിയെ കൈപിടിച്ചുയർത്തിയ രമേശൻ പാലേരി അതിന്റെ ഭാവിയെപ്പറ്റി കണ്ട സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാനുള്ള ദൗത്യത്തിന് അദ്ദേഹത്തിന്റെ ഓർമ്മകളും അദ്ദേഹത്തിൽനിന്നു പഠിച്ച പാഠങ്ങളും പകർന്നുതന്ന ആത്മവിശ്വാസവും കരുത്താകുമെന്ന് അദ്ധ്യക്ഷത വഹിച്ച ചെയർമാൻ എസ്. ഷാജു പറഞ്ഞു. വൈസ് ചെയർമാൻ എം.എം സുരേന്ദ്രൻ, സീനിയർ ഡയറക്ടർ കെ.ടി.കെ അനന്തൻ, യു.എൽ.സി.സി.എസ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എം. ജയരാജ് എന്നിവർ പ്രസംഗിച്ചു. മാനേജിംഗ് ഡയറക്ടർ പ്രവീൺ കുമാർ കെ. സ്വാഗതവും ജി.എം അഡ്മിൻ കെ.പി ഷാബു നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, ULCCS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL