സുൽത്താൻ ബത്തേരി: വനത്തിന്റെ സ്വഭാവികതയെ നശിപ്പിച്ചുകൊണ്ട് പടർന്ന് പന്തലിച്ച് വരുന്ന അധിനിവേശ സസ്യമായ കൊങ്ങിണി (അരിപ്പു) ച്ചെടി ഇനി മുതൽ ആനയും കാട്ടുപോത്തും മയിലുമെല്ലാമായി മാറും. ചെടി പുഴുങ്ങി ഉണക്കി വന്യമൃഗങ്ങളെ ഉണ്ടാക്കി വിൽക്കുകയാണ് ചെയ്യുന്നത്. അധിനിവേശ സസ്യങ്ങളായ മഞ്ഞകൊന്നയും കൊങ്ങിണിയും കമ്മ്യൂണിസ്റ്റ് പച്ചയുമെല്ലാം വനത്തിന്റെ സ്വഭാവികതയെ നശിപ്പിക്കുകയും പരിസ്ഥിതിയ്ക്ക് തന്നെ ദോഷകരമാവുകയും ചെയ്യുന്നതിനാൽ ഇവ നശിപ്പിക്കാൻ വനംവകുപ്പ് വഴി അന്വേഷിക്കുന്നതിനിടയിലാണ് മൃഗരൂപങ്ങളെ കുറിച്ച് അറിയുന്നത്. ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ തമിഴ്നാട്ടിലെ തെറപ്പള്ളിയിൽ രൂപങ്ങൾ ഉണ്ടാക്കുന്ന ഷോലെ ട്രസ്റ്റിനെ കണ്ടെത്തുകയായിരുന്നു. ചെടി പുഴുങ്ങി ഉണക്കിയാണ് രൂപങ്ങൾ ഉണ്ടാക്കുന്നത്. കൊങ്ങിണി ശേഖരിച്ച് തെറപ്പള്ളിയിൽ കൊണ്ടുപോയി പുഴുങ്ങി ഉണക്കി വയനാട്ടിലെ കല്ലുമുക്കിലുള്ള നിർമ്മാണകേന്ദ്രത്തിലെത്തിച്ചാണ് രൂപം ഉണ്ടാക്കുക. കമ്പക്കാട്, കോളൂർ ഉന്നതിയിലെ ഗോത്ര വർഗക്കാരായ യുവാക്കളെയാണ് നിർമ്മാണ പ്രവർത്തനത്തിന് വിനിയോഗിക്കുന്നത്. ഉന്നതിവാസികൾക്ക് തൊഴിലും വരുമാനവും ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. വയനാട്ടിൽ തന്നെ നിർമ്മാണം നടത്താൻ പരിശീലനത്തിന് തെറപ്പള്ളിയിൽ നിന്നുള്ള ട്രെയിനറുണ്ട്.
രൂപങ്ങൾ ഇങ്ങനെ
പുഴുങ്ങി ഉണക്കികൊണ്ടുവരുന്ന കൊങ്ങിണി ചീകി വൃത്തിയാക്കിയാണ് വന്യമൃഗത്തിന്റെ രൂപത്തിനനുസരിച്ച് നിർമ്മിക്കും. ഫ്രയിമിന്റെ കാലുകളും മറ്റും മരത്തിലും കമ്പിയിലും നിർമ്മിക്കും രൂപം താങ്ങിനിർത്താനാണിത്. കൊങ്ങിണി വടികൊണ്ട് പൊതിഞ്ഞ് മൃഗത്തിന്റെ രൂപത്തിനനുസരിച്ച് മൊട്ടുസൂചിയും നൂൽകമ്പിയും കൊണ്ട് കെട്ടും. ഒരു മാസംകൊണ്ട് നാലു പേർ ചേർന്നാൽ ഏഴ് അടിയിലുള്ള ഒരു ആന റെഡി. ഏഴ് അടിയിലും മൂന്ന് അടിയിലുമുള്ള ആനകളെയാണ് നിർമ്മിക്കുന്നത്. ഇങ്ങനെ നിർമ്മിക്കുന്ന ആനകളെ ഷോലെ ട്രസ്റ്റ് തന്നെ വാങ്ങി വിദേശത്തേയ്ക്ക് കയറ്റി അയക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |