കോഴിക്കോട്: ദിവസങ്ങൾ നീണ്ട പ്രചാരണത്തിനും കൊട്ടിക്കലാശത്തിനും നിശ്ശബ്ദ പ്രചാരണത്തിനുമൊടുവിൽ കുറ്റിച്ചിറ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. എട്ട് ബൂത്തുകളിലായി 9,712 വോട്ടർമാർ വോട്ട് രേഖപ്പെടുത്തും. വൈകിട്ട് ആറുവരെയാണ് പോളിംഗ്. 29ന് രാവിലെ പത്തിന് വോട്ടെണ്ണൽ നടക്കും. ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഏക ഡിവിഷനാണ് കുറ്റിച്ചിറ. കുറ്റിച്ചിറയിലെ കൗണ്‍സിലറായിരുന്ന ഫാത്തിമ തഹ്ലിയ പേരാമ്പ്രയില്‍നിന്ന് എം.എല്‍.എ.യായതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. തഹ്ലിയയുടെ പിന്‍ഗാമിയായി യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായാണ് ഫര്‍സീന അറയ്ക്കല്‍ മത്സരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തഹ്ലിയ നേടിയ 2,273 വോട്ടിന്റെ ഭൂരിപക്ഷം നിലനിർത്തുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യം. സിറ്റിംഗ് സീറ്റായതിനാൽ വലിയ പ്രതീക്ഷയിലാണ് മുന്നണി. ഡിവിഷൻ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്. ഐ.എൻ.എല്ലിലെ ടി.ടി. ജംഷീനയാണ് സ്ഥാനാർത്ഥി. വോട്ടുവിഹിതം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എൻ.ഡി.എയും മത്സരരംഗത്തുള്ളത്. ബി.ജെ.പിയിലെ കെ. ജീജയാണ് എൻ.ഡി.എ സ്ഥാനാർത്ഥി. വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കുറ്റിച്ചിറ ഡിവിഷൻ പരിധിയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് പ്രാദേശിക അവധിയായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |