
കോഴിക്കോട്: കുട്ടികളിൽ തക്കാളിപ്പനി (ഹാൻഡ്, ഫുട്ട് ആൻഡ് മൗത്ത് ഡിസീസ്) വ്യാപകമായതോടെ കരുതൽ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ രണ്ടാഴ്ചക്കിടെ പത്തോളം കുഞ്ഞുങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസത്തെ കടുത്ത പനിക്കു പിന്നാലെയാണ് പലരിലും രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്. പനി ആരംഭിച്ച് പിന്നീട് ശരീരത്തിലും കൈവെള്ളയിലും കാൽവെള്ളയിലും വായ്ക്കുള്ളിലും പിൻ ഭാഗത്തുമെല്ലാം ചുവന്ന കുമിളകൾ പ്രത്യക്ഷപ്പെടുന്നതാണ് പ്രധാന ലക്ഷണം. വായ്ക്കുള്ളിൽ കുരുക്കൾ ഉണ്ടാകുന്നതിനാൽ ഭക്ഷണവും വെള്ളവും കഴിക്കാൻ പ്രയാസമുണ്ടാകുന്നു. വേദന, ചൊറിച്ചിൽ, അസ്വസ്ഥത എന്നിവയും സാധാരണയായി കണ്ടുവരുന്നുണ്ട്.
വെെറസ് രോഗം
ലഘുവായ വൈറസ് രോഗമാണ് തക്കാളിപ്പനി. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്ന് മുതൽ ആറ് ദിവസം വരെയാണ് രോഗലക്ഷണങ്ങൾ പ്രകടമാകാൻ എടുക്കുന്ന സമയം. അഞ്ചുവയസിന് താഴെയുള്ള കുട്ടികളിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. സാധാരണയായി ഒരാഴ്ചയ്ക്കുള്ളിൽ കുമിളകൾ കരിഞ്ഞുണങ്ങും. രോഗം ഭേദമായി ഏതാനും ആഴ്ചകൾക്കുശേഷം നഖങ്ങളും കൈകാലുകളിലെ തൊലിയും അടർന്നുപോകുന്ന അവസ്ഥയും ചിലരിൽ കണ്ടുവരുന്നു. കനത്ത ചൂടും കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനവുമാണ് രോഗവ്യാപനം വർദ്ധിക്കാൻ കാരണം. അതേസമയം രോഗം മറ്റ് കുട്ടികളിലേക്ക് വേഗത്തിൽ പകരുന്നതിനാൽ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.
പകർച്ച സമ്പർക്കം വഴി
രോഗിയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്. രോഗി സ്പർശിച്ച വസ്തുക്കൾ, മൂക്കിലെയും തൊണ്ടയിലെയും സ്രവങ്ങൾ, ഉമിനീർ, കുമിളകളിലെ സ്രവങ്ങൾ എന്നിവയിലൂടെയും രോഗം പകരാം. അങ്കണവാടികളിലും ശിശുപരിപാലന കേന്ദ്രങ്ങളിലും ഒരു കുട്ടിയിൽ നിന്ന് മറ്റുകുട്ടികളിലേക്ക് രോഗം വേഗത്തിൽ പകരാൻ സാദ്ധ്യതയുണ്ട്. രോഗബാധിതരായ കുട്ടികളെ മറ്റ് കുട്ടികളിൽനിന്ന് അകറ്റിനിർത്തുകയും ശരീരം വൃത്തിയായി സൂക്ഷിക്കുകയും വേണം. ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന കുമിളകൾ ചൊറിഞ്ഞ് പൊട്ടാതിരിക്കാനും ശ്രദ്ധിക്കണം.
പടർന്ന് ഇൻഫ്ലുവൻസയും
വായുവിലൂടെ പകരുന്ന ഇൻഫ്ലുവൻസ വൈറസും ജില്ലയിൽ വ്യാപകമായി പടർന്നുപിടിക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ 30 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സാധാരണ പനിയായി തോന്നുമെങ്കിലും തൊണ്ട, മൂക്ക്, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ഇൻഫ്ലുവൻസ ഒരു ശ്വാസകോശ വൈറസ് കൂടിയാണ്. രോഗം ബാധിച്ച വ്യക്തിയുടെ ഉമിനീർ തുള്ളികളിൽ നിന്നുമാണ് മറ്റുള്ളവർക്ക് പകരുന്നത്. ഇൻഫ്ലുവൻസ വൈറസ് വഹിക്കുന്ന പ്രതലങ്ങളിൽ സ്പർശിച്ചാൽ, ആ കൈ കൊണ്ട് മൂക്കിന്മേലോ, വായിലോ, കണ്ണിലോ തൊട്ടാൽ വൈറസ് എളുപ്പത്തിൽ മറ്റുള്ളവരുടെ ശരീരത്തിൽ എത്തും. വൈറൽപ്പനിക്കു പുറമേ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, അഞ്ചാംപനി ഷിഗെല്ല, ഹെപ്പറ്റൈറ്റിസ്, മലേറിയ തുടങ്ങിയ മാരകമായ പകർച്ചവ്യാധികളും പടർന്നുപിടിക്കുകയാണ്. കാലാവസ്ഥ മാറ്റമാണ് പ്രധാനമായും രോഗങ്ങൾ പകരാൻ കാരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |