@ഒരു മാസം; ചികിത്സ തേടിയത് 23,412 പേർ
കോഴിക്കോട്: കാലാവസ്ഥയിലെ മാറ്റത്തിനൊപ്പം കോഴിക്കോട് ജില്ലയിൽ പനിബാധിതരുടെ എണ്ണവും ഉയരുന്നു. സർക്കാർ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നവരുടെ തിരക്ക് ദിനംപ്രതി വർദ്ധിക്കുകയാണ്. കഴിഞ്ഞ മാസം മാത്രം ജില്ലയിൽ 23,412 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വൈറൽ പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 5,000ത്തോളം വരും.
വൈറൽ പനിക്കൊപ്പം ഡെങ്കിപ്പനിയും ജില്ലയിൽ കൂടുന്നുണ്ട്. പനി, തലവേദന, ശരീരവേദന, കടുത്ത ക്ഷീണം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളുമായാണ് പലരും ചികിത്സ തേടിയെത്തുന്നത്. ചിലരിൽ ഭക്ഷണം കഴിക്കുമ്പോൾ രുചിയില്ലായ്മയും രക്തസമ്മർദ്ദം കുറയുന്നതും ഉൾപ്പെടെയുള്ള ലക്ഷണങ്ങളും കാണപ്പെടുന്നുണ്ട്. സാധാരണയായി രണ്ടോ മൂന്നോ ദിവസത്തിനകം കുറയുന്ന വൈറൽ പനി ഇപ്പോൾ കൂടുതൽ ദിവസങ്ങൾ നീണ്ടുനിൽക്കുകയാണ്. പനി മാറിയ ശേഷവും ക്ഷീണം വിട്ടുമാറാത്തതാണ് മറ്റൊരു പ്രധാന പ്രശ്നം. പനി മാറിയാലും ദിവസങ്ങളോളം ശാരീരിക അവശത തുടരുന്നതിനാൽ ജോലികളിലേക്കും സാധാരണ ജീവിതത്തിലേക്കും തിരിച്ചെത്താൻ പലർക്കും കഴിയുന്നില്ല. രോഗികളുടെ എണ്ണം കൂടിയതോടെ സർക്കാർ ആശുപത്രികളിലെത്തുന്നവരുടെ കാത്തിരിപ്പ് സമയവും വർദ്ധിച്ചിട്ടുണ്ട്.
ആശുപത്രികളിലും തിരക്ക്
പനിബാധിതരുടെ എണ്ണം ഉയർന്നതോടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികളിലും കൂടുതൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണ്. നിലവിലുള്ള ജീവനക്കാരെ ഉപയോഗിച്ച് രോഗികളുടെ വർദ്ധിച്ച തിരക്ക് കൈകാര്യം ചെയ്യേണ്ടിവരുന്നത് ചികിത്സാ സംവിധാനങ്ങൾക്കും വെല്ലുവിളിയാകുന്നുണ്ട്. കാലാവസ്ഥാവ്യതിയാനവും ചൂട് വർദ്ധിച്ചതും വൈറൽ പനിയുടെ വ്യാപനത്തിന് അനുകൂല സാഹചര്യമൊരുക്കുന്നതായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ കൊതുകുകളുടെ വർദ്ധനയും പരിസര ശുചിത്വത്തിലെ വീഴ്ചകളും ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ വ്യാപനത്തിന് കാരണമാകുന്നുണ്ട്.
ശ്രദ്ധിക്കാം, ഇക്കാര്യങ്ങൾ
വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക
ആശുപത്രികളിലെത്തുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണം.
പനി ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറുടെ സേവനം തേടണം
സ്വയംചികിത്സ അരുത്
ഇടയ്ക്കിടെ സോപ്പ്, സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ കഴുകുക
രോഗലക്ഷണമുള്ളവരുമായി അടുത്ത സമ്പർക്കം കുറയ്ക്കുക.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മൂടുക
പനി പടരുന്നുണ്ട്, വയനാട്ടിലും
ഷമീർ മാനന്തവാടി
മാനന്തവാടി: കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടർന്ന് വയനാട്ടിൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.ഐ.എച്ച്.ഐ.പി പോർട്ടലിൽ ഉൾപ്പെടുന്ന എല്ലാ കേസുകളും ഉൾപ്പെടെ ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ ഈ മാസം ഇതുവരെയായി പനി ബാധിച്ച് ചികിത്സ തേടിയത് 16864 പേർ. കഴിഞ്ഞ മാസം ഇത് 16,118 ആയിരുന്നു, ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ വർഷം ഇതുവരെയായി 107 258 പേർ പനി ബാധിച്ച് ചികിത്സ തേടി.
സെപ്തംബറിൽ 80 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു, ആഗസ്റ്റിൽ 101 പേരായിരുന്നു രോഗബാധിതർ.ചിക്കൻ പോക്സ് ബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ആഗസ്റ്റിൽ ഇത് 109 ആയിരുന്നുവെങ്കിൽ ഈ മാസം 96 ആണ്. എലിപ്പനി ബാധിച്ച് ആഗസ്റ്റിൽ 20 പേർ ചികിത്സ തേടിയപ്പോൾ കഴിഞ്ഞമാസം ഇത് 15 ആയി കുറഞ്ഞു.
മഴ മാറി ചൂട് കൂടുന്നതോടെയാണ് പനിബാധിതരുടെ എണ്ണം വർദ്ധിച്ചത്. പനി വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും സ്വയം ചികിത്സ നടത്താതെ സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളിലെത്തണമെന്നും, ശുചീകരിച്ച വെള്ളം ഉപയോഗിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |