നീട്ടിയത് ബംഗളൂരുവിലേക്ക്
കോഴിക്കോട്: പാലക്കാട് ഡിവിഷൻ വിഭജനത്തിന് പിന്നാലെ മംഗളൂരു-മഡ്ഗാവ് വന്ദേഭാരത് കോഴിക്കോട്ടേയ്ക്ക് നീട്ടണമെന്ന കാലങ്ങളായുള്ള ആവശ്യവും റെയിൽവേ തള്ളി . ഈ ട്രെയിൻ ബംഗളൂരുവിലേക്ക് നീട്ടിയതോടെ മലബാറിന്റെ പ്രതീക്ഷയ്ക്ക് ഇരുട്ടടിയായി.
മലബാറിലെ യാത്രാക്ളേശം കുറയ്ക്കാൻ മെമു സർവീസ് ഉൾപ്പെടെ കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന് യാത്രക്കാരും സംഘടനകളും ആവശ്യപ്പെടുമ്പോഴാണ് അവഗണന തുടരുന്നത്. മംഗളൂരു-മഡ്ഗാവ് വന്ദേഭാരത് കോഴിക്കോട്ടേയ്ക്ക് നീട്ടണമെന്ന് എം.പിമാരും കത്തുകളിലൂടെയും നേരിട്ടും ആവശ്യപ്പെട്ടിരുന്നു. എം.കെ രാഘവൻ, പി.ടി ഉഷ, ഷാഫി പറമ്പിൽ, സുരേഷ് ഗോപി തുടങ്ങിയ എം.പിമാരാണ് വന്ദേഭാരത് കോഴിക്കോട്ടേയ്ക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് റെയിൽവേയ്ക്ക് കത്ത് കൊടുത്തിരുന്നത്. ഡിവിഷൻ വിഭജനത്തിലൂടെയുണ്ടാകുന്ന നഷ്ടത്തെ തുടർന്ന് ഭാവിയിൽ പാലക്കാട് ഡിവിഷൻ ഇല്ലാതാകുമെന്ന ആശങ്കയ്ക്കിടെയാണ് മലബാറിനോട് അവഗണന തുടരുന്നത്. ഡിവിഷൻ വിഭജനത്തിലൂടെ പാലക്കാടിനുള്ള എമർജൻസി ക്വാട്ടയടക്കം കുറയുമെന്നും പറയുന്നു. എം.പി ക്വാട്ടയെയും ഇത് ബാധിച്ചേയ്ക്കും. നിലവിലുള്ള ട്രെയിനുകളിൽ പലതും കോഴിക്കോട്ടേയ്ക്ക് നീട്ടുകയാണെങ്കിൽ റെയിൽവേയുടെ വരുമാനം കൂടും. ഇത് കൂടുതൽ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കാൻ സഹായകമാവും.
നിലവിൽ മംഗളൂരു-മഡ്ഗാവ് വന്ദേ ഭാരതിന് യാത്രക്കാർ കുറവാണ്. കോഴിക്കോട്ടേയ്ക്ക് നീട്ടിയാൽ ഈ പ്രശ്നം പരിഹരിക്കാനാവും. 35 ശതമാനത്തിൽ താഴെയാണ് നിലവിലെ ടിക്കറ്റ് ബുക്കിംഗ്. അതേസമയം മംഗളൂരു- തിരുവനന്തപുരം, കാസർകോട് - തിരുവനന്തപുരം വന്ദേ ഭാരത് സർവീസുകളിൽ ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണ്.
ശ്വാസം മുട്ടി യാത്ര
കേരളത്തിലെ പ്രധാന റെയിൽവേ റൂട്ടുകളിൽ വൈകിട്ട് ജോലി കഴിഞ്ഞും പഠനം കഴിഞ്ഞുമെത്തുന്ന യാത്രക്കാരുടെ എണ്ണം കൂടുതലാണ്. ഈ സമയത്ത് എക്‌സ്പ്രസ്, സൂപ്പർഫാസ്റ്റ് ട്രെയിനുകളിൽ പോലും വലിയ തിരക്കാണ്. ട്രെയിനുകളിൽ നിൽക്കാൻ പോലുമാകുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. ദീർഘദൂര യാത്രക്കാർക്ക് എക്‌സ്പ്രസ് ട്രെയിനുകളും, ഹ്രസ്വദൂര യാത്രക്കാർക്ക് മെമു, പാസഞ്ചർ ട്രെയിനുകളുമെന്ന രീതിയിൽ സർവീസുകൾ ക്രമീകരിക്കണം.
പീക്ക് സമയങ്ങളിൽ കൃത്യമായ ഇടവേളകളിൽ സർവീസ് നൽകിയാൽ എക്‌സ്പ്രസ്, സൂപ്പർഫാസ്റ്റ് ട്രെയിനുകളിലെ തിരക്ക് വലിയ തോതിൽ കുറയ്ക്കാം.
-എം.ഫിറോസ്
ഓർഗനൈസിംഗ് സെക്രട്ടറി,
മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |