കോഴിക്കോട്: കോഴിക്കോട്ട് ഒരുങ്ങുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റിന്റെ നിർമ്മാണത്തിന് വേഗം കൂട്ടി സർക്കാർ. 30 മാസത്തിനകം അവയവമാറ്റ ആശുപത്രിയുടെ നിർമാണം പൂർത്തിയാക്കാനാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദ്ദേശം. ടെൻഡർ നടപടികൾ പൂർത്തിയാക്കി വർക്ക് ഓർഡർ നൽകിയതോടെ നിർമ്മാണം ഉടൻ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. ചേവായൂർ ഗോൾഫ് ലിങ്ക് റോഡിലെ 20 ഏക്കർ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ ആശുപത്രി സമുച്ചയം ഒരുങ്ങുന്നത്. അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും ഒരിടത്ത് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതോടെ നിലവിൽ സ്വകാര്യ ആശുപത്രികളിൽ ഉയർന്ന ചെലവിൽ ലഭിക്കുന്ന അവയവമാറ്റ ചികിത്സയുടെ ചെലവ് മൂന്നിലൊന്നായി കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. 500ലേറെ കിടക്കകളുള്ള ആശുപത്രിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ 350 കിടക്കകളും 10 ഓപ്പറേഷൻ തിയേറ്ററുകളും ഒരുക്കും. ഐ.സി.യു, എച്ച്.ഡി.യു, ഡയാലിസിസ് സെന്റർ എന്നിവയ്ക്കുപുറമെ 14 സ്പെഷ്യാലിറ്റി വിഭാഗങ്ങളും പ്രവർത്തിക്കും. ട്രാൻസ്പ്ലാന്റേഷൻ മേഖലയിലെ ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കുമുള്ള പരിശീലന കേന്ദ്രമായും ഗവേഷണ സ്ഥാപനമായും ആശുപത്രി പ്രവർത്തിക്കും.
വർഷം ആയിരക്കണക്കിന് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ
കോർണിയ, വൃക്ക, കരൾ, ഹൃദയം, ശ്വാസകോശം, മജ്ജ തുടങ്ങിയവയുടെ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്താനുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്. വർഷം 1100 കോർണിയ, 520 വൃക്ക, 50 ഹൃദയം, 40 ശ്വാസകോശം, 120 മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്താനാണ് ലക്ഷ്യമിടുന്നത്.
മെഡി. കോളേജിൽ താത്കാലിക കേന്ദ്രവും
സ്ഥിരം ആശുപത്രിയുടെ നിർമാണം പൂർത്തിയാകുന്നതിന് മുമ്പ് അവയവമാറ്റ ചികിത്സ ആരംഭിക്കുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളേജിലും താത്കാലിക ട്രാൻസ്പ്ലാന്റ് സെന്റർ ഒരുക്കുന്നുണ്ട്. പി.എം.എസ്.എസ് ബ്ലോക്കിലെ ഒന്നാം നിലയിലും മൂന്നാം നിലയിലുമാണ് സൗകര്യങ്ങൾ സജ്ജമാക്കുന്നത്. 20 കിടക്കകളും രണ്ട് ഓപ്പറേഷൻ തിയേറ്ററുകളും രണ്ട് ഐ.സി.യു സൗകര്യങ്ങളും ഇവിടെ ഒരുക്കും. ആദ്യഘട്ടത്തിൽ കരൾ, വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കാണ് സൗകര്യമൊരുക്കുക. ചേവായൂരിലെ പ്രധാന ആശുപത്രി യാഥാർldഥ്യമാകുന്നതോടെ അവയവമാറ്റ ചികിത്സയ്ക്കൊപ്പം പരിശീലനവും ഗവേഷണവും ഉൾപ്പെടുന്ന സമഗ്ര കേന്ദ്രമായി സ്ഥാപനത്തെ വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |