കോഴിക്കോട്: ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്ന നഗരത്തെ രക്ഷിക്കാൻ മെട്രോ സിറ്റികളിൽ കാണാറുള്ള ഇന്റഗ്രേറ്റഡ് മൊബിലിറ്റി ഹബ് കോഴിക്കോട്ടും വേണമെന്ന ആവശ്യം ശക്തമാകുന്നു. നഗരത്തിലെത്തുന്ന വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുകയാണ്. മറ്റ് നഗരങ്ങളെ അപേക്ഷിച്ച് വീതി കുറഞ്ഞ റോഡുകളാണ് കോഴിക്കോട്ടുള്ളത്. ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ഒഴുക്ക് പ്രധാന ജംഗ്ഷനുകളിലെല്ലാം കുരുക്കുണ്ടാക്കുന്നു. രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും സമ്മേളനവും മാർച്ചുമുണ്ടെങ്കിൽ കുരുക്ക് പതിവിലും കൂടും. ആദായ നികുതി, ഡി.ഡി.ഇ, കമ്മിഷണർ ഓഫീസുകളിലേയ്ക്ക് മാർച്ച് നടക്കുമ്പോഴും കുരുക്ക് പതിവാണ്. കാൽനടക്കാരടക്കം ബുദ്ധിമുട്ടുന്നു. മൊബിലിറ്റി ഹബ് വന്നാൽ ഈ പ്രശ്നം ഒഴിവാകും. നഗരത്തിൽ പ്രവേശിക്കുന്ന വാഹനങ്ങൾ കുറയും. മലബാറിന്റെ പ്രധാന വാണിജ്യ, വിദ്യാഭ്യാസ, ആരോഗ്യ, ടൂറിസം കേന്ദ്രമാണ് കോഴിക്കോട്. നിലവിലെ ദീർഘദൂര, സിറ്റി ബസുകളും കെ.എസ്.ആർ.ടി.സിയും ഓട്ടോ - ടാക്‌സികളുമടക്കമുള്ള സ്വകാര്യ വാഹനങ്ങൾ എന്നിവയെ ഏകോപിപ്പിച്ച് ഒരിടത്ത് എത്തിക്കുന്ന രീതിയാണ് മൊബലിറ്റി ഹബ്. ഇരുചക്ര വാഹനങ്ങളടക്കം ഇവിടേയ്ക്ക് വരുന്ന തരത്തിലായിരിക്കണം പദ്ധതി. ഇതിന്റെ ഒരു മാതൃകയാണ് എറണാകുളം വെെറ്റിലയിലുള്ളത്. മലാപ്പറമ്പ്- തൊണ്ടയാട് ബെെപാസ് പോലെ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി സ്ഥാപിക്കണം. സിറ്റി, റീജിയണൽ, ദീർഘദൂര ബസുകൾക്ക് ഇവിടെയെത്താം. റെയിൽവെ സ്റ്റേഷൻ, കോഴിക്കോട് മെഡിക്കൽ കോളേജ്, മൊഫ്യൂസിൽ, പാളയം ബസ് സ്റ്റാൻഡുകൾ, ബീച്ച്, പ്രധാന വാണിജ്യ കേന്ദ്രങ്ങൾ, എയർപോർട്ട് എന്നിവയുമായി ബന്ധിപ്പിക്കുന്ന ഷട്ടിൽ സർവീസ് ഉറപ്പാക്കണം.
ചരക്ക് ഗതാഗതവും നിയന്ത്രിക്കണം
നഗരത്തിലെ ചരക്ക് ഗതാഗതം നിയന്ത്രിക്കാൻ ബെെപാസ് കേന്ദ്രീകരിച്ച് ലോജിസ്റ്റിക്സ്, വെയർഹൗസ് സംവിധാനമുണ്ടാക്കണമെന്നും നിർദ്ദേശമുണ്ട്. ഗതാഗതം, ടൂറിസം, വാണിജ്യം, നഗരവികസനം എന്നിവയെ ഒരൊറ്റ സംവിധാനത്തിലൂടെ ഏകോപിപ്പിക്കുന്നതാണ് രീതി.
ഉറപ്പാക്കേണ്ട മറ്റ് സംവിധാനങ്ങൾ
മൾട്ടി ലെവൽ പാർക്കിംഗ്
പാർക്ക് ആൻഡ് റെെഡ്
ഇ.വി ചാർജ്ജിംഗ് പോയിന്റ്
ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ
സ്മാർട്ട് ടിക്കറ്റിംഗ്
സി.സി.ടി.വി
റിയൽ ടെെം ബസ് ഇൻഫർമേഷൻ
ഇന്റഗ്രേറ്റഡ് മൊബിലിറ്റി ഹബ് കോഴിക്കോട് നഗരത്തിന്റെയും ഉത്തര മലബാറിന്റെയും ഭാവി വികസനത്തിനുള്ള പ്രധാന അടിസ്ഥാനസൗകര്യ പദ്ധതിയായി പരിഗണിക്കണം. സർക്കാർ അടിയന്തരമായി സാദ്ധ്യതാപഠനം നടത്തണം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
എ.പി അബ്ദുള്ളക്കുട്ടി, പ്രസിഡന്റ്, കാലിക്കറ്റ് ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |