കോഴിക്കോട്: തെരുവുകളിലെ അനധികൃത കച്ചവടങ്ങൾക്കെതിരെ സമരവുമായി വ്യാപാരികൾ രംഗത്ത്. തെരുവുകളിലെ അനധികൃത കച്ചവടം വർദ്ധിക്കുന്നത് നിയമാനുസൃതമായി വ്യാപാരം നടത്തുന്ന ചെറുകിട വ്യാപാരികളുടെ നിലനിൽപ്പിന് വെല്ലുവിളിയാകുന്ന സ്ഥിതിയാണ്. സ്ട്രീറ്റ് വെൻഡേഴ്‌സ് ആക്ട് പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കച്ചവടത്തിനായി പ്രത്യേകം കണ്ടെത്തിയ മേഖലകൾക്ക് പുറമെ തെരുവുകളിലും വ്യാപാരസ്ഥാപനങ്ങളുടെ പരിസരങ്ങളിലും കച്ചവടം വ്യാപകമാകുന്നതാണ് വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നത്. കടവാടക, ലൈസൻസ്, ജി.എസ്.ടി, തൊഴിൽനികുതി തുടങ്ങി വിവിധ ബാദ്ധ്യതകൾ നിറവേറ്റി കച്ചവടം നടത്തുന്ന വ്യാപാരികളുടെ ഉപജീവനത്തെ ഇത് നേരിട്ട് ബാധിക്കുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു. വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിൽ പോലും അനധികൃത കച്ചവടങ്ങൾ വർദ്ധിച്ചതോടെ കച്ചവടം കുറഞ്ഞ് പല വ്യാപാരികളും കടകൾ അടച്ചുപൂട്ടേണ്ട സാഹചര്യത്തിലാണ്. നിയമാനുസൃതമായി വ്യാപാരം നടത്തുന്നവർക്ക് നിരവധി സാമ്പത്തിക ബാദ്ധ്യതകൾ നിലനിൽക്കുമ്പോൾ, അതേ പ്രദേശത്ത് അനുമതിയില്ലാതെ കച്ചവടം നടത്തുന്നത് കടുത്ത മത്സരം സൃഷ്ടിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു. തെരുവ് കച്ചവടത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിയമപ്രകാരം നിശ്ചയിച്ച സ്ഥലങ്ങളിൽ മാത്രമായി കച്ചവടം പരിമിതപ്പെടുത്തണമെന്നാണ് സംഘടനയുടെ ആവശ്യം. നിശ്ചയിച്ച മേഖലകൾക്ക് പുറത്തുള്ള അനധികൃത കച്ചവടങ്ങൾ അടിയന്തരമായി ഒഴിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
6ന് കോർപ്പറേഷനിലേക്ക് മാർച്ച്
അനധികൃത തെരുവ് കച്ചവടങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആറിന് രാവിലെ 10ന് കോഴിക്കോട് കോർപ്പറേഷനിലേക്ക് മാർച്ചും ധർണയും നടത്താൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം. സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ധർണ ഉദ്ഘാടനം ചെയ്യും. ആവശ്യം പരിഹരിച്ചില്ലെങ്കിൽ മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കും ഗ്രാമപഞ്ചായത്തുകളിലേക്കും സമരം വ്യാപിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ പി.കെ. ബാപ്പുഹാജി, ജിജി കെ. തോമസ്, സുരേഷ് ബാബു, മനാഫ് കാപ്പാട്, വി. സുനിൽകുമാർ, എ.കെ. മൻസൂർ എന്നിവർ പങ്കെടുത്തു.
യു.പി.ഐ ഇടപാടിലും പ്രതിഷേധം
2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ ഏർപ്പെടുത്താനുള്ള നിർദേശത്തിനെതിരെയും സംഘടന പ്രതിഷേധം പ്രഖ്യാപിച്ചു. 15ന് യു.പി.ഐ പേയ്‌മെന്റ് ബഹിഷ്‌കരിക്കാനും അന്നേദിവസം തിരുവനന്തപുരത്തെ ലോക്ഭവനിലേക്ക് മാർച്ചും ധർണയും നടത്താനും തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |