SignIn
Kerala Kaumudi Online
Thursday, 22 October 2026 5.28 PM IST

ഭക്ഷണത്തിൽ മായം ചേർത്തവർക്ക് പണി കിട്ടി; ജില്ലയിൽ നാല് സ്ഥാപനങ്ങൾ അടച്ച് പൂട്ടി

മലപ്പുറം: പുതുവത്സരത്തോടനുബന്ധിച്ച് വിപണിയിലെ ഭക്ഷ്യവസ്തുക്കളിൽ മായമില്ലെന്ന് ഉറപ്പാക്കാൻ ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച നാല് സ്ഥാപനങ്ങൾ അടച്ച് പൂട്ടാൻ നോട്ടീസ് നൽകി. ഡിസംബർ 29 മുതൽ 31 വരെയാണ് പരിശോധന നടന്നത്. 170 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ലേബലില്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ വിൽപ്പനയ്ക്ക് വച്ചു, ഗുണനിലവാരമില്ലാത്ത ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു തുടങ്ങിയ കാരണങ്ങളാൽ 15 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

ഹെയർ ക്യാപ്പ്, നെറ്റ് എന്നിവ ഉപയോഗിക്കാത്തതുമായി ബന്ധപ്പെട്ട ചെറിയ ന്യൂനതകൾ പരിഹരിക്കാൻ നോട്ടീസ് നൽകിയത് 17 സ്ഥാപനങ്ങൾക്കാണ്. ലേബലില്ലാതെ കണ്ടെത്തിയ 30 കിലോഗ്രാം ഡേറ്റ്സ് ഭക്ഷ്യസുരക്ഷാ വകുപ്പ് നശിപ്പിച്ചു. മൂന്ന് കേക്കുകളുടെ സാമ്പിൾ പരിശോധനയ്ക്കായി കോഴിക്കോട് ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനയിൽ ഇക്കാര്യം ഉറപ്പ് വരുത്തിയാൽ തുടർ നടപടികളിലേക്ക് കടക്കും.
പ്രധാനമായും കേക്ക്, വൈൻ നിർമ്മാണ യൂണിറ്റുകളിലും ബേക്കറികളിലുമായിരുന്നു പരിശോധന. കേക്കുകളിലാണ് കൂടുതലും മായം കണ്ടെത്തിയത്. കാറ്ററിംഗ് യൂണിറ്റുകൾ, ചില്ലറ വിൽപ്പന ശാലകൾ, വഴിയോര ഭക്ഷണശാലകൾ എന്നിവിടങ്ങളിലും പരിശോധന നടത്തിയിരുന്നു. എക്‌സൈസ് വകുപ്പുമായി ചേർന്ന് ബാറുകളിലും പരിശോധന ശക്തമാക്കിയിരുന്നു. സ്ഥാപനങ്ങളുടെ ശുചിത്വം, ജീവനക്കാരുടെ വ്യക്തി ശുചിത്വം പരിശോധിച്ചു. നാല് സ്പെഷ്യൽ സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. രാത്രികാല പരിശോധനയും സജീവമായിരുന്നു.

ആകെ പരിശോധന - 170
നോട്ടീസ് നൽകിയത് - 15
ലൈസൻസില്ലാത്തവ - 4
ലേബലില്ലാത്തവ - 30 കിലോ ഡേറ്റ്സ്

ലാബിലേക്കയച്ചത്- 3

ജില്ലയിൽ മായം കലർന്ന ഭക്ഷ്യപദാർത്ഥങ്ങളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ഉപഭോക്താക്കൾ പായ്ക്കറ്റുകളിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ വാങ്ങുമ്പോൾ കാലാവധി രേഖപ്പെടുത്തിയതും ലേബൽ വിവരങ്ങൾ ഉള്ളവയും തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
സുജിത് പെരേര, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, FOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL