തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്കുള്ള യൂണിവേഴ്സിറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിന് 13ന് ചേരാൻ തീരുമാനിച്ചിരുന്ന സെനറ്റ് യോഗം മാറ്റിവച്ചു. സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിന് കേരള സർവകലാശാലയിൽ വിളിച്ചചേർത്ത യോഗത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു അദ്ധ്യക്ഷത വഹിച്ചത് വലിയ വിവാദമായിരുന്നു. സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നത് സംബന്ധിച്ച അവ്യക്തത കോടതിയുടെ പരിഗണനയിലായതിനാൽ പ്രതിനിധിയെ ഇപ്പോൾ തിരഞ്ഞെടുക്കേണ്ടതില്ലെന്ന പ്രമേയം സെനറ്റ് യോഗം അംഗീകരിക്കുകയായിരുന്നു. സമാനമായി കാലിക്കറ്റ് സർവകലാശാലയിലും ഉന്നത വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കാൻ സാദ്ധ്യത ഉണ്ടായിരുന്നതായാണ് അറിയുന്നത്.
യോഗം ചേരുന്നതിന് നോട്ടീസ് നൽകിയ ശേഷമാണ് യു.ജി.സി വി.സി നിയമനങ്ങളിൽ ഉൾപ്പടെ ഭേദഗതി വരുത്തിക്കൊണ്ടുള്ള കരട് നിയമ ഭേദഗതി പ്രസിദ്ധീകരിച്ചത്. പുതിയ നിയമം നിലവിൽ വന്നതിനുശേഷം സേർച്ച് കമ്മിറ്റി പ്രതിനിധിയെ തിരഞ്ഞെടുത്താൽ മതിയെന്നതിന്റെ അടിസ്ഥാനത്തിലാണ് യോഗം മാറ്റിവയ്ക്കാൻ വി.സി ഡോ. പി. രവീന്ദ്രൻ ഉത്തരവിട്ടത്.
സി.പി.എം സിൻഡിക്കേറ്റ് അംഗങ്ങൾ ഈ സാഹചര്യത്തിൽ പ്രത്യേക സെനറ്റ് യോഗം വിളിച്ചു ചേർക്കുന്നതിലെ പ്രസക്തിയിൽ വിസിയോട് സംശയം പ്രകടിപ്പിച്ചിരുന്നതായി അറിയുന്നു. യു.ജി.സിയുടെ പുതിയ നിയമഭേദഗതികൾക്കെതിരെ ഈ മാസം ചേരുന്ന നിയമസഭ യോഗത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ പ്രമേയം പാസാക്കാനും കോടതിയെ സമീപിക്കാനും സർക്കാർ തലത്തിൽ നീക്കമുണ്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |