കാളികാവ്: കാളികാവ് ചെങ്കോട് മലവാരത്തിൽ കാട്ടുതീ പടരുന്നു. മൂന്ന് ദിവസമായി തുടരുന്ന കാട്ടുതീയിൽ ഏക്കർ കണക്കിന് കാട് കത്തി നശിച്ചു. കാട്ടുതീ എത്രത്തോളം പ്രദേശത്തേക്ക് തീ പടർന്നിട്ടുണ്ടെന്ന് കൃത്യമായി പറയാനാവില്ല. വനംവകുപ്പും നാട്ടുകാരും ചേർന്ന് തീയണക്കാൻ ശ്രമം നടത്തുന്നുണ്ട്.
കാട്ടുതീ സ്വകാര്യ വ്യക്തികളുടെ തോട്ടത്തിലേക്കും പടർന്നിട്ടുണ്ട്. ഉള്ളാട്ടിൽ അബ്ദുൽ ഹമീദിന്റെ രണ്ടേക്കറിലെ 1500ലേറെ കവുങ്ങുകൾ കത്തി നശിച്ചു. മുണ്ടമ്പറ സലാം, നീരോലിക്കൽ ജോണി,നീരോലിക്കൽ റജി ചെറിയാൻ എന്നിവരുടെ തോട്ടങ്ങളിലേക്കും തീ പടർന്നു വ്യാപക നാശമുണ്ടായി.മൂന്നു ദിവസമായി തുടരുന്ന തീ ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല.
കഴിഞ്ഞ വർഷം ചോക്കാട് മലവാരത്തിലാണ് തീ ആദ്യം പടർന്നിരുന്നത്. ഈ വർഷം ചെങ്കോട് ഭാഗത്താണ് കാട്ടുതീയുടെ തുടക്കം. ഓരോ വർഷവും വനമേഖലയ്ക്ക് തന്നെ ഭീഷണിയാകുന്ന തരത്തിലാണ് തീ പടരുന്നത്.
കാട്ടു തീ നിയന്ത്രണ വിധേയമാക്കിയാലും കത്തി നശിച്ച മരങ്ങളുടെ കുറ്റിയിൽ നിന്ന് വീണ്ടും പടരുകയാണ് ചെയ്യുന്നത്. മലയിൽ നിന്ന് സ്വകാര്യ തോട്ടങ്ങളിലേക്കും തീ പടരുന്നത് വലിയ നഷ്ടത്തിനാണിടയാക്കുന്നത്.
വനമേഖലയിൽ തീ പടരുന്നതോടെ കാട്ടാനയടക്കമുള്ള വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലിറങ്ങാനും കാരണമാകും. മലവാരത്തിലെ ചോലകൾ വറ്റുന്നതോടെ വെള്ളം തേടിയാണ് മൃഗങ്ങൾ നാട്ടിലിറങ്ങുന്നത്. കൂട്ടത്തോടെയെത്തുന്ന കാട്ടാനകൾ വൻതോതിലാണ് കൃഷി നശിപ്പിക്കുന്നത്.കഴിഞ്ഞ വർഷം ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഇക്കുറിയും അതാവർത്തിക്കുമോ എന്ന ഭയത്തിലാണ് കർഷകർ.
കാട്ടുതീ മനുഷ്യ ജീവിതത്തേയും പ്രതികൂലമായി ബാധിക്കുമെന്നതാണ് ആശങ്കയുണ്ടാക്കുന്നത്. തീച്ചൂടിന്റെ കാഠിന്യത്തിൽ ചോലകളിൽ തങ്ങി നിൽക്കുന്ന വെള്ളം കൂടി വറ്റാനിടയാകും.കൂട്ടത്തിൽ
കാട്ടുതീയിൽ വന്യജീവികളും അമൂല്യമായ സസ്യങ്ങളും അഗ്നിക്കിരയാകാനുള്ള സാധ്യതയുമുണ്ട്.
വലിയ തോതിൽ തീ പടർന്നാൽ വനം വകുപ്പ് ജീവനക്കാർക്കും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടാകും. ചെങ്കോട് മലവാരത്തിലെ തീയ്ക്ക് ശമനമുണ്ടായിട്ടുണ്ടെന്ന് വനം അധികൃതർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |