SignIn
Kerala Kaumudi Online
Sunday, 21 June 2026 5.41 AM IST

മഴയത്ത് റോഡിൽ ചീറിപായേണ്ട; അപകട വഴിയായി അക്വാപ്ലാനിംഗ്

മലപ്പുറം: വളവും തിരിവുമില്ലാതെ ഏറെദൂരം നീണ്ടുനിവർന്നുനിൽക്കുന്ന ദേശീയപാത കണ്ട് വേഗംകൂട്ടി സഞ്ചരിക്കുന്നവരോട്.... മൺസൂൺ തുടങ്ങിയ ശേഷം മാത്രം അഞ്ച് ജീവനുകളാണ് ദേശീയപാതയിൽ പൊലിഞ്ഞത്. 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ മൂന്നുപേർ എൻ.എച്ച് 66ൽ തേഞ്ഞിപ്പലത്തും രണ്ടുപേർ എൻ.എച്ച് 966ൽ കൊണ്ടോട്ടിയിലുമാണ് മരണപ്പെട്ടത്. മഴസമയത്തെ വാഹനങ്ങളുടെ അമിതവേഗതയിൽ റോഡിൽ രൂപപ്പെടുന്ന അക്വാപ്ലാനിംഗ് പ്രതിഭാസം അപകടങ്ങൾക്ക് വഴിവയ്ക്കുന്നുണ്ടെന്നാണ് പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും വിലയിരുത്തൽ. ആറുവരിയായി വികസിപ്പിച്ച ദേശീയപാത 66ൽ പലയിടങ്ങളിലും മഴയ്ക്ക് പിന്നാലെ റോഡിൽ വെള്ളം കെട്ടിനിൽക്കുന്ന സ്ഥിതിയുണ്ട്.

അക്വാപ്ലാനിംഗ് നിസ്സാരമല്ല

മഴക്കാലത്ത് റോഡുകളിൽ സംഭവിക്കാൻ ഏറെ സാദ്ധ്യതയുള്ള അപകടകരമായ പ്രതിഭാസമാണ് അക്വാപ്ലാനിംഗ്. റോഡിലെ വെള്ളത്തിലകപ്പെട്ട് വാഹനത്തിന്റെ ടയറുകൾക്ക് റോഡുമായുള്ള സമ്പർക്കം പൂർണ്ണമായി നഷ്ടപ്പെട്ട് ടയറുകൾ റോഡിന് മുകളിലെ വെള്ളപ്പാളിക്ക് മീതെ നിയന്ത്രണമില്ലാതെ ഒഴുകിനീങ്ങുന്ന അവസ്ഥയാണിത്. റോഡിൽ കൂടുതൽ വെള്ളമുണ്ടാകുമ്പോഴോ,​ വാഹനം അമിതവേഗതയിലാകുമ്പോഴോ ടയറുകൾക്ക് ഈ വെള്ളം മുഴുവനായി മാറ്റി മുന്നോട്ടുപോകാൻ കഴിയാതെ വരും. ഇതോടെ ടയറിനും റോഡിനും ഇടയിൽ വെള്ളത്തിന്റെ പാളി രൂപപ്പെടുകയും വാഹനം റോഡിൽ തൊടാതെ ഈ വെള്ളത്തിന് മുകളിലൂടെ വഴുതി മാറുകയും ചെയ്യും. അക്വാപ്ലാനിംഗ് സംഭവിക്കുന്ന നിമിഷം ഡ്രൈവർക്ക് വാഹനത്തിന്മേലുള്ള നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെടും. ടയറുകൾ റോഡിൽ തൊടുന്നില്ല എന്നതിനാൽ സ്റ്റിയറിംഗ് എങ്ങോട്ട് തിരിച്ചാലും വാഹനം ആ ദിശയിലേക്ക് മാറില്ല. വാഹനം അതിന്റെ വേഗതയിൽ നേരെ വഴുതി നീങ്ങും. അപകടം ഒഴിവാക്കാൻ ഡ്രൈവർ ബ്രേക്ക് ചവിട്ടിയാലും വണ്ടി നിൽക്കില്ല. പകരം ടയറുകൾ കറങ്ങുന്നത് നിൽക്കുകയും വാഹനം റോഡിലൂടെ വട്ടം കറങ്ങി നിയന്ത്രണം വിട്ട് മറിയുകയോ മറ്റെവിടെയെങ്കിലും പോയി ഇടിക്കുകയോ ചെയ്യും.

ശ്രദ്ധിച്ചാൽ അപകടമൊഴിവാക്കാം

  • മഴയുള്ളപ്പോഴും റോഡിൽ വെള്ളക്കെട്ടുള്ളപ്പോഴും വാഹനത്തിന്റെ വേഗത മണിക്കൂറിൽ 50-60ൽ താഴെയായി കുറയ്ക്കുക. വേഗത കൂടുന്തോറും അക്വാപ്ലാനിംഗ് സാദ്ധ്യത കൂടും.
  • ടയറുകളുടെ അവസ്ഥ പരിശോധിക്കണം. വരകൾ തേഞ്ഞുപോയ ടയറുകൾ വളരെ പെട്ടെന്ന് അക്വാപ്ലാനിംഗിന് ഇരയാകും. അത്തരം ടയറുകൾ ഒഴിവാക്കണം. ടയറിൽ കൃത്യമായ എയർപ്രഷർ ഉറപ്പാക്കണം.
  • വെള്ളക്കെട്ടുകൾ പരമാവധി ഒഴിവാക്കുക. റോഡിന്റെ വശങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ വാഹനം വേഗത്തിൽ ഓടിക്കരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL