SignIn
Kerala Kaumudi Online
Sunday, 08 November 2026 12.21 AM IST

നോട്ട് നിരോധനത്തിന് പത്ത് വയസ്

rupee

യു.പി.ഐ കുതിച്ചിട്ടും നോട്ടുകൾ സജീവം

കൊച്ചി: രാജ്യത്തിന്റെ സാമ്പത്തിക ചരിത്രത്തിൽ വഴിത്തിരിവായ നോട്ട് നിരോധനത്തിന് ഇന്ന് പത്ത് വർഷം തികയുന്നു. കള്ളപ്പണവും വ്യാജനോട്ടുകളും നിയന്ത്രിക്കാനും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനുമായി 2016 നവംബർ എട്ടിനാണ് 500, 1,000 രൂപ നോട്ടുകൾ അസാധുവാക്കിയത്. എന്നാൽ പത്ത് വർഷത്തിനിടെ കറൻസി പ്രചാരം 143 ശതമാനം വർദ്ധനയോടെ. അന്നത്തെ 17.77 ലക്ഷം കോടി രൂപയിൽനിന്ന് 2026 ഒക്ടോബറിൽ 43.16 ലക്ഷം കോടിയായി ഉയർന്നു. അതേസമയം യു.പി.ഐ ഇടപാടുകളുടെ എണ്ണം 13,600 മടങ്ങ് വർധിച്ചു. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അനുപാതത്തിൽ കറൻസി പ്രചാരം നോട്ട് നിരോധനത്തിന് മുമ്പുള്ള 12 ശതമാനത്തിനടുത്തെത്തി. ചെറുകിട വ്യാപാരത്തിലും ദൈനംദിന ഇടപാടുകളിലും യു.പി.ഐ നിർണായകമായെങ്കിലും നോട്ടുകളുടെ പ്രാധാന്യം ഇപ്പോഴും നിലനിൽക്കുന്നു.

നോട്ടിന്റെ പ്രാധാന്യം കുറഞ്ഞില്ല

നോട്ട് നിരോധനത്തിന് മുമ്പ് ജി.ഡി.പിയുടെ 12.1 ശതമാനമായിരുന്നു കറൻസി പ്രചാരം. 2016-17ൽ ഇത് 8.7 ശതമാനമായി കുറഞ്ഞെങ്കിലും 2025-26ൽ വീണ്ടും 12 ശതമാനത്തിനടുത്തെത്തി. ഡിജിറ്റൽ വളർച്ചയ്ക്കിടയിലും നോട്ടുകളുടെ ആവശ്യം തുടരുകയാണ്.

യു.പി.ഐ വിപ്ലവം

2016-17ൽ 1.78 കോടി യു.പി.ഐ ഇടപാടുകളാണുണ്ടായത്. 2025-26ൽ ഇത് 24,162 കോടിയായി. ഇക്കാലയളവിൽ ഇടപാടുമൂല്യം 7,000 കോടി രൂപയിൽനിന്ന് 314 ലക്ഷം കോടി രൂപയിലേക്ക് കുതിച്ചു. 2025-26ൽ വ്യാപാരികൾക്കുള്ള യു.പി.ഐ പണമിടപാടുകളിൽ 86 ശതമാനവും 500 രൂപയിൽ താഴെയായിരുന്നു. ദൈനംദിന ചെറുകിട ഇടപാടുകളിൽ ഡിജിറ്റൽ പേയ്‌മെന്റുകൾക്കുള്ള സ്വാധീനം ഇതിലൂടെ വ്യക്തമാകുന്നു.

കള്ളപ്പണത്തിന് കടിഞ്ഞാണിട്ടോ?

നോട്ട് നിരോധനത്തിന് പത്ത് വർഷം പിന്നിടുമ്പോഴും രാജ്യത്തെ കള്ളപ്പണത്തിന്റെ അളവിൽ ഗണ്യമായ കുറവുണ്ടായെന്ന് തെളിയിക്കുന്ന ഔദ്യോഗിക കണക്കുകളില്ല. നിരോധിച്ച 500, 1000 രൂപ നോട്ടുകളിൽ 99.3 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തി. ഇതോടെ കള്ളപ്പണത്തിന്റെ വലിയൊരു ഭാഗം പണമായി തന്നെ ഇല്ലാതാക്കാനാകുമെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടിയേറ്റു. അതേസമയം, നികുതി പരിശോധനയും വെളിപ്പെടുത്താത്ത വരുമാനം കണ്ടെത്താനുള്ള നടപടികളും ശക്തിപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RUPEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360