SignIn
Kerala Kaumudi Online
Wednesday, 28 October 2026 12.11 AM IST

വിമാനം റാഞ്ചുമെന്ന് ഭീഷണി; യാത്രക്കാരന്റെ സന്ദേശം: ​ പിന്നാലെ നടപടി, 25കാരൻ അറസ്റ്റിൽ

united-flight
യുണൈറ്റഡ് എയർലൈൻസ്

ലാസ് വെഗാസ്: വിമാനം റാഞ്ചി ഭീകരാക്രമണം നടത്തുമെന്ന് മൊബൈൽ ഫോണിലൂടെ സന്ദേശമയച്ച് യാത്രക്കാരൻ. ഇയാൾ ആരാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അമേരിക്കയിൽ യുണൈറ്റഡ് എയർലൈൻസ് വിമാനം തിരിച്ചിറക്കി. ന്യൂജേഴ്സിയിലെ നെവാർക്കിലേക്ക് പുറപ്പെട്ട വിമാനം ലാസ് വെഗാസിലെ ഹാരി റീഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. സംഭവത്തിൽ 25കാരനായ ഡാന്റേ മിൽനെ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച (ഒക്ടോബർ 24) ലാസ് വെഗാസിൽനിന്ന് നെവാർക്കിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയർലൈൻസ് വിമാനമായ 1681ലാണ് സംഭവം. ആറു ജീവനക്കാരും 150 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് യുവാവ് മൊബൈൽ ഫോണിലൂടെ ഭീഷണി സന്ദേശങ്ങൾ അയക്കുന്നത് വിമാനത്തിലെ ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വിമാനം റാഞ്ചുമെന്നും വിമാനം ഇടിച്ചിറക്കുമെന്നുമായിരുന്നു സന്ദേശത്തിലെ പരാമർശം. സന്ദേശം ആർക്കാണ് യുവാവ് അയച്ചതെന്ന് വ്യക്തമായിട്ടില്ല. എന്നാൽ, ഭീഷണി ശ്രദ്ധയിൽപ്പെട്ട ജീവനക്കാരൻ യാത്രക്കാരനുമായി തർക്കത്തിലേർപ്പെടാതെ വിവരം ഉടൻ പൈലറ്റിനെ അറിയിച്ചു. തുടർന്ന് വിമാനം തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു.

വിമാനം പറന്നുയർന്നതിന് പിന്നാലെ എയർ ട്രാഫിക് കൺട്രോളറുമായി സംസാരിക്കവെ പൈലറ്റ് സംഭവത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി. വിമാനം തട്ടിയെടുക്കുമെന്ന് യാത്രക്കാരൻ സന്ദേശമയക്കുന്നത് ജീവനക്കാരൻ കണ്ടെന്നും വിവരം അറിയിച്ചതോടെ സുരക്ഷാ നടപടികൾ സ്വീകരിച്ച് ലാസ് വെഗാസിലേക്ക് മടങ്ങുകയായിരുന്നെന്നും പൈലറ്റ് പറഞ്ഞു.

വിമാനം സുരക്ഷിതമായി നിലത്തിറക്കിയശേഷം യുവാവിനെ അറസ്റ്റ് ചെയ്തു. ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയതിനും ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനുമുള്ള ഗുരുതര കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ലാസ് വെഗാസിലെ ക്ലാർക്ക് കൗണ്ടി ഡിറ്റൻഷൻ സെന്ററിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (എഫ്.എ.എ) അറിയിച്ചു.

English Summary

A United Airlines flight bound for Newark, New Jersey had to make an emergency return to Las Vegas after a passenger sent threatening messages about hijacking the plane.The incident happened on Saturday, October 24, on United Flight 1681 from Las Vegas to Newark, which had 150 passengers and 6 crew on board.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIJACK ALERT, HIJACK THREAT, LATESTNEWS, USA, LASVEGAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360