
നഷ്ടം 38,000 കോടി രൂപയിലേക്ക്
കൊച്ചി: ഉയർന്ന ഇന്ധനവിലയും രൂപയുടെ മൂല്യത്തകർച്ചയും രാജ്യത്തെ വിമാനക്കമ്പനികളെ നഷ്ടച്ചുഴിയിൽ വട്ടംചുറ്റിക്കുന്നു. നടപ്പുസാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഇൻഡിഗോയുടെ നഷ്ടം കുറഞ്ഞപ്പോൾ എയർ ഇന്ത്യ ഗ്രൂപ്പിന്റെ നഷ്ടം ഇരട്ടിയിലേറെയായി. കടുത്ത പണക്ഷാമവും വിമാനങ്ങൾ നിലത്തിറക്കേണ്ടിവന്നതും പ്രവർത്തനപ്രശ്നങ്ങളും സ്പൈസ് ജെറ്റിനെയും പ്രതിസന്ധിയിലാക്കി. വിമാന ഇന്ധനവില ഉയർന്നുനിൽക്കുന്നതിനാൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനയും കമ്പനികൾക്ക് അർഹിച്ച നേട്ടം നൽകിയില്ല.
രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 1,879 കോടി രൂപയുടെ നഷ്ടം. മുൻവർഷത്തെ 2,582 കോടി രൂപയെ അപേക്ഷിച്ച് നഷ്ടം 27 ശതമാനം കുറഞ്ഞു. വരുമാനം 26 ശതമാനം ഉയർന്ന് 23,364 കോടി രൂപയായി. ഇന്ധനച്ചെലവും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സമ്മർദം സൃഷ്ടിച്ചെങ്കിലും നിരക്കുകളിലെ മാറ്റവും ചെലവുനിയന്ത്രണവും നഷ്ടം കുറയ്ക്കാൻ സഹായിച്ചു.
എയർ ഇന്ത്യയുടെ നഷ്‌ടം കുതിക്കുന്നു
ടാറ്റ ഗ്രൂപ്പിന്റെ എയർ ഇന്ത്യ ഗ്രൂപ്പിന് നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 6,000 കോടി രൂപയിലേറെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. മുൻവർഷത്തെ 3,000 കോടി രൂപയിലേറെ നഷ്ടത്തിന്റെ ഇരട്ടിയിലധികമാണിത്. ഉയർന്ന ഇന്ധനച്ചെലവ്, രൂപയുടെ മൂല്യത്തകർച്ച, വ്യോമപാത നിയന്ത്രണങ്ങൾ മൂലം അന്താരാഷ്ട്ര സർവീസുകളുടെ ദൂരം വർധിച്ചത് എന്നിവ തിരിച്ചടിയായി.
പ്രതിസന്ധി രൂക്ഷം
ഇന്ത്യൻ വിമാനവ്യവസായത്തിന്റെ മൊത്തം നഷ്ടം നടപ്പുസാമ്പത്തിക വർഷം 36,000 മുതൽ 38,000 കോടി രൂപ വരെയെത്തുമെന്നാണ് ഐ.സി.ആർ.എയുടെ വിലയിരുത്തൽ. എയർ ഇന്ത്യയും സ്പൈസ് ജെറ്റും കടുത്ത വെല്ലുവിളികളിലൂടെയാണ് നീങ്ങുന്നത്. ശമ്പളം നൽകുന്നതിലെ കാലതാമസവും വിമാനങ്ങൾ നിലത്തിടേണ്ടിവരുന്നതും പാട്ടക്കമ്പനികളുമായുള്ള തർക്കങ്ങളും സ്പൈസ് ജെറ്റിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു.
വെല്ലുവിളികൾ
ഉയർന്ന വിമാന ഇന്ധനവില
രൂപയുടെ മൂല്യത്തകർച്ച,
വിമാനവാടകയിലെ സമ്മർദ്ദം
ടൂറിസം വിപണിയിലെ മാന്ദ്യം
സെപ്തംബറിലെ പ്രകടനം
കമ്പനി : വിപണി വിഹിതം
ഇൻഡിഗോ : 65.4 ശതമാനം
എയർ ഇന്ത്യ ഗ്രൂപ്പ്: 26.8 ശതമാനം
ആകാശ എയർ : 5.6 ശതമാനം
സ്‌പൈസ് ജെറ്റ് : 0.6 ശതമാനം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |