ബെയ്‌ജിംഗ്: ഇന്ത്യൻ മഹാ സമുദ്രത്തിൽ നാവിക സാന്നിദ്ധ്യം ശക്തമാക്കി ചൈന. ദക്ഷിണ ചൈന മുതൽ ജപ്പാനും തായ്‌വാനും സമീപമുള്ള സമുദ്രാതിർത്തികൾ വരെ പ്രതിദിനം നൂറോളം ചൈനീസ് നാവികസേനാ കപ്പലുകൾ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.ഇതോടെ ചൈനയുടെ സൈനിക സാന്നിദ്ധ്യം യുഎസ് പ്രതിരോധ സംവിധാനങ്ങൾക്ക് തലവേദനയാകും.
യുദ്ധക്കപ്പലുകളുടെയും അന്തർവാഹിനികളുടെയും എണ്ണത്തിൽ ചൈന ഇതിനകം അമേരിക്കയെ മറികടന്നുകഴിഞ്ഞു. യുഎസിന്റെ ഔദ്യോഗിക കണക്കുകൾ ഉദ്ധരിച്ച് 'ദ വാൾ സ്ട്രീറ്റ് ജേണൽ' പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ചൈനീസ് നാവികസേനയുടെ പക്കൽ 400ലധികം യുദ്ധക്കപ്പലുകളും അന്തർവാഹിനികളുമുണ്ട്. കപ്പലുകളുടെ എണ്ണത്തിൽ ഇത് അമേരിക്കൻ നാവികസേനയേക്കാൾ ഏകദേശം 35 ശതമാനം കൂടുതലാണ്.
നിലവിൽ മൂന്ന് വിമാനവാഹിനിക്കപ്പലുകളാണ് ചൈനയ്ക്കുള്ളത്. നാലാമത്തേതിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. പുതിയ വിമാനവാഹിനിക്കപ്പൽ ആണവോർജത്തിൽ പ്രവർത്തിക്കുന്നതായിരിക്കുമെന്നാണ് പാശ്ചാത്യ പ്രതിരോധ വിദഗ്ദ്ധരുടെ വിലയിരുത്തൽ. സമാധാനകാലത്ത് ഒരു രാജ്യം നടത്തുന്ന ഏറ്റവും വലിയ നാവികസേനാ വികസന പദ്ധതികളിലൊന്നായാണ് ചൈനയുടെ നീക്കത്തെ വിലയിരുത്തുന്നത്.
ദക്ഷിണ ചൈനാക്കടൽ, തായ്‌വാൻ തീരം, ഫിലിപ്പീൻസിന് കിഴക്കുള്ള സമുദ്ര മേഖലകൾ, ജപ്പാന്റെ തെക്കൻ തീരം എന്നിവിടങ്ങളിലാണ് ചൈനീസ് യുദ്ധക്കപ്പലുകളുടെ വിന്യാസം. പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലേക്കും കപ്പലുകൾ എത്തുന്നുണ്ട്. ഏദൻ ഉൾക്കടലിലും ചൈനീസ് നാവികസേന പതിവായി ദൗത്യങ്ങൾ നടത്തുന്നു.
തായ്‌വാന് ചുറ്റുമുള്ള സമുദ്ര മേഖലയിൽ ഏത് സമയത്തും ശരാശരി ആറോളം ചൈനീസ് നാവികസേനാ കപ്പലുകൾ നിലയുറപ്പിക്കുന്നുണ്ടെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. സൈനികാഭ്യാസങ്ങൾ നടക്കുന്ന ഘട്ടങ്ങളിൽ ഈ എണ്ണം ഗണ്യമായി വർദ്ധിക്കും. ദക്ഷിണ ചൈനാക്കടലിൽ ഇതിന്റെ മൂന്നിരട്ടിയോളം നാവിക സാന്നിദ്ധ്യമുണ്ടെന്നാണ് റിപ്പോർട്ട്.
ചൈനയുടെ നാവികശക്തിയുടെ വളർച്ചയ്ക്ക് പിന്നിൽ രാജ്യത്തെ വൻകിട കപ്പൽനിർമ്മാണ വ്യവസായമാണ്. ലോകത്തെ ഏറ്റവും വലിയ കപ്പൽനിർമ്മാണ രാജ്യമായ ചൈനയാണ് ആഗോള വാണിജ്യക്കപ്പൽ ഉത്പാദനത്തിന്റെ പകുതിയിലധികവും കൈകാര്യം ചെയ്യുന്നത്. വൻകിട കണ്ടെയ്നർ കപ്പലുകൾ മുതൽ പ്രകൃതിവാതകം കൊണ്ടുപോകുന്ന കപ്പലുകൾ വരെ നിർമ്മിക്കുന്ന കപ്പൽശാലകൾ ഇപ്പോൾ അത്യാധുനിക യുദ്ധക്കപ്പലുകളുടെ നിർമ്മാണത്തിനും ഉപയോഗിക്കുന്നു.
കടലുകളിലെ നിയന്ത്രണമാണ് ഒരു രാജ്യത്തിന്റെ ആഗോള ശക്തിയും സ്വാധീനവും നിർണയിക്കുന്നതെന്ന ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന്റെ കാഴ്ചപ്പാടാണ് നാവികസേനാ വികസനത്തിന് പിന്നിലെ മുഖ്യ പ്രേരണയെന്നാണ് റിപ്പോർട്ട്. 2013ൽ അധികാരമേറ്റതിന് പിന്നാലെ ചൈനയെ ഒരു 'സമുദ്ര മഹാശക്തി'യായി മാറ്റണമെന്ന് അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.
ഷാങ്ഹായ്ക്ക് സമീപമുള്ള ചാങ്സിംഗ് ദ്വീപിലെ കപ്പൽശാലകളിലാണ് ചൈനയുടെ വൻ നാവികവികസനം നടക്കുന്നത്. ഇവിടെ ഒരേസമയം നിരവധി യുദ്ധക്കപ്പലുകളുടെ നിർമ്മാണവും അറ്റകുറ്റപ്പണികളും പുരോഗമിക്കുന്നുണ്ട്. 2023ൽ നിർമ്മാണം ആരംഭിച്ച 40,000 ടൺ ഭാരമുള്ള 'സിചുവാൻ' എന്ന ഉഭയജീവി ആക്രമണക്കപ്പൽ ഇതിൽ പ്രധാനമാണ്. ഡ്രോണുകൾ പ്രവർത്തിപ്പിക്കാനും സൈനികരെ കടൽമാർഗം കരയിലെത്തിക്കാനും ശേഷിയുള്ള ഈ കപ്പൽ ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളിലൊന്നാണ്.
മഞ്ഞക്കടൽ മുതൽ കിഴക്കൻ ചൈനാക്കടലും ദക്ഷിണ ചൈനാക്കടലും വരെയുള്ള മേഖലയിൽ ആധിപത്യം സ്ഥാപിക്കുകയാണ് ചൈനയുടെ ലക്ഷ്യം. തായ്‌വാനെ നിയന്ത്രണത്തിലാക്കാനും ഈ മേഖലയിലെ അമേരിക്കൻ സൈനിക ഇടപെടൽ തടയാനും ചൈന ശ്രമിക്കുന്നുണ്ട്. അതേസമയം, ജപ്പാൻ, തായ്‌വാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന 'ഫസ്റ്റ് ഐലൻഡ് ചെയിൻ' എന്ന ദ്വീപസമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാനാണ് അമേരിക്കയുടെ നീക്കം. മേഖലയിൽ കൂടുതൽ യുദ്ധക്കപ്പലുകൾ വിന്യസിച്ചും നാവികാഭ്യാസങ്ങൾ ശക്തമാക്കിയും ചൈന സൈനികശേഷി വർദ്ധിപ്പിക്കുകയാണ്.
China is significantly expanding its naval presence in the Indian Ocean and surrounding Asian waters. Reports indicate China has over 400 warships and submarines, surpassing the US in fleet size. This rapid peacetime build-up, driven by President Xi Jinping's vision of a "maritime great power," aims to establish dominance across the Yellow, East, and South China Seas, and counter US influence in the region.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |