നിലമ്പൂർ: വീട് താമസയോഗ്യമല്ലാതായതോടെ പുറത്ത് കൂര കെട്ടി കൈക്കുഞ്ഞിനെയും കൊണ്ട് താമസമാക്കി ദമ്പതികൾ. വീട് ഏത് നിമിഷവും നിലം പൊത്താറായ നിലയിലായതോടെയാണ് ചാലിയാർ പെരുമ്പത്തൂർ വേങ്ങാട് ആദിവാസി ഉന്നതിയിലെ പ്രജീഷും ഭാര്യ ശ്രുതിയും കൈക്കുഞ്ഞിനൊപ്പം വീടിനപ്പുറത്ത് തന്നെ പ്ളാസ്റ്റിക്ക് മേഞ്ഞ കൂര നിർമ്മിച്ച് താമസം മാറ്റിയത്. ചെറിയ കാറ്റോ മഴയോ വന്നാൽ കൈക്കുഞ്ഞിനെയുമെടുത്ത് സുരക്ഷിത സ്ഥലം നോക്കി ഓടണം.
സർക്കാർ നിർമ്മിച്ചു നൽകിയ വീടിന്റെ നിർമ്മാണത്തിലെ ക്രമക്കേട് മൂലം പല ഭാഗങ്ങളും ഇളകിക്കിടക്കുന്നുണ്ട്. ചുമരുകളിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും നിലം പൊത്താമെന്ന അവസ്ഥയിലാണ്. ഓടുകൾ പൊട്ടി മഴവെള്ളം വീടിനുള്ളിൽ നിറയുന്നുണ്ട്. പ്രജീഷിന്റെ മാതാപിതാക്കളായ ശങ്കരനും കണക്കിയും പുഴയുടെ തീരത്തുള്ള പാറയുടെ മുകളിലാണ് രാത്രി കഴിച്ചുകൂട്ടുന്നത് . പുതിയ വീടിനുള്ള അപേക്ഷ പഞ്ചായത്തിൽ നൽകിയിട്ടുണ്ട്. എന്നാൽ നടപടിക്രമങ്ങളൊന്നും മുന്നോട്ടുപോയിട്ടില്ല. പുതിയ വീടിനായി എന്തുചെയ്യണമെന്നറിയാതെ ഉഴറുകയാണ് കുടുംബം. ആദിവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ട പ്രമോട്ടർമാർ തിരിഞ്ഞ് നോക്കുന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു. റേഷൻ സൗജന്യമാണെങ്കിലും കുടുംബത്തിന് റേഷൻ കാർഡോ മറ്റ് തിരിച്ചറിയൽ രേഖകളോ ഇതുവരെയില്ല. എപ്പോഴെങ്കിലും കിട്ടുന്ന കൂലിപ്പണിയെ മാത്രം ആശ്രയിച്ചാണ് കുടുംബം ജീവിക്കുന്നത്. വാസയോഗ്യമായ വീട് എത്രയും വേഗം ലഭ്യമാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
സർക്കാർ പണിത കെണി
2008ൽ ആഢ്യൻപാറ ടൂറിസം കേന്ദ്രത്തിന്റെ വിപുലീകരണാർത്ഥം ശങ്കരനും കണക്കിയും അടക്കം ഏഴോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ചാലിയാർ പഞ്ചായത്ത് ഉത്തരവിട്ടിരുന്നു. എന്നാൽ കുടുംബങ്ങൾ ഇതിനു തയ്യാറായില്ല.
പിന്നീട് നിയമനടപടികളിലൂടെ ഇവരെ ഒഴിപ്പിച്ച് അനുയോജ്യമായ മറ്റൊരിടത്തേക്ക് മാറ്റിപ്പാർപ്പിച്ചു.
നാല് സെന്റിൽ വീടും സ്ഥലവും നൽകിയെങ്കിലും കുടിവെള്ളവും വൈദ്യുതിയുമടക്കം ഇതുവരെയുമെത്തിയിട്ടില്ല.
നിർമ്മാണം പൂർത്തിയായി ഒരു വർഷം പൂർത്തിയാവും മുമ്പ് തന്നെ പല വീടുകൾക്കും വിള്ളലുകൾ വീണു .ചില വീടുകൾ പൊളിഞ്ഞു വീണു. വീടുകൾ സർക്കാർ പുതുതായി നിർമ്മിച്ചു നൽകിയെങ്കിലും ഇതും വാസയോഗ്യമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |