SignIn
Kerala Kaumudi Online
Friday, 23 October 2026 6.19 AM IST

പൂവിളി, പൂവിളി... പൊന്നോണമായി

flower-market
പാലക്കാട്ടെ പൂ വിപണികളിലൊന്ന്

പാലക്കാട്: നാടും നഗരവും ഓണത്തിരക്കിലമർന്നതോടെ ഓണ വിപണിയിലേക്ക് ലോഡുകണക്കിന് പൂക്കളെത്തി തുടങ്ങി. തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമാണ് പ്രധാനമായും പൂക്കൾ എത്തുന്നത്. മുൻവർഷത്തേക്കാൾ മെച്ചപ്പെട്ട കച്ചവടം ഇത്തവണ ഉണ്ടാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. പൂമാർക്കറ്റും പാതയോരങ്ങളും പ്രധാന കവലകളും കേന്ദ്രീകരിച്ചാണ് കച്ചവടം. ചുവപ്പ്, മഞ്ഞ നിറത്തിലുള്ള ചെണ്ടുമല്ലികളും അരളി, ജമന്തി, ചില്ലി റോസ്, മുല്ല തുടങ്ങിയവ വിപണിയിലുണ്ട്. കഴിഞ്ഞവർഷത്തേക്കാൾ അപേക്ഷിച്ച് ഇത്തവണ പൂ വില വർദ്ധിച്ചിട്ടുണ്ട്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വലിയ ആഘോങ്ങളില്ലെങ്കിലും അടുത്തയാഴ്ച സ്കൂളുകളിലും കോളേജുകളിലും ലളിതമായി ഓണാഘോഷങ്ങൾ നടക്കും. ഇതോടെ പൂവിന് ആവശ്യക്കാർ കൂടും. വിലയും വർദ്ധിക്കും. മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ചെണ്ടുമല്ലിക്ക് കിലോ 80 രൂപയാണ് വില. വാടാമല്ലിക്ക് 120 രൂപയും. റോസാപ്പൂക്കൾക്കും ആസ്‌ട്രോ പൂക്കൾക്കും 240 രൂപയാണ് കിലോയ്ക്ക് ഈടാക്കുന്നത്. പൂക്കളത്തിന് ഉപയോഗിക്കുന്ന ഇല വർഗത്തിന് കിലോ 100 രൂപ, അരളി 200 രൂപ, വെള്ള ജമന്തി 240 രൂപ, കോഴിച്ചൂട്ട 100 രൂപ എന്നിങ്ങനെയാണ് വില.

 വിപണി പിടിക്കാൻ പ്രാദേശിക കർഷകർ

ഓണവിപണി ലക്ഷ്യമിട്ട് ജില്ലയിൽ ഇത്തവണ ചെണ്ടുമല്ലി വ്യാപകമായി കൃഷിചെയ്യുന്നുണ്ട്. പഞ്ചായത്തുകളുടെ സഹായത്തോടെ കുടുംബശ്രീയും കൃഷി ഇറക്കിയിട്ടുണ്ട്. തോട്ടങ്ങളിൽ നിന്ന് പറിച്ച് വിൽപ്പന നടത്തുന്ന പൂക്കൾക്ക് 70 മുതൽ 80 രൂപവരെയാണ് വില. ശക്തമായ മഴ കൃഷിയെ ബാധിച്ചിട്ടുണ്ട്. വളപ്രയോഗത്തിനിടെയാണ് മഴ ലഭിച്ചത്. ഇതോടെ ചെടികൾക്ക് നൽകിയ വളം ഒഴുകിപ്പോയി. പലയിടത്തും വിളവെടുപ്പ് സജീവമായി കഴിഞ്ഞു. തദ്ദേശീയ കർഷകരുടെ പൂക്കൾകൂടി വിപണിയിൽ എത്തുന്നതോടെ ഇത്തവണത്തെ ഓണം കളറാകും.


 കിറ്റുകളും ലഭ്യമാണ്

പല പൂക്കൾ ഉൾപ്പെടുത്തി കിറ്റുകളാക്കി വിൽക്കുന്നതാണ് പുതിയരീതി. അമ്പതും നൂറും രൂപയ്ക്ക് എട്ടുതരം പൂക്കൾ അടങ്ങുന്ന കിറ്റ് ലഭിക്കും. ഗണേശ ചതുർത്ഥി കഴിയുന്നതോടെ പൂക്കളുടെ വരവും വിലയും കൂടുമെന്നും വിൽപ്പനക്കാർ പറയുന്നു. ബംഗളൂരുവിൽ നിന്ന് വൻതോതിൽ പൂക്കൾ എത്തിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ONAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL