വടക്കഞ്ചേരി: പി.പി.സുമോദ് എം.എൽ.എ വിളിച്ച സർവകക്ഷി യോഗത്തിന് വിരുദ്ധമായി പന്നിയങ്കര ടോൾ പ്ലാസയിൽ കരാർ കമ്പനി പോസ്റ്റർ പതിച്ചത് സംബന്ധിച്ച് എം.എൽ.എ ഉൾപ്പെടെയുള്ള അധികാരികൾ വ്യക്തത വരുത്താത്തത് പ്രദേശവാസികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ടോൾ പ്ലാസയുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ വാഹനങ്ങളുടെ ആർ.സി ബുക്കിന്റെ പകർപ്പും രണ്ട് തിരിച്ചറിയൽ രേഖകളും സഹിതം ഈ മാസം 15ന് മുമ്പ് ടോൾ പ്ലാസയിൽ സാക്ഷ്യപ്പെടുത്തണമെന്നും അല്ലാത്തപക്ഷം സൗജന്യ യാത്ര അനുവദിക്കില്ലെന്നുമാണ് ടോൾ പ്ലാസയിൽ പതിച്ച പോസ്റ്ററിൽ പറയുന്നത്. കമ്പനി പോസ്റ്ററിൽ പറഞ്ഞിരിക്കുന്ന സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ നാളെ മുതൽ ടോൾ സൗജന്യം ലഭിക്കുകയില്ലേ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. കടന്നു പോകുന്ന പ്രാദേശിക വാഹന ഉടമകളോടും ഇക്കാര്യം ടോൾ ബൂത്തിലുള്ളവർ പറയുന്നുമുണ്ട്. എന്നാൽ കഴിഞ്ഞയാഴ്ച പി.പി.സുമോദ് വിളിച്ചുചേർത്ത സർവകക്ഷി യോഗ തീരുമാനങ്ങളിൽ നിന്നും വ്യത്യസ്തമായി കരാർ കമ്പനിയുടെ ഈ നടപടി തള്ളണോ കൊള്ളണോ എന്ന സംശയത്തിലാണ് പ്രദേശവാസികൾ.
ആശങ്കയിൽ പ്രദേശവാസികൾ
പ്രദേശവാസികളുടെ ടോൾ സംബന്ധിച്ച് പഠിക്കാൻ വിദഗ്ദ സമിതിയെ ചുമതലപ്പെടുത്താനും ഈ മാസം 30 വരെ ടോൾ പ്ലാസ വഴി കടന്നുപോകുന്ന സമീപത്തെ ആറ് പഞ്ചായത്തുകളിലെ വാഹനങ്ങളുടെ മൊത്തം കണക്കെടുപ്പ് നടത്താനുമാണ് യോഗത്തിൽ തീരുമാനിച്ചിരുന്നത്. ജോയിന്റ് ആർ.ടി.ഒയുടെ സഹകരണത്തോടെ നടത്തുന്ന വാഹന കണക്കെടുപ്പിനു ശേഷം കെ.രാധാകൃഷ്ണൻ എം.പിയെ കൂടി പങ്കെടുപ്പിച്ച് ഫെബ്രുവരി അഞ്ചിന് വിഷയം വീണ്ടും ചർച്ച ചെയ്യുമെന്നാണ് എം.എൽ.എ അറിയിച്ചിരുന്നത്. അതുവരെ തത്‌സ്ഥിതി തുടരണമെന്നും ദേശീയപാതാ അതോറിറ്റി പ്രതിനിധികളും കരാർ കമ്പനി അധികൃതരും പങ്കെടുത്ത യോഗത്തിൽ തീരുമാനിച്ചതായിരുന്നു. സർവകക്ഷിയോഗത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പഞ്ചായത്ത് പ്രസിഡന്റുമാരും ജനകീയ സമിതി ഭാരവാഹികളും പങ്കെടുത്തിരുന്നു. എന്നാൽ ഇപ്പോൾ പല വാഹന ഉടമകളും ആർ.സി ബുക്കിന്റെ പകർപ്പും മറ്റു രേഖകളും ടോൾ ബൂത്തിൽ ഏല്പിക്കുന്നുണ്ട്. രേഖകൾ നൽകിയില്ലെങ്കിൽ നാളെ മുതൽ സൗജന്യ പാസ് അനുവദിക്കില്ലെന്ന ടോൾ കമ്പനിയുടെ ഭീഷണിയാണ് കാരണം. വിഷയത്തിൽ കൂട്ടായ തീരുമാനത്തോടെ നീങ്ങാൻ എം.എൽ.എ ഇടപ്പെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |