പാലക്കാട്: നഗരസഭയുടെ കൂട്ടുപാതയിലുള്ള ട്രഞ്ചിംഗ് ഗ്രൗണ്ടിലെ ബയോമൈനിംഗിലൂടെ തരംതിരിച്ച മാലിന്യത്തിന്റെ നീക്കം അതിവേഗം പുരോഗമിക്കുന്നു. പുനരുപയോഗ സാദ്ധ്യതയില്ലാത്ത 13,253 ടൺ മാലിന്യമാണ് നാളിതുവരെയായി നീക്കം ചെയ്തത്. ഇനി 85000 ത്തോളം ടൺ മാലിന്യമാണ് തരംതിരിച്ച് നീക്കം ചെയ്യാനുള്ളത്. ആകെ ഒരുലക്ഷം ടണ്ണോളം മാലിന്യമുണ്ട് ട്രഞ്ചിംഗ് ഗ്രൗണ്ടിൽ. സ്വകാര്യ കമ്പനിയായ എസ്.എം.എസിനാണ് മാലിന്യനീക്കത്തിന്റെ ചുമതല. മേയ് മാസത്തിന് മുമ്പ് മാലിന്യനീക്കം പൂർത്തിയാക്കാനാണ് കരാർ കമ്പനിക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. ഇതിനായി പ്രതിദിനം വേർതിരിക്കുന്ന മാലിന്യത്തിന്റെ തേത് ഉയർത്താൻ നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.സ്മിതേഷ് പറഞ്ഞു. പ്രതിദിനം 400 ടൺ മാലിന്യം നതരംതിരിച്ച് മാറ്റണമെന്നാണ് വ്യവസ്ഥ. നിലവിൽ 250-300 ടൺ വരെ തരംതിരിക്കുന്നുണ്ട്. 16 കോടി രൂപ ചെലവഴിച്ചാണ് ട്രെഞ്ചിങ് ഗ്രൗണ്ടിൽ ബയോമൈനിംഗ് നടത്തി മാലിന്യം തരംതിരിച്ച് സംസ്‌കരിക്കുന്നത്.
1162 ടൺ സിമന്റ് ഫാക്ടറികൾക്ക് കൈമാറി
ഒരു ലക്ഷം ടൺ മാലിന്യത്തിൽ നിന്ന് 13.253 ടൺ വേർതിരിച്ച് കഴിഞ്ഞു. ഇതിൽ 1162 ടൺ മാലിന്യം സംസ്‌കരിക്കുന്നതിനായി സിമന്റ് ഫാക്ടറികൾക്ക് കൈമാറി. വേർതിരിച്ച ബാക്കി മാലിന്യം ഒന്നുകൂടി തരംതിരിച്ച് പരിശോധിച്ച ശേഷം ദോഷകരമായ ഘടകങ്ങൾ ഇല്ലെന്ന് വ്യക്തമായാൽ നിലം നികത്തുന്നതിന് ഉൾപ്പെടെ ഉപയോഗിക്കും.
ജനകീയ കാമ്പെയിൻ ഏറ്റെടുത്ത് ജനം
'മാലിന്യമുക്ത പാലക്കാട്' എന്ന ലക്ഷ്യത്തോടെ പാലക്കാട് നഗരസഭ തുടക്കമിട്ട ജനകീയ കാമ്പെയിൻ ഏറ്റെടുത്ത് പൊതുജനം. കൂട്ടുപാതയിലെ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ആരംഭിച്ച ബയോമൈനിംഗ് പദ്ധതി പ്രവർത്തനങ്ങളെക്കുറിച്ച് മനസിലാക്കാനും മാലിന്യം തരംതിരിക്കുന്നതിന്റെ ആവശ്യകത, മാലിന്യം വലിച്ചെറിഞ്ഞാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ, എൻഫോഴ്സ്‌മെന്റ്, പരാതി പരിഹാര സംവിധാനങ്ങൾ, യൂസർഫീ നൽകേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ചെല്ലാം ബോധവത്കരിക്കാനുമാണ് നഗരസഭ കാമ്പെയിന് തുടക്കമിട്ടത്. നഗരസഭയുടെ ആറ് ഹെൽത്ത് ഡിവിഷനുകളെ അടിസ്ഥാനമാക്കി വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കുന്ന പ്രതിനിധികൾക്ക് ഘട്ടം ഘട്ടമായി ട്രഞ്ചിംഗ് ഗ്രൗണ്ട് സന്ദർശിക്കാൻ സൗകര്യമൊരുക്കുന്നുണ്ട്. 500ലേറെ ആളുകൾ ഇതിനോടകം ഇവിടം സന്ദർശിച്ചു കഴിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |