പാലക്കാട്: റെയിൽവേ സ്റ്റേഷൻ കൗണ്ടറിൽ പോകാതെ ടിക്കറ്റെടുക്കുന്ന മൊബൈൽ ആപ്പ് അൺ റിസർവ്ഡ് ടിക്കറ്റിംഗ് സിസ്റ്റം(യു.ടി.എസ്) വഴി ടിക്കറ്റ് എടുക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധന. എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് ജനറൽ ടിക്കറ്റുകൾ, സീസൺ ടിക്കറ്റ്, പ്ലാറ്റ്‌ഫോം ടിക്കറ്റ് എന്നിവയെല്ലാം ആപ്പിലൂടെ എടുക്കാൻ സൗകര്യം ലഭിച്ചതോടെയാണ് യു.ടി.എസ് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചത്. ആകെ ജനറൽ യാത്രക്കാരിൽ പാലക്കാട് ഡിവിഷനിൽ 10.5 ശതമാനം പേരും ആപ്പ് വഴി ടിക്കറ്റ് എടുത്താണ് യാത്ര ചെയ്തിരിക്കുന്നതെന്ന് റെയിൽവേ പറയുന്നു. കൗണ്ടറിൽ നിന്ന് വിറ്റ് പോയത് 60.5 ശതമാനം ടിക്കറ്റുകൾ മാത്രമാണ്.
പ്രധാന സ്റ്റേഷനുകളിൽ സ്ഥാപിച്ചിരിക്കുന്ന വെൻഡിംഗ് മെഷീനുകളിൽ നിന്ന് ടിക്കറ്റ് എടുത്തവരുടെ എണ്ണത്തിലും ഒരു വർഷത്തിൽ 4 ശതമാനത്തിലധികം വർദ്ധനയുണ്ട്. ആപ്പിൽ ടിക്കറ്റ് എടുക്കുന്നതു കൂടിയതോടെ കൗണ്ടറിൽ നിന്നുള്ള ടിക്കറ്റ് വിൽപന 30 ശതമാനം കുറഞ്ഞതായാണ് കണക്കുകൾ പറയുന്നത്. പാലക്കാട് ഉൾപ്പെടെയുള്ള പ്രധാന ജനത്തിരക്കുള്ള സ്റ്റേഷനുകളിൽ വെൻഡിംഗ് മെഷീനുകളുടെ എണ്ണവും നിലവിൽ വർദ്ധിപ്പിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ സീസൺ ടിക്കറ്റുകളും ആപ്പ് വഴിയാണ് യാത്രക്കാർ തിരഞ്ഞെടുക്കുന്നത്. റെയിൽവേ സ്റ്റേഷന്റെ 25 കിലോമീറ്റർ പരിധിക്കകത്ത് നിന്ന് ടിക്കറ്റ് എടുക്കണം എന്നത് ആപ്പിൽ നിന്ന് ഒഴിവാക്കിയതോടെയാണ് കൂടുതൽ യാത്രക്കാർ ആപ്പുകളെ ഉപയോഗപ്പെടുത്തിയത്. ദീർഘദൂര യാത്ര നടത്തുന്നവരിൽ 70 ശതമാനം പേരും ആപ്പുകൾ വഴിയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്. സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് ടിക്കറ്റ് എടുക്കാനുള്ള സംവിധാനവും നിലവിലുണ്ട്. ഐ.ആർ.സി.ടി.സിക്ക് പുറമേ മറ്റ് ടിക്കറ്റ് ബുക്കിംഗ് ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വർദ്ധനയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |