
പാലക്കാട്: സംസ്ഥാനത്ത് ചൂട് കൂടി, അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നു. വേനലാകും മുന്നേ ജലക്ഷാമം രൂക്ഷമാകുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ. ജില്ലയിലെ പ്രധാന ജലസ്രോതസായ മലമ്പുഴ അണക്കെട്ടിൽ കഴിഞ്ഞ നവംബർ ആദ്യവാരത്തിൽ ജലനിരപ്പ് 115.03 മീറ്ററിലെത്തിയിരുന്നു. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ടായ മലമ്പുഴ അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 115.06 മീറ്റർ എന്നിരിക്കെ കഴിഞ്ഞയാഴ്ചത്തെ ജലനിരപ്പ് 112.56 മീറ്ററാണ്. നിലവിൽ മലമ്പുഴ അണക്കെട്ടിൽ നിന്നും കുടിവെള്ളത്തിന് പുറമേ കാർഷികാവശ്യത്തിനും വെള്ളം തുറന്നു വിട്ടിട്ടുണ്ട്. ആകെയുള്ള വെള്ളത്തിന്റെ അളവ് 100 ൽ നിന്നും 74 ശതമാനമായിട്ടുണ്ടെങ്കിലും വൈദ്യുതി ഉത്പാദനവും നടക്കുന്നുണ്ട്. ഡിസംബർ മാസം കഴിഞ്ഞതോടെ താപനില ഉയരുന്നതിനാൽ ജില്ലയിൽ മലമ്പുഴയ്ക്ക് പുറമെ മറ്റുള്ള അണക്കെട്ടുകളിലും ജലനിരപ്പ് താഴുന്നു തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനാതിർത്തിയിലെ വാളയാർ അണക്കെട്ടിൽ 200.67 മീറ്ററും മീങ്കര അണക്കെട്ടിൽ 155.87 മീറ്ററും കാഞ്ഞിരപ്പുഴയിൽ 97.01 മീറ്ററും മംഗലം അണക്കെട്ടിൽ 75.07 മീറ്ററും ചുള്ളിയാറിൽ 151.64 മീറ്റർ വെള്ളവുമാണുള്ളത്. ഇതേ അണക്കെട്ടുകളിൽ കഴിഞ്ഞ നവംബറിൽ യഥാക്രമം 202.51, 156.26, 96.27, 77.81, 153.77 മീറ്റർ ജലനിരപ്പുണ്ടായിരുന്നു. പാലക്കാട് നഗരസഭയിലേക്കും സമീപത്തെ ആറു പഞ്ചായത്തുകളിലേക്കും മലമ്പുഴ അണക്കെട്ടിൽനിന്നും ജലവിതരണം നടത്തുന്നുണ്ട്. തെക്കുപടിഞ്ഞാറൻ മൺസൂൺ കൂടി അവസാനിച്ചതോടെ ഇനി ഇടവപ്പാതിയും വേനൽമഴയുമാണ് ആശ്രയം.
ജനുവരി മുതൽ തുടങ്ങുന്ന വേനക്കാലം മാർച്ച് ഏപ്രിൽ മാസങ്ങളിൽ കത്തിയെരിയുന്ന വേനലിലേക്ക് വഴി മാറുമ്പോൾ ഇക്കാലയളവിൽ മഴകൂടി ലഭിച്ചില്ലെങ്കിൽ അണക്കെട്ടുകളിലെ ജലനിരപ്പ് ഗണ്യമായി താഴുന്നതിനാൽ വരാനിരിക്കുന്ന വേനൽക്കാലം കുടിവെള്ളം മുട്ടുമോയെന്നതും ആശങ്കാജനകമാണ്.
സ്ഥിതി ആശങ്കാജനകം
അണക്കെട്ടുകളിൽ നിലവിൽ 75 ശനമാനത്തോളം വെള്ളമുണ്ടെങ്കിലും വേനൽ കടുത്ത സാഹചര്യത്തിൽ കാർഷികാവശ്യത്തിനും കുടിവെള്ളമാവശ്യമുള്ളതിനാൽ സ്ഥിതി ആശങ്കാജനകമാണ്. കഴിഞ്ഞവർഷം അളവിൽ കൂടുതൽ മഴ ലഭിച്ച സാഹചര്യത്തിൽ മലമ്പുഴ, വാളയാർ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നിരുന്നു. അണക്കെട്ടുകളിൽ മണ്ണും ചെളിയും അടിയുന്നതുമൂലം സംഭരണശേഷിയെ സാരമായി ബാധിക്കുന്നുണ്ടെങ്കിലും വാളയാർ അണക്കെട്ടിൽ മണലെടുപ്പ് പ്രവൃത്തികൾ നടത്തിയിരുന്നു. മലമ്പുഴ അണക്കെട്ടിൽ നിന്നും വിതരണം ചെയ്യുന്ന വെള്ളം മാട്ടുമന്ത, കൽമണ്ഡപം എന്നിവിടങ്ങളിലെ ടാങ്കുകളിലെത്തിച്ച് ശുദ്ധീകരിച്ചാണ് കുടിവെള്ളത്തിനായെത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |