
തിരുവനന്തപുരം: നിയന്ത്രിക്കേണ്ടവർ തന്നെ പി.എസ്.സിയെ താറുമാറാക്കിയെന്നും ചങ്ങലയ്ക്ക് ഭ്രാന്തുപിടിച്ച അവസ്ഥയിലായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ സ്ഥാപനമെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. പി.എസ്.സി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ശിക്ഷക് സദനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമന വിവാദവുമായി ബന്ധപ്പെട്ട കേസിൽ അംഗങ്ങൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ മടിക്കുന്നത് ഭയം മൂലമാണെന്നും ഭയപ്പെടാനില്ലെങ്കിൽ കേസിനെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു. പി.എസ്.സിയുടെ വിശ്വാസ്യത വീണ്ടെടുക്കുകയാണ് ഈ സർക്കാരിന്റെ ലക്ഷ്യമെന്നും പി.എസ്.സിയെ സ്വതന്ത്ര സ്ഥാപനമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പുതുതായി സംഘടനയിലെത്തിയവരെ മന്ത്രി ഷാൾ അണിയിച്ച് സ്വീകരിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ.സുഭാഷ് ചന്ദ്രൻ അദ്ധ്യക്ഷനായി.
ഡോ.കെ.ജി.അടിയോടി സ്മാരക എൻഡോവ്മെന്റ് ക്യാഷ് അവാർഡ് ദാനം മന്ത്രി ബിന്ദുകൃഷ്ണ നിർവഹിച്ചു. എം.എൽ.എമാരായ എം.വിൻസെെന്റ്, അബിൻ വർക്കി,അഡ്വ.എം.ആർ.ബൈജു,വിവിധ സംഘടനാ നേതാക്കൾ എന്നിവർ സംസാരിച്ചു. എസ്.അജിത്കുമാർ സ്വാഗതവും വി.സൂരജ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |