കൊച്ചി: എറണാകുളം സിനഗോഗ് ആക്രമണത്തിന്റെ ആസൂത്രകനായ പാകിസ്ഥാനി 'ബോസ്' പ്രതി എബിൻ ബി. പോളിന് (32) ആയുധങ്ങൾ എത്തിച്ചുനൽകാൻ നീക്കം നടത്തി. രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങൾ ആക്രമിക്കാനായിരുന്നു ഇത്. ആയുധം വാങ്ങുന്നതിനെക്കുറിച്ച് ഇവർ നടത്തിയ ചാറ്റുകൾ എബിന്റെ ഫോണിൽ പൊലീസ് കണ്ടെത്തി.
ആയുധം വാങ്ങാനുള്ള ഓൺലൈൻ ലിങ്കും 'ബോസ് " നൽകി. എറണാകുളം മാർക്കറ്റിലെ കടവുംഭാഗം സിനഗോഗ് കത്തിക്കാൻ 10 ലക്ഷം രൂപയായിരുന്നു വാഗ്ദാനം. മുൻകൂറായി രണ്ടു ലക്ഷം നൽകി. യു.പി, ഡൽഹി, മുംബയ്, അമൃത്സർ എന്നിവിടങ്ങളിലായിരുന്നു അടുത്ത ടാസ്ക്കുകൾ. ഇതിനുവേണ്ടിയാകാം ആയുധം എത്തിക്കാൻ ബോസ് ഒരുങ്ങിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.
പ്രതിയുടെ ഫോണിലെ ടെലിഗ്രാം ആപ്പിൽ കണ്ടെത്തിയ ആശയവിനിമയങ്ങളിൽ ജൂത ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള ലക്ഷ്യങ്ങളെക്കുറിച്ച് പരാമർശങ്ങളുണ്ട്. ബോസിന്റെ വിവരങ്ങൾ ആവശ്യപ്പെട്ട് ടെലിഗ്രാമിന് നോട്ടീസ് നൽകുമെന്ന് സിറ്റി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
മൂവാറ്റുപുഴയിലെ കാർ ഷോറൂം തീവയ്പിനു മുമ്പും എബിൻ സമാനമായ മറ്റൊരു കൃത്യം നടത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാര്യം എബിൻ വെളിപ്പെടുത്തിയിട്ടില്ല.
ഇയാൾ ബോസിലേക്ക് എത്തിയതിനെക്കുറിച്ചുള്ള സാദ്ധ്യതകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. എബിന്റെ വീട്ടിൽ കണ്ടെത്തിയ മയക്കുമരുന്നു ശേഖരം സംബന്ധിച്ചും അന്വേഷണമുണ്ടാകും.
ബോസിലേക്കുള്ള സാദ്ധ്യതകൾ
1. പ്രതി കുറച്ചുനാൾ കാനഡയിൽ ഉണ്ടായിരുന്നു. അവിടെവച്ച് തീവ്രവാദ ഗ്രൂപ്പുകളുമായി അടുത്തു. ബന്ധം ബോസിലേക്കെത്തി. നാട്ടിലെത്തിയ ശേഷവും അത് തുടർന്നു
2. നിരോധിത അശ്ലീല സൈറ്റുകൾ എബിൻ പതിവായി സന്ദർശിച്ചിരുന്നു. ലൈവ് വീഡിയോ കാളിംഗിൽ കുരുക്കി ബ്ലാക്മെയിലിംഗിലൂടെ കുറ്റകൃത്യം ചെയ്യിപ്പിക്കുന്നതാകാം.
3. പുനെയിൽ ഡിസൈനിംഗ് കോഴ്സിന് പഠിക്കുമ്പോഴാണ് ലഹരി ഇടപാടുകാരിലേക്ക് അടുക്കുന്നത്. ലഹരി വാങ്ങാൻ ടെലിഗ്രാംവഴിയുള്ള സൗഹൃദങ്ങളാകാം ബോസിലേക്ക് എത്തിച്ചത്.
എൻ.ഐ.എ ഏറ്റെടുത്തേക്കും
തീവയ്പ് കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുത്തേക്കും. രാജ്യാന്തര തീവ്രവാദ ബന്ധവും ക്രിപ്റ്റോകറൻസി ഫണ്ടിംഗും സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. എബിനെ ഐ.ബി, എൻ.ഐ.എ, റോ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അരുൺ കെ. പവിത്രന്റെ മേൽനോട്ടത്തിൽ സെൻട്രൽ അസിസ്റ്റന്റ് കമ്മിഷണർ സിബി ടോമിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |