SignIn
Kerala Kaumudi Online
Friday, 23 October 2026 2.45 AM IST

മാലിന്യം തള്ളുന്നവരെ പിടികൂടാൻ ദേശീയപാതയിൽ കാമറ സ്ഥാപിക്കും

road
വാളയാ‌ർ-പാലക്കാട് ദേശീയ പാതയരുകിലെ മാലിന്യകൂമ്പാരം

കഞ്ചിക്കോട്: വാളയാർ-പാലക്കാട് ദേശീയ പാതയുടെ ഓരങ്ങളിൽ മാലിന്യം തള്ളുന്നത് തടയാൻ പുതുശ്ശേരി പഞ്ചായത്ത് കർശന നടപടിക്ക് ഒരുങ്ങുന്നു. ദേശീയ പാതയിൽ പഞ്ചായത്ത് പരിധിയിൽപ്പെടുന്ന ഭാഗങ്ങൾ നിരീക്ഷിക്കാൻ സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. റോഡരികിലും മറ്റും മാലിന്യം തള്ളുന്നവരെ കാമറയുടെ സഹായത്തോടെ കണ്ടെത്തി പിഴ ചുമത്താനാണ് പരിപാടി.
മറ്റ് സ്ഥലങ്ങളിലുള്ളവർ രാത്രി കാലങ്ങളിൽ ദേശീയ പാതയരുകിൽ മാലിന്യം കൊണ്ടിടുന്നത് ഏറെ കാലമായി പഞ്ചായത്തിന് തലവേദന സൃഷ്ടിക്കുകയാണ്. ദേശീയ പാതയിൽ കുരുടിക്കാട് മുതൽ കഞ്ചിക്കോട് വരെ റോഡിന് ഇരുവശവും മാലിന്യക്കൂമ്പാരമാണ്. പഞ്ചായത്ത് മാലിന്യം നീക്കം ചെയ്യും. ഇതിനു പിന്നാലെ സാമൂഹ്യ വിരുദ്ധർ വീണ്ടും മാലിന്യം കൊണ്ടുവന്നു തള്ളും. മാലിന്യം കൊണ്ടിടുന്നവരെ കണ്ടെത്തി ശിക്ഷിച്ചാൽ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയുകയുള്ളൂ എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നത്. ദേശീയപാതയും സർവ്വീസ് റോഡും പഞ്ചായത്തിന്റെ അധീനതയിൽ അല്ലെങ്കിലും പുതുശ്ശേരി പഞ്ചായത്തിന് നടുവിലൂടെയാണ് ദേശീയ പാത കടന്നു പോകുന്നത്. അതിനാൽ ഇവിടുത്തെ മാലിന്യക്കൂമ്പാരം പഞ്ചായത്തിന് വലിയ തലവേദനയാണ്. മാലിന്യ നിർമ്മാർജ്ജനം കാര്യക്ഷമമായി നടപ്പാക്കുന്ന പുതുശ്ശേരിക്ക് ക്ലീൻ പഞ്ചായത്ത് ആകുന്നതിനുള്ള ഏക തടസം ദേശീയ പാതയിലെ മാലിന്യക്കൂമ്പാരമാണ്. അതു കൊണ്ടാണ് തങ്ങളുടെ പരിധിയിൽ വരാത്ത കാര്യമായിട്ടും ഉത്തരവാദിത്വം ഏറ്റെടുക്കാൻ പഞ്ചായത്ത് തയ്യാറെടുക്കുന്നത്. പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടും ദേശീയപാതാ അതോറിറ്റിയോ പൊതുമരാമത്ത് വകുപ്പോ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് നേരിട്ട് രംഗത്തിറങ്ങുന്നത്.

സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്ന പഞ്ചായത്ത് പ്രധാന സ്ഥലങ്ങളിലെല്ലാം ജൈവ മാലിന്യങ്ങൾ സംഭരിക്കാൻ ബയോ ബിൻ സ്ഥാപിക്കുന്നുണ്ട്. ബോട്ടിലുകളും മറ്റ് പ്ലാസ്റ്റിക് വസ്തുക്കളും ശേഖരിക്കാൻ പ്രത്യേക ബിന്നുകളും സ്ഥാപിക്കും. കാമറകൾ സ്ഥാപിച്ച് ദേശീയപാതയിലെ മാലിന്യം തള്ളലിന് കൂടി പരിഹാരമുണ്ടാക്കി ക്ലീൻ പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് പഞ്ചായത്ത് അധികൃതരുടെ പ്രതീക്ഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, WASTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL