SignIn
Kerala Kaumudi Online
Wednesday, 10 June 2026 6.29 AM IST

മലമ്പുഴയിൽ ത്രികോണപ്പോര്; വി.എസ് ശിഷ്യർ നേർക്ക് നേർ

malampuzha
മലമ്പുഴ നിയോജക മണ്ഡലം മാപ്പ്.

മലമ്പുഴ: തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞപ്പോൾ മലമ്പുഴ നിയോജക മണ്ഡലം ത്രികോണ മത്സരത്തിലേക്ക്. ഇടതുമുന്നണി സ്ഥാനാർത്ഥിയായി നിലവിലെ എം.എൽ.എ ആയ സി.പി.എം നേതാവ് എ.പ്രഭാകരനും എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാറും യു.ഡി.എഫ് സ്ഥാനാർത്ഥിയായി വി.എസ്.അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന എ.സുരേഷും ആണ് മത്സരിക്കുന്നത്. കോൺഗ്രസ് അംഗത്വമെടുത്ത സുരേഷ് കൈ ചിഹ്നത്തിൽ മത്സരിക്കാൻ തയ്യാറായതോടെയാണ് തൃകോണ മത്സരത്തിന് കളമൊരുങ്ങിയത്. സുരേഷ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചാൽ കോൺഗ്രസ് വോട്ടുകൾ ബി.ജെ.പി.യിലേക്ക് ചോരുമെന്ന ആശങ്ക കോൺഗ്രസ് പ്രാദേശിക നേതാക്കൾ തന്നെ പങ്ക് വെച്ചിരുന്നു.
വി.എസ്.അച്യുതാനന്ദന്റെ ആത്മാവ് നിറഞ്ഞ് നിൽക്കുന്ന മണ്ഡലത്തിൽ വി.എസിന്റെ ഇടവും വലവും നിന്ന രണ്ട്‌പേർ മത്സരിക്കുന്നുവെന്ന സവിശേഷതയും ഇത്തവണ മലമ്പുഴയിലുണ്ട്. വി.എസ്.അച്യുതാനന്ദന്റെ വിശ്വസ്തനായി മലമ്പുഴയിൽ നിറഞ്ഞ് നിന്നയാളാണ് എ.പ്രഭാകരൻ. വി.എസിന്റെ പ്രതിനിധിയായി ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തിരുന്നതും എ.പ്രഭാകരനായിരുന്നു. എ.സുരേഷ് ആണെങ്കിൽ നിഴൽപോലെ വി.എസിനൊപ്പം ഉണ്ടായിരുന്ന പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു. വി.എസിനെ സ്‌നേഹിക്കുന്ന ജനതയുടെ മുമ്പിലേക്കാണ് വി.എസ് അനുയായികൾ നേരിട്ട് ഏറ്റുമുട്ടാനെത്തുന്നത്.
തിരഞ്ഞെടുപ്പ് ഉണ്ടായ കാലം മുതൽ സി.പി.എമ്മിനെ മാത്രം വിജയിപ്പിച്ച മണ്ഡലത്തിൽ മറിച്ചൊരു ജനവിധി സി.പി.എം പ്രതീക്ഷിക്കുന്നില്ല. സംസ്ഥാന സർക്കാരും എം.എൽ.എയും നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് സി.പി.എം വോട്ടർമാരെ അഭിമുഖീകരിക്കുന്നത്. അതേസമയം അടിസ്ഥാന വിഭാഗങ്ങൾക്ക് പ്രയോജന പ്രദമാകുന്ന വികസനം മണ്ഡലത്തിൽ എത്തിയിട്ടില്ലെന്നാണ് ബി.ജെ.പിയും കോൺഗ്രസും ആരോപിക്കുന്നത്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും ലോക്‌സഭാ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ രണ്ടാം സ്ഥാനത്ത് ആണെന്നത് കോൺഗ്രസിന് പ്രതീക്ഷ നൽകുന്ന ഘടകമാണ്. പാർട്ടി വോട്ടിനൊപ്പം സുരേഷ് സമാഹരിക്കുന്ന സി.പി.എം വോട്ടുകൂടി ചേർന്നാൽ അത്ഭുതം സൃഷ്ടിക്കാനാവുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. വി.എസ് ഫാക്ടർ സുരേഷിന്റെ വോട്ട് വർദ്ധിപ്പിക്കുമെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നു. കൈ ചിഹ്നത്തിൽ മത്സരിക്കുന്ന സുരേഷിന് വി.എസിന്റെ പേര് പറഞ്ഞ് ഒരൊറ്റ സി.പി.എം വോട്ട്‌പോലും ചോർത്താനാവില്ലെന്നാണ് സി.പി.എം വിലയിരുത്തൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL