SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.28 AM IST

മണ്ണാർക്കാട് പോരാട്ടം കനക്കുന്നു

mannarkkad
മണ്ണാർക്കാട് നിയോജക മണ്ഡലം മാപ്പ്

മണ്ണാർക്കാട്: രാഷ്ട്രീയ നിരീക്ഷകർ ഏറെ ഉറ്റുനോക്കുന്ന മണ്ണാർക്കാട് മണ്ഡലത്തിൽ തീപാറും പോരാട്ടത്തിനു കളമൊരുങ്ങി. എൽ.ഡി.എഫ് ഇത്തവണ രംഗത്തിറക്കിയ ഇടതുസഹ യാത്രികൻ മൻസിൽ അബൂബക്കറും യു.ഡി.എഫ് സ്ഥാനാർത്ഥി മുസ് ലിം ലീഗ് നേതാവും നിലവിലെ എം.എൽ.എ.യുമായ എൻ.ഷംസുദ്ദീനും പ്രചാരണം ഊ‌ർജിതമാക്കി. എൻ.ഡി.എ.സഖ്യത്തിനുവേണ്ടി ബി.ഡി.ജെ.എസിലെ ഐസക് വർഗീസും സജീവമായി. സ്ഥാനാർത്ഥികളും നേതാക്കളും പ്രവർത്തകരുമെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ്. എൻ.ഡി.എ സ്ഥാനാർത്ഥി ഒഴികെയുള്ള മറ്റു മുന്നണി സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കലും പൂർത്തിയായി.15 വർഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എൻ.ഷംസുദ്ദീനെ മത്സരരംഗത്തിറക്കിയ യു.ഡി.എഫ്. തുടർവിജയം മാത്രമാണ് ലക്ഷ്യമിടുന്നത്. മണ്ഡലത്തിലെ പരിചിത മുഖമെന്ന നിലയിൽ മറ്റു പരിചയപ്പെടുത്തലുകളുടെ ആവശ്യവും യു.ഡി.എഫ് സ്ഥാനാർത്ഥിക്കില്ല. അതേസമയം മൻസിൽ അബൂബക്കറും ഐസക് വർഗ്ഗീസും പുതുമുഖങ്ങളാണെന്നതിനാൽ മണ്ഡലത്തിന്റെ വിവിധഭാഗങ്ങളിലൂടെ വോട്ടർമാരെ നേരിൽകണ്ട് വോട്ടഭ്യർഥിച്ചുള്ള ആദ്യഘട്ട പ്രചാരണ പരിപാടികളിലാണ് കൂടുതലും ശ്രദ്ധിക്കുന്നത്. അട്ടപ്പാടി മേഖലകളിലൂടെയും സ്ഥാനാർത്ഥികളുടെ പ്രചാരണം തുടങ്ങി കഴിഞ്ഞു. മണ്ണാർക്കാട് പട്ടണത്തിൽ ഇരുമുന്നണികളും റോഡ് ഷോകളും നടത്തി. എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനുകളും നടത്തിക്കഴിഞ്ഞു. മണ്ണാർക്കാട്-അട്ടപ്പാടി റോഡ് ഉടൻ നവീകരിച്ച് യാത്രാദുരിതത്തിന് പരിഹാരം കാണുമെന്നും അലനല്ലൂർ പഞ്ചായത്തിലെ കണ്ണംകുണ്ട് പാലം നിർമാണവുമെല്ലാം എൽ.ഡി.എഫ്. സ്ഥാനാർത്ഥിയുടെ വാഗ്ദാനങ്ങളിലുണ്ട്. മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവൃത്തികളുടെ പേരിലാണ് എൻ.ഷംസുദ്ദീൻ വോട്ടഭ്യർഥിക്കുന്നത്. മാറിവന്ന ജനപ്രതിനിധികൾ മണ്ണാർക്കാട് മണ്ഡലത്തിൽ വികസന മുരടിപ്പാണ് സൃഷ്ടിച്ചിട്ടുള്ളതെന്നാണ് എൻ.ഡി.എയുടെ ആക്ഷേപം. കേന്ദ്രപദ്ധതികൾ കൊണ്ടുവന്ന് മണ്ഡലത്തിൽ വികസന പ്രവൃത്തികൾ കാഴ്ചവെക്കുമെന്നും എൻ.ഡി.എ വോട്ടർമാർക്ക് ഉറപ്പു നൽകുന്നു. ഇടതിനും വലതിനും ചായ്വുള്ള മണ്ണാർക്കാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ വിജയിച്ചിട്ടുള്ളത് എൽ.ഡി.എഫ് ആണ്. ഒമ്പതുതവണ. ഏഴുതവണ യു.ഡി.എഫും വിജയിച്ചു. എൻ.ഡി.എ ഒരുതവണപോലും അക്കൗണ്ട് തുറന്നിട്ടില്ല. അതേസമയം ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും എൻ.ഡി.എയുടെ വോട്ടുവർധനവ് മുന്നണിക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL